കളി തോറ്റതിന് കളിയാക്കി; ആരാധകരെ കൈവെച്ച് പാക് സൂപ്പര്‍ താരം; വീഡിയോ
Sports News
കളി തോറ്റതിന് കളിയാക്കി; ആരാധകരെ കൈവെച്ച് പാക് സൂപ്പര്‍ താരം; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th December 2022, 3:35 pm

2021ലെ ടി-20 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ടീമിന്റെ തോല്‍വിക്ക് കാരണമായി എന്ന് ആരോപിച്ച് കളിയാക്കുകയും അസഭ്യം പറയുകയും ചെയ്തതിന് പിന്നാലെ ആരാധകരെ തല്ലി പാക് സൂപ്പര്‍ താരം ഹസന്‍ അലി.

കഴിഞ്ഞ ലോകകപ്പിന്റെ പാകിസ്ഥാന്‍-ഓസ്‌ട്രേലിയെ സെമി ഫൈനല്‍ മത്സരത്തില്‍ ഓസീസ് സൂപ്പര്‍ താരം മാത്യു വേഡിന്റെ ക്യാച്ച് താരം നഷ്ടപ്പെടുത്തിയിരുന്നു. പാകിസ്ഥാന്റെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നും ഇതുതന്നെയായിരുന്നു.

2021 ടി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍  176 റണ്‍സായിരുന്നു പാകിസ്ഥാന്‍ നേടിയത്. മുഹമ്മദ് റിസ്വാന്റെയും ഫഖര്‍ സമാന്റെയും ഇന്നിങ്‌സായിരുന്നു പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 19 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. 49 റണ്‍സ് നേടിയ വാര്‍ണറും 40 റണ്‍സ് നേടിയ മാര്‍ക്കസ് സ്‌റ്റോയ്ന്‍സും ഓസീസ് ഇന്നിങ്‌സിന് അടിത്തറയിട്ടപ്പോള്‍ 17 പന്തില്‍ നിന്നും 41 റണ്‍സുമായി മാത്യു വേഡ് തകര്‍ത്തടിക്കുകയും ഓസ്‌ട്രേലിയയെ ജയിപ്പിക്കുകയുമായിരുന്നു.

മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ ഹസന്‍ അലി വിക്കറ്റൊന്നും നേടാതെ 44 റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു.

ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ടായിരുന്നു ആരാധകര്‍ താരത്തിനെതിരെ മോശം പരാമര്‍ശമങ്ങള്‍ നടത്തിയത്. ഇതില്‍ പ്രകോപിതനായ ഹസന്‍ അലി ആരാധകര്‍ക്ക് നേരെ ഓടിയടുക്കുകയും അവരെ അടിക്കുകയുമായിരുന്നു.

ആരിഫ്‌വാലയില്‍ വെച്ച് നടന്ന ക്ലബ്ബ് മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ആരാധകര്‍ ഹസന്‍ അലിയെ തുടര്‍ച്ചയായി കളിയാക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു.

എന്നാല്‍ അധിക്ഷേപങ്ങള്‍ അതിരുകടക്കുകയും മോശം ഭാഷാപ്രയോഗങ്ങള്‍ ഉയരുകയും ചെയ്തതോടെ ഹസന്‍ അലിയുടെ സംയമനം നഷ്ടപ്പെടുകയായിരുന്നു. ആരാധകന് നേരെ ഓടിയടുത്ത ഹസന്‍ അലി അയാളെ തല്ലാനൊരുങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അവിടെയുണ്ടായിരുന്ന മറ്റ് ആരാധകരും ഒഫീഷ്യല്‍സും ഹസന്‍ അലിയെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതും സമാധാനിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

നിലവില്‍ പാകിസ്ഥാനായി ഒരു ഫോര്‍മാറ്റിലും ഹസന്‍ കളിക്കുന്നില്ല. ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ പകരക്കാരനായി താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

2022 ടി-20 ലോകകപ്പിലും പാകിസ്ഥാന്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

 

Content highlight: Pakistan  super bowler Hasan Ali  breaks into fight with fans