ന്യൂസിലാന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ മത്സരമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. താരങ്ങളുടെ പ്രകടനം കൊണ്ടോ മത്സരത്തിനിടെ നടന്ന രസകരമായ സംഭവങ്ങളെക്കൊണ്ടോ അല്ല, മറിച്ച് പാകിസ്ഥാന്റെ ടീം സെലക്ഷന്‍ കാരണമാണ് മത്സരം ചര്‍ച്ചയിലേക്കുയര്‍ന്നത്. ടീമിന്റെ വൈസ് ക്യാപ്റ്റനെ ഉള്‍പ്പെടുത്താതെ ഇലവന്‍ പ്രഖ്യാപിച്ചു എന്നത് തന്നെയാണ് ഇതിനുള്ള കാരണവും.
പാക് സൂപ്പര്‍ താരം ഷാന്‍ മസൂദിനെയാണ് ടീമിന്റെ ഉപനായകനായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ആദ്യ മത്സരത്തില്‍ മസൂദ് കളിക്കേണ്ട എന്ന നിലപാടായിരുന്നു ടീം സ്വീകരിച്ചത്. മസൂദ് ഇല്ലാതെയാണ് പാകിസ്ഥാന്‍ കളത്തിലിറങ്ങിയതും മത്സരം സ്വന്തമാക്കിയതും.
ടീമിന്റെ വൈസ് ക്യാപ്റ്റനായി താരത്തെ പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ട് കളിപ്പിച്ചില്ല എന്ന ചോദ്യമാണ് ആരാധകര്‍ പ്രധാനമായും ഉന്നയിക്കുന്നത്.
അതേസമയം, മത്സരത്തില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. മുഹമ്മദ് റിസ്വാന്റെയും ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും ഫഖര്‍ സമാന്റെയും ബാറ്റിങ് കരുത്തിലാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.
കറാച്ചിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ടോസ് നേടിയ ബാബര്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ കിവീസിന് നഷ്ടമായിരുന്നു. എന്നാല്‍ പിന്നാലെയെത്തിയവര്‍ റണ്ണടിച്ചതോടെ ന്യൂസിലാന്‍ഡ് തിരിച്ചുവന്നു. ഡാരില്‍ മിച്ചലും ടോം ലാഥവും ഗ്ലെന്‍ ഫിലിപ്‌സും മൈക്കല്‍ ബ്രേസ്വാളും റണ്ണടിച്ചതോടെ പാകിസ്ഥാന്‍ ചെറുത്തുനിന്നു.
എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ പാക് ബൗളര്‍മാര്‍ കിവീസിനെ വമ്പന്‍ സ്‌കോറിലെത്താന്‍ സാധിക്കാതെ തളച്ചിട്ടു. ഒടുവില്‍ നിശ്ചിത ഓവറില്‍ 255ന് ഒമ്പത് എന്ന നിലയില്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഫഖര്‍ സമാന്‍ മികച്ച തുടക്കമാണ് നല്‍കിയത്. സഹ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ ആറാം ഓവറില്‍ നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ ക്യാപ്റ്റനെ കൂട്ടുപിടിച്ച് സമാന്‍ അടി തുടര്‍ന്നു. ബാബറും ഒട്ടും മോശമാക്കിയില്ല.
ടീം സ്‌കോര്‍ 108ല്‍ നില്‍ക്കവെ 56 റണ്‍സ് നേടിയ ഫഖര്‍ സമാന്‍ പുറത്തായെങ്കിലും പാക് ഇന്നിങ്‌സിന്റെ വേഗം കുറഞ്ഞില്ല. നാലാമനായി ഇറങ്ങി മുഹമ്മദ് റിസ്വാനും തകര്‍ത്തടിച്ചതോടെ പാകിസ്ഥാന്‍ ജയത്തിലേക്ക് അനായാസം നടന്നുകയറി.