കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലുറച്ച് പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തുമോയെന്ന ആശങ്കയുണ്ടെന്ന് ബിഷപ്പ് പറയുന്നു.
ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
തുറന്നു പറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുതെന്നും തിന്മകള്‍ക്കെതിരെ കൈകോര്‍ത്താല്‍ മതമൈത്രി തകരില്ലെന്നും പാല ബിഷപ്പ് പറയുന്നു.
‘സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നല്‍കുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലൂടെ പഠിക്കണം. തെറ്റുകള്‍ക്കെതിരെ സംസാരിച്ചത് കൊണ്ട് മതമൈത്രി തകരില്ല,’ ലേഖനത്തില്‍ പറയുന്നു.
മതേതരത്വം ഭാരതത്തിന് പ്രിയതരമാണെങ്കിലും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വത്തിന്റേയും പുരോഗമനചിന്തയുടേയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സമുദായത്തെ കാര്‍ന്നുതിന്നുന്ന തിന്മകളെ കുറിച്ച് സംസാരിക്കാന്‍ പാടില്ലത്രേ. മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണംമെന്ന ചോദ്യം പല കോണുകളില്‍ നിന്നുമുയരുന്നു,’ പാല ബിഷപ്പ് പറഞ്ഞു.
സമൂഹത്തിലെ തിന്മകള്‍ക്കെതിരെ മുന്നറിയിപ്പുകള്‍ നല്‍കുമ്പോള്‍ പ്രതിഷേധവും തമസ്‌കരണവുമല്ല വേണ്ടതെന്നും ജാഗ്രതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാല രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.