Advertisement
World News
നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ചു; കമല്‍ അദ്‌വാന്‍ ആശുപത്രിയിലെ റെയ്ഡിനിടെയുണ്ടായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഫലസ്തീന്‍ വനിത
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Tuesday, 14th January 2025, 2:48 pm

ഗസ: വടക്കന്‍ ഗസയിലെ അവസാന അശുപത്രിയായ കമല്‍ അദ്‌വാന്‍ ആശുപത്രിയില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ റെയ്ഡില്‍ നേരിട്ട ക്രൂരതകള്‍ വിവരിച്ച് ഫല്‌സ്തീനിയന്‍ വനിത മറിയം അല്‍ മുഖയാദ്. ആശുപത്രിയിലെ റെയ്ഡിനിടെ തന്റെ വസ്ത്രങ്ങള്‍ അഴിക്കാന്‍ ഇസ്രഈല്‍ സൈന്യം പറഞ്ഞതായി മറിയം അല്‍ മുഖയാദ് വെളിപ്പെടുത്തി.

പുരുഷന്മാരോട് അടിവസ്ത്രങ്ങള്‍ അഴിച്ചുമാറ്റാനും സ്ത്രീകളോട് ശിരോവസ്ത്രങ്ങള്‍ നീക്കം ചെയ്യാനും ഇസ്രഈല്‍ സൈന്യം ഉത്തരവിട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. റെയ്ഡിന്റെ സമയത്ത് പല സ്ത്രീകളെയും പെണ്‍കുട്ടികളെയും വസ്ത്രം അഴിച്ച് മാറ്റാനും സൈന്യം നിര്‍ബന്ധിച്ചതായും അല്‍ മുഖയാദ് കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ഹിജാബുകള്‍ നീക്കം ചെയ്യാന്‍ വിസമ്മതിച്ചു, അതിനാല്‍ അവര്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. 20 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളോട് ഒറ്റയ്ക്ക് ഗസയുടെ തെക്കന്‍ ഭാഗത്തേക്ക് പോകാന്‍ സൈന്യം നിര്‍ദ്ദേശിച്ചു. പക്ഷേ അവരുടെ കുടുംബങ്ങള്‍ അതിന് സമ്മതിച്ചില്ല. തുടര്‍ന്ന് അവര്‍ നിരവധി സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു,’ മുഖയാദ് പറഞ്ഞു.

തന്റെ മുന്നില്‍വെച്ച് 13 വയസ്സുള്ള ഫലസ്തീന്‍ പെണ്‍കുട്ടിയുടെ മുടിയില്‍ വലിച്ചിഴച്ച് കൊണ്ടുപോയ രംഗവും മുഖയാദ് ഓര്‍ത്തെടുത്തു. കഴിഞ്ഞ മാസം കമാല്‍ അദ്‌വാന്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിനിടെ ഡസന്‍ കണക്കിന് ഫലസ്തീന്‍ സ്ത്രീകളേയും പെണ്‍കുട്ടികളോയും ഇസ്രഈല്‍ സൈന്യം ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മൂന്ന് മാസത്തോളമായി ആശുപത്രിക്ക് നേരെ ഇസ്രഈല്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ ആശുപത്രയിലേക്കുള്ള മരുന്ന്, ഭക്ഷണം എന്നീ സേവനങ്ങള്‍ സൈന്യം തടഞ്ഞിരുന്നു. ആശുപത്രിക്ക് നേരെ കനത്ത ബോംബാക്രമണവും സൈന്യം നടത്തിയിരുന്നു.

ആശുപത്രിയിലെ ഐ.സി.യു അടക്കം വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ അഗ്നിക്കിരയാക്കിയ സൈന്യം നിരവധി രോഗികളെയും മെഡിക്കല്‍ ജീവനക്കാരെയും നിര്‍ദയം കൊന്നു.

കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ആശുപത്രി ഡയറക്ടറായ അബു സഫിയയെ ഇസ്രഈല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് ശേഷം ആരും തന്നെ അബു സഫിയയെ കണ്ടിട്ടില്ല.

അവസാനമായി അദ്ദേഹത്തിന്റെതായി പുറത്തുവന്ന ഫോട്ടോയില്‍ അദ്ദേഹം ഇസ്രഈല്‍ ടാങ്കറുകള്‍ക്ക് നേരെ നടന്നടുക്കുകയായിരുന്നു. അബു സഫിയയെ ഇസ്രഈലിലെ കുപ്രസിദ്ധമായ സ്ഡേ ടെയ്മാന്‍ ജയിലിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അബു സഫിയ ഹമാസ് പ്രവര്‍ത്തകന്‍ ആണെന്നാരോപിച്ചായിരുന്നു ഇസ്രഈല്‍ സൈന്യത്തിന്റെ അറസ്റ്റ്.

കമല്‍ അദ്‌വാന്‍ ഹോസ്പിറ്റലിനു നേരെ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ മൂന്ന് മാസമായി അബു സഫിയ വീഡിയോകളിലൂടെ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. രോഗികളുടെയും മെഡിക്കല്‍ സ്റ്റാഫുകളുടെയും ജീവന്‍ അപകടത്തിലാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.

ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഒക്ടോബര്‍ അവസാനത്തില്‍, അബു സഫിയയുടെ മകന്‍ നേരത്തെ ഇസ്രഈലി സൈനികര്‍ ആശുപത്രിയില്‍ നടത്തിയ റെയ്ഡിന്റെ ഫലമായി കൊല്ലപ്പെട്ടിരുന്നു. ഒരു മാസത്തിനുശേഷം, ആശുപത്രി സമുച്ചയത്തിന് നേരെ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അദ്ദേഹത്തിനും പരിക്കേറ്റിരുന്നു.

Content Highlight: Palestinian women tells Israeli sexual assaults in Kamal Adwan Hospital raid