'എട്ട് ലക്ഷം പേരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ അടച്ചിരിക്കുന്നു'; ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ യു.എന്നിനോട് പാകിസ്താന്‍
World News
'എട്ട് ലക്ഷം പേരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ അടച്ചിരിക്കുന്നു'; ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ യു.എന്നിനോട് പാകിസ്താന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th February 2021, 10:39 am

ഇസ്‌ലാമാബാദ്: മനുഷ്യാവകാശ വിഷയങ്ങളില്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്താന്‍. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ വിഷയങ്ങളില്‍ കാണിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാക് മന്ത്രി രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നത്.

മനുഷ്യാവകാശ വിഷയങ്ങളില്‍ രാഷ്ട്രീയ പ്രേരിതമായി ഐക്യരാഷ്ട്ര സഭ സ്വീകരിച്ചുവരുന്ന നയം മാറ്റണമെന്ന് കശ്മീര്‍ വിഷയം പരാമര്‍ശിച്ച് പാകിസ്താന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ മന്ത്രി ഡോ. ഷിറീന്‍ മസാരി പറഞ്ഞു.

46ാമത് മനുഷ്യാവകാശ കൗണ്‍സിലിന്റെ ഉന്നതതല യോഗത്തില്‍ സംസാരിക്കവെയാണ് ഡോ. ഷിറീന്‍ മസാരി കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയത്.

വളര്‍ന്നു വരുന്ന ഇസ്‌ലാമോഫോബിയ, വിദ്വേഷ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ പരാമര്‍ശിച്ചായിരുന്നു പാക് മന്ത്രി ഇന്ത്യയെ കടന്നാക്രമിച്ചത്. മനുഷ്യാവകാശങ്ങളേക്കാള്‍ വാണിജ്യ താത്പര്യങ്ങള്‍ക്കാണ് യു.എന്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

കശ്മീരി ജനങ്ങളുടെ അവസ്ഥയെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുമായാണ് പാക് മന്ത്രി ഉപമിച്ചത്. ഇന്ത്യന്‍ സേന കശ്മീരി ജനതയെ പീഡിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. എട്ട് ലക്ഷത്തോളം കശ്മീരികളെ ലോകത്തിലെ ഏറ്റവും വലിയ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്നായിരുന്നു ഷിറീന്‍ മസാരി പറഞ്ഞത്

ഇന്ത്യയില്‍ നിരവധി രാഷ്ട്രീയ നേതാക്കളെയും, സാമൂഹ്യ പ്രവര്‍ത്തകരെയും, മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ജയിലില്‍ അടച്ചിരിക്കുകയാണെന്ന് പാക് മന്ത്രി കുറ്റപ്പെടുത്തി.

കശ്മീരി ജനങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സേനയുടെ നേതൃത്വത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുമ്പോഴും ഒരു പട്ടാളക്കാരെപ്പോലും ശിക്ഷിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴായിരുന്നു പാക് മന്ത്രി അന്താരാഷ്ട്രതലത്തില്‍ കശ്മീര്‍ വിഷയം ഉള്‍പ്പെടെ ചര്‍ച്ചയാകണമെന്ന് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Pakistan criticizes India, ask world to take action