പാലായില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു
Pala Bypoll
പാലായില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th September 2019, 8:03 am

പാലാ: പാലാ നിയമസഭാ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പാലാ കാര്‍മെല്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വോട്ടെണ്ണല്‍. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ ലഭിച്ചു തുടങ്ങും. പൂര്‍ണ ഫലം ഉച്ചയോടെ അറിയാന്‍ സാധിക്കും.

സര്‍വേകളില്‍ മുന്‍തൂക്കമുള്ളത് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിനാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ മൂന്നുതവണ കെ.എം മാണിയോടു മത്സരിച്ചിട്ടുണ്ട്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.

മൂന്നു മുന്നണികളും വലിയ പ്രതീക്ഷയിലാണ്. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ രാമപുരം പഞ്ചായത്താവും ആദ്യം എണ്ണുക. ഇടതു മുന്നണിയുടെ ശക്തികേന്ദ്രമായ എലിക്കുളം പഞ്ചായത്താവും അവസാനം എണ്ണുക. ആദ്യ അരമണിക്കൂറില്‍ 14 സര്‍വീസ് വോട്ടുകളും 15 പോസ്റ്റല്‍ വോട്ടുകളുമായിരിക്കും എണ്ണുക.

ആകെ 12 പഞ്ചായത്തുകളും ഒരു മുനിസിപാലിറ്റിയുമാണ് പാലായിലുള്ളത്. 176 ബൂത്തുകളിലാണ് പോളിങ് നടന്നത്. ആകെ 71 ശതമാനമാണ് പോളിങ് നടന്നത്. വെള്ളാനി ഗവ. എല്‍ പി സ്‌കൂളിലെ 60-ാം നമ്പര്‍ ബൂത്തിലും ഗവ. എല്‍ പി സ്‌കൂളിലെ 147-ാം ബൂത്തിലുമായിരുന്നു ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്.

2016ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ട് 1,39,775 ആയിരുന്നു. അതില്‍ കെ. എം മാണിക്ക് 58,884 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി. സി. കാപ്പന് 54,181 വോട്ടുകളുമാണ് ലഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 24,821 വോട്ടുകളുമാണ് ലഭിച്ചത്. 4,703 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെ.എം മാണി ജയിച്ചത്. കഴിഞ്ഞ രണ്ടു തവണകളിലെ ഫലവുമായി തട്ടിച്ചു നോക്കുമ്പോള്‍ 2016ല്‍ കെ.എം മാണിക്ക് ഭൂരിപക്ഷം കുറഞ്ഞിരുന്നു.