26/11 മാതൃകയിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഗൂഡാലോചന; പാകിസ്താന്‍ നയതന്ത്രജ്ഞനെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ
National
26/11 മാതൃകയിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഗൂഡാലോചന; പാകിസ്താന്‍ നയതന്ത്രജ്ഞനെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th April 2018, 6:24 pm

 

ന്യൂദല്‍ഹി: ഇന്ത്യ പുറത്തുവിട്ട മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു പാകിസ്താന്‍ നയതന്ത്രജ്ഞനും. കൊളംബോയിലെ പാകിസ്താന്‍ ഹൈ കമ്മീഷണര്‍ അമീര്‍ സുബൈര്‍ സിദ്ദിഖിയാണ് ഇന്ത്യയില്‍ 26/11 മാതൃകയിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഗൂഡാലോചന നടത്തിയെന്ന പേരില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) പുറത്തുവിട്ട മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ശ്രീലങ്കയില്‍ പാകിസ്താന്‍ ഹൈ കമ്മീഷണറായിരിക്കെ ദക്ഷിണേന്ത്യയിലെ യു.എസ് കോണ്‍സുലേറ്റും ഇസ്രാഈല്‍ കോണ്‍സുലേറ്റും ആക്രമിക്കാന്‍ സിദ്ദിഖി പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ പറയുന്നു. ചെന്നൈയിലെ യു.എസ് കോണ്‍സുലേറ്റ്, ബംഗലൂരുവിലെ ഇസ്രയേല്‍ കോണ്‍സുലേറ്റ്, വിശാഖപട്ടണത്തെ കിഴക്കന്‍ നേവല്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, രാജ്യത്തെ വിവിധ തുറമുഖങ്ങള്‍ എന്നിവ സിദ്ദിഖി ലക്ഷ്യം വച്ചിരുന്നതായി എന്‍.ഐ.എ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.


Also Read: കര്‍ണാടക തെരഞ്ഞെടുപ്പ്: 72 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പി പുറത്തു വിട്ടു


പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് 2013 ല്‍ തമിഴ്‌നാട് പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി.ഐ.ഡി) അറസ്റ്റു ചെയ്ത മുഹമ്മദ് സകീര്‍ ഹുസൈന്റെ കേസുമായി ബന്ധപ്പെട്ടാണ് സിദ്ദിഖിക്കെതിരായ കേസും. കൊളംബോയിലെ പാക് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ അമീര്‍ സുബൈര്‍ സിദ്ദിഖിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹുസൈന്‍ മൊഴി നല്‍കിയതായി ഐ.എന്‍.എ വ്യക്തമാക്കി.

തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ ഹുസൈന്‍ കൊളംബോയില്‍വച്ച് സിദ്ദിഖിയുമായി ഏതാനും തവണ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങളെക്കുറിച്ചും കരസേനയിലേക്കുള്ള ആയുധ സംവിധാനത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തിയെന്നും ഐ.എന്‍.എ കണ്ടെത്തി. രണ്ട് പാകിസ്താന്‍ പൗരന്മാര്‍ ഇന്ത്യയിലേക്ക് എത്തിച്ചേരുന്നതിനുള്ള വ്യാജ പാസ്‌പോര്‍ട്ടും വിസയും ഏര്‍പ്പാടാക്കാനും സിദ്ദിഖി ഹുസൈനോട് നിര്‍ദ്ദേശിച്ചിരുന്നു.

 


Watch DoolNews Video: