Entertainment
അവരുടെ പ്രണയത്തിന് പറ്റിയ പാട്ടെന്ന പോലെയാണ് യുവാക്കള്‍ എന്റെ ആ പാട്ട് പാടുന്നത്: ഔസേപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 24, 07:57 am
Thursday, 24th April 2025, 1:27 pm

കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സംഗീത സംവിധായകനാണ് ഔസേപ്പച്ചന്‍. 1985ല്‍ കാതോട് കാതോരം എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ തുടങ്ങിയ ഔസേപ്പച്ചന്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ഒരു വയലിനിസ്റ്റ് കൂടെയാണ് അദ്ദേഹം.

ജോണ്‍സണ്‍ മാസ്റ്റര്‍, കണ്ണൂര്‍ രാജന്‍, ശ്യാം തുടങ്ങിയ സംഗീത സംവിധായകര്‍ക്കൊപ്പവും ഇന്നത്തെ സുഷിന്‍ ശ്യാം, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരോടൊപ്പവും അദ്ദേഹം സംഗീത ലോകത്ത് നിറഞ്ഞ് നിന്നിരുന്നു. യുവാക്കള്‍ ഇന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഒരു പിടി ഗാനങ്ങള്‍ ഔസേപ്പച്ചന്റെതാണ്.

ഇപ്പോള്‍ പുതിയ തലമുറയിലുള്ളവര്‍ തന്റെ ഗാനം പാടുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഔസേപ്പച്ചന്‍.

അത്ര ശ്രദ്ധിക്കപ്പെടാതെ പോയ തന്റെ പാട്ടുകളൊക്കെ ഇപ്പോള്‍ ഉള്ള കുട്ടികള്‍ പാടുന്നത് കേള്‍ക്കാറുണ്ടെന്ന് ഔസേപ്പച്ചന്‍ പറയുന്നു. ആഗതന്‍ സിനിമയിലെ ‘ഞാന്‍ കനവില്‍ കണ്ടൊരു സ്‌നേഹിതന്‍’ എന്ന ഗാനമൊക്കെ കുട്ടികള്‍ പാടുന്നത് കേള്‍ക്കാന്‍ വളരെ രസമാണെന്നും അവര്‍ അത് അനുഭവിച്ച് മനസില്‍ നിന്നെന്ന പോലെയാണ് പാടുന്നതെന്നും ഔസേപ്പച്ചന്‍ പറയുന്നു.

പാട്ടുകാരെ പോലെയല്ല അവര്‍ പാടുന്നതെന്നും തങ്ങളുടെ പ്രണയത്തിന് പറ്റിയ പാട്ടെന്ന പോലെ പാടുന്നതാണെന്നും അതിന്റെ ഫീല്‍ ഒന്ന് വേറെ തന്നെയാണന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ സംസാരിക്കുകയായിരുന്നു ഔസേപ്പച്ചന്‍.

‘അത്ര ശ്രദ്ധിക്കപ്പെടാതെ പോയ പാട്ടുകളൊക്കെ ഇപ്പോള്‍ കുട്ടികള്‍ പാടുന്നത് കേള്‍ക്കാം. ഞാന്‍ കനവില്‍ കണ്ടൊരു സ്‌നേഹിതന്‍ എന്ന പാട്ടൊക്കെ പിള്ളേര് പാടുന്നത് കേള്‍ക്കാന്‍ എന്തു രസമാണ് എന്നറിയുമോ. അവര്‍ അത് അനുഭവിച്ച് പാടുകയാണ്. അവര്‍ അത് പാട്ടുകാരെ പോലെ അല്ല പാടുന്നത്. അവരുടെ പ്രണയത്തിന് പറ്റിയ ഒരു പാട്ടെന്ന പോലെ മനസില്‍ നിന്ന് പാടുകയാണ്. അത് കേള്‍ക്കാന്‍ നല്ല കൗതുകമാണ്.

ശബ്ദമൊന്നും അത്ര മാധുര്യം ഉണ്ടാകണമെന്നില്ല. പക്ഷേ ഫീല്‍ ഭയങ്കരമാണ്. അതിന് റൗണ്ടഡ്‌നെസ്സ്, അല്ലെങ്കില്‍ ഉച്ചരിക്കുന്നതിന്റെ ഒരു സുഖമോ പെര്‍ഫക്ഷനോ ഒന്നും അല്ല. ഇംപെര്‍ഫക്ഷന്‍ ഉണ്ടായിരിക്കും. പക്ഷേ ഒരു ഫീലുണ്ട് പാടുന്നതിന് അത് ഭയങ്കര ഹോണ്ടിങ് ആണ്. എനിക്ക് അത് പിള്ളേര് പാടുന്നതൊക്കെ കേള്‍ക്കാന്‍ നല്ല ഇഷ്ടമാണ്. പണ്ട് പാടിയിട്ടുള്ളവരും അത് അപാരമായിട്ട് പാടിയിട്ടുണ്ട്. പക്ഷേ ജനങ്ങള്‍ അതൊന്നും കേട്ടിട്ടില്ല ശരിക്കും,’ ഔസേപ്പച്ചന്‍

പറഞ്ഞു.

Content Highlight: Ouseppachan says that youth  sing his song  like it’s the right song for their love.