2023 ലോകകപ്പിലെ 31ാം മത്സരത്തില്‍ ബംഗ്ലാദേശ് പാകിസ്ഥാനോട് പരാജയപ്പെട്ടു. ഈ തോല്‍വിയോടെ ലോകകപ്പില്‍ ബംഗ്ലാദേശിന്റെ യാത്ര അവസാനിച്ചിരിക്കുകയാണ്. ഇതോടെ 2023 ലോകകപ്പില്‍ നിന്നും പുറത്താകുന്ന ആദ്യ ടീമായും ബംഗ്ലാദേശ് മാറി.
ബംഗ്ലാദേശ് ഉയര്‍ത്തിയ 205 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റും 105 പന്തും കയ്യിലിരിക്കെ പാകിസ്ഥാന്‍ അനായാസം മറികടക്കുകയായിരുന്നു.
മത്സരത്തിനിടെ നടന്ന രസകരമായ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു എല്‍.ബി.ഡബ്ല്യൂവിനായുള്ള അപ്പീലും അതിനോടനുബന്ധിച്ചുള്ള ചര്‍ച്ചകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 43ാം ഓവറിലായിരുന്നു സംഭവം. ഷഹീന്‍ അഫ്രിദിയെറിഞ്ഞ പന്ത് ഫ്‌ളിക് ചെയ്യാന്‍ ശ്രമിച്ച വാലറ്റക്കാരന്‍ തസ്‌കിന്‍ അഹമ്മദിന് പിഴയ്ക്കുകയും പന്ത് താരത്തിന്റെ പാഡില്‍ കൊള്ളുകയുമായിരുന്നു.
ലെഗ് ബിഫോര്‍ വിക്കറ്റിനായി അഫ്രിദിയും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ തസ്‌കിന് അനുകൂലമായി വിധിയെഴുതുകയായിരുന്നു. തുടര്‍ന്ന് ഡി.ആര്‍.എസ് എടുക്കാനുള്ള പാകിസ്ഥാന്റെ സമയം ആരംഭിക്കുകയും ചെയ്തിരുന്നു.
റിസ്വാന്‍ ഡി.ആര്‍.എസിനായി ആവശ്യപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസം റിവ്യൂ എടുക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. റിവ്യൂ എടുക്കാന്‍ ബാബറിനെ നിര്‍ബന്ധിക്കുന്നതിനിടെ റിസ്വാന്‍ ബാറ്റ് ചെയ്ത താസ്‌കിനോട് ബാറ്റില്‍ കൊണ്ടിട്ടുണ്ടോ എന്ന് ആവര്‍ത്തിച്ച് ചോദിക്കുകയായിരുന്നു.
എന്നാല്‍ ബാബര്‍ റിവ്യൂ എടുത്തിരുന്നില്ല. ബാബറിന്റെ തീരുമാനം ശരിവെച്ചുകൊണ്ട് ബോള്‍ ട്രാക്കിങ്ങില്‍ പന്ത് വിക്കറ്റില്‍ കൊള്ളുന്നില്ല എന്ന് കാണിക്കുകയായിരുന്നു.
എന്നാല്‍ സ്‌കോര്‍ ബോര്‍ഡിനെ അധികം ബുദ്ധിമുട്ടിക്കാതെ തസ്‌കിന്‍തൊട്ടടുത്ത ഓവറില്‍ തന്നെ പുറത്തായി. 13 പന്തില്‍ നിന്നും ആറ് റണ്‍സ് നേടി നില്‍ക്കവെ മുഹമ്മദ് വസീം ജൂനിയറിന് വിക്കറ്റ് സമ്മാനിച്ചാണ് താരം മടങ്ങിയത്.
നേരത്തെ, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് മഹ്‌മദുള്ളയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറിയത്. 70 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പടെ 56 റണ്‍സാണ് മഹ്‌മദുള്ള നേടിയത്.
ഇതിന് പുറമെ 64 പന്തില്‍ 45 റണ്‍സ് നേടിയ ലിട്ടണ്‍ ദാസും 64 പന്തില്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനുമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഒടുവില്‍ 46ാം ഓവറിലെ ആദ്യ പന്തില്‍ 204 റണ്‍സിന് അവസാന ബംഗ്ലാ വിക്കറ്റും നിലംപൊത്തി.
പാകിസ്ഥാനായി ഷഹീന്‍ അഫ്രിദിയും മുഹമ്മദ് വസീം ജൂനിയറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഹാരിസ് റൗഫ് രണ്ട് വിക്കറ്റും ഇഫ്തിഖര്‍ അഹമ്മദ്, ഒസാമ മിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവം നേടി ബംഗ്ലാ വധം പൂര്‍ത്തിയാക്കി.