സെന്‍സര്‍ ബോര്‍ഡിനെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്: പത്മാവതിയെ വിമര്‍ശിച്ച മുഖ്യമന്ത്രിമാര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്
India
സെന്‍സര്‍ ബോര്‍ഡിനെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്: പത്മാവതിയെ വിമര്‍ശിച്ച മുഖ്യമന്ത്രിമാര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th November 2017, 3:58 pm

ന്യൂദല്‍ഹി:   അധികാരസ്ഥാനങ്ങളിലിരുന്ന് പത്മാവതി സിനിമയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും താക്കീത് ചെയ്ത് സുപ്രീംകോടതി. സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ പദവിയിലിരിക്കുന്നവര്‍ എങ്ങനെയാണ് പ്രസ്താവനയിറക്കുകയെന്നും ഇത് സെന്‍സര്‍ ബോര്‍ഡിനെ സ്വാധീനിക്കലാകുമെന്നും കോടതി പറഞ്ഞു.

സിനിമ കണ്ട് അത് പ്രദര്‍ശനത്തിന് യോഗ്യമാണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡിന്റെ  അധികാരത്തില്‍ പെട്ടതാണെന്നും കോടതി പറഞ്ഞു. ഇക്കാര്യം സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

പത്മവാതിയുടെ യു.കെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് എം.എല്‍ ശര്‍മ്മ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനമുന്നയിച്ചത്. ഇത് മൂന്നാം തവണയാണ് പത്മാവതിയെ നിരോധിക്കണമെന്നാവശ്യം കോടതി തള്ളുന്നത്.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയാലും പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന്  രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ രംഗത്ത് വന്നിരുന്നു. സിനിമയെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും രംഗത്തു വന്നിരുന്നു. ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും പത്മാവതി വിവാദം സംബന്ധിച്ച് പ്രസ്താവനകളിറക്കിയിരുന്നു.

190 കോടി രൂപ മുടയ്ക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിയ്‌ക്കെതിരെ രജ്പുത് കര്‍ണിസേനയാണ് വിവാദം ആരംഭിച്ചത്.