മികച്ച തിരക്കഥയും സംവിധാനവും മേക്കിങ്ങും, നടന്ന ഒരു സംഭവത്തിന്റെ ഏറ്റവും സമഗ്രമായ ആഖ്യാനം, വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഇതിനൊപ്പം ത്രില്ലിങ്ങായ ഒരു സിനിമാ അനുഭവവും ഗംഭീര പെര്‍ഫോമന്‍സുകളും – കമല്‍ കെ.എമ്മിന്റെ പട എന്ന സിനിമയെ കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ പറയാം. മുദ്രാവാക്യം വിളികളാകാതെ തന്നെ കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവെക്കാനാകുമെന്നും ഈ സിനിമ കാണിച്ചു തരുന്നുണ്ട്. ഇതുകൊണ്ടൊക്കെ പട മസ്റ്റ് വാച്ചായ മലയാളം സിനിമകളുടെ ലിസ്റ്റില്‍ ഇടം നേടുകയാണ്.
1996ല്‍ എന്തിന് വേണ്ടിയാണോ അയ്യങ്കാളി പട വേറിട്ടൊരു പോരാട്ടവുമായി എത്തിയത് ആ ആവശ്യം ഒരിക്കല്‍ കൂടി പട എന്ന സിനിമ നിറവേറ്റുകയാണ്. ആദിവാസികള്‍ നേരിടുന്ന ഭൂപ്രശ്‌നത്തിലേക്ക് മാധ്യമങ്ങളുടെയും പൊതുജനത്തിന്റെയും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയായിരുന്നു അവര്‍ പാലക്കാട് കളക്ടറെ ബന്ദിയാക്കി കൊണ്ടുള്ള സമരം നടത്തിയത്. ഈ സിനിമ അത് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ വ്യക്തതയിലൂടെയും മികച്ച മേക്കിങ്ങിലൂടെയും ആ ആവശ്യത്തെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.
പട എന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതു മുതല്‍ തന്നെ തന്നെ മാധ്യമങ്ങളിലൂടെയും മറ്റുമായി, എന്തായിരുന്നു അയ്യങ്കാളി പട നടത്തിയ ബന്ദിയാക്കല്‍ സമരം എന്ന് പുറത്തു വന്നിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന, കേരളം മുഴുവന്‍ ചര്‍ച്ചയായ സംഭവമായതുകൊണ്ട് തന്നെ കുറെ പേര്‍ക്കെങ്കിലും ഈ സംഭവം പരിചിതവുമാണ്.
സിനിമയില്‍ പ്രധാനമായും പറയുന്ന കഥയുടെ അവസാനം എന്തായിരിക്കുമെന്ന് അറിഞ്ഞിട്ട് പോലും, ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകാന്‍ പടയ്ക്ക് കഴിയുന്നു എന്നുള്ളിടത്താണ് സിനിമയുടെ മേക്കിങ്ങും കമല്‍ കെ.എം എന്ന സംവിധായകന്റെ മികവും ഏറ്റവും കൂടുതല്‍ കാണാനാകുന്നത്. ബന്ദിയാക്കലിന്റെ പ്ലാനിങ്ങും ആക്ഷനും തുടര്‍ന്നുള്ള ഓരോ പോയിന്റും ആകാംക്ഷ നിറഞ്ഞതാണ്.
മികച്ച തിരക്കഥയാണ് പടയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഓരോ നിമിഷവും സിനിമക്കൊപ്പം സഞ്ചരിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയുന്നുണ്ട്. വളരെ നാച്ചുറലായ സംഭാഷണങ്ങളും കഥാസന്ദര്‍ഭങ്ങളുമായാണ് പടയെത്തുന്നത്. പ്രകാശ് രാജിന്റെ കഥാപാത്രം ’36 കൊല്ലം മുന്‍പത്തെ അവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ മാറിയിട്ടില്ലെന്ന്’ പറയുന്നതൊക്കെ തറച്ചു കയറുന്ന ഡയലോഗാണെങ്കിലും ഒട്ടുമേ നാടകീയമല്ലായിരുന്നു. ഓരോ കഥാപാത്രത്തെയും അവരുടെ കാഴ്ചപ്പാടുകളെയും മനസിലാക്കാന്‍ സാധിക്കും വിധമാണ് ഇവയെല്ലാം കടന്നുവരുന്നത്.
മാത്രമല്ല, ബന്ദിയാക്കല്‍ സമരവുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെ സമഗ്രമായും സത്യസന്ധമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ സിനിമയില്‍ തിരക്കഥ ഒന്ന് പാളിപ്പോയിരുന്നെങ്കില്‍ ഒരു ക്ലാസെടുക്കലാകുമായിരുന്നു. അയ്യങ്കാൡപടയുടെ ആദര്‍ശം, അവരെ സമരത്തിലേക്ക് നയിച്ച ആദിവാസി ഭൂപ്രശ്‌നം, നിയമങ്ങള്‍, പിന്നെ ഒരു കളക്ടറെ ബന്ദിയാക്കിയാല്‍ സര്‍ക്കാര്‍ തലത്തിലും പൊലീസ് സേനയുടെ ഭാഗത്തു നിന്നും കേന്ദ്രത്തില്‍ നിന്നുമുണ്ടാകുന്ന നീക്കങ്ങള്‍, മധ്യസ്ഥ ചര്‍ച്ചകള്‍, കോടതി ഇടപെടലുകള്‍, നിര്‍ണായകമായ ചില തീരുമാനങ്ങള്‍, ബന്ദിയാക്കുന്നവരുടെയും ബന്ദിയാക്കപ്പെട്ടവരുടെയും കുടുംബങ്ങള്‍, അവരുടെ പേടികള്‍, ഭക്ഷണവും വെള്ളവും തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ എന്നു തുടങ്ങി വിവിധ വിഷയങ്ങള്‍ സിനിമയില്‍ കടന്നു വരുന്നുണ്ട്.
ഇതിനൊപ്പം കുമാരേട്ടന്‍ കുഞ്ഞി എന്നീ കഥാപാത്രങ്ങളെ പോലെ ചില ഇമോഷണല്‍ ത്രെഡുകളും സിനിമയിലുണ്ട്. ഒരുപാട് വിവരണങ്ങളോ ഫ്‌ളാഷ് ബാക്കുകളോ ഒന്നുമില്ലാതെ തന്നെ പ്രധാന നാല് ക്യാരക്ടേഴ്‌സിന്റെയും സാമൂഹ്യപശ്ചാത്തലവും സ്വഭാവവുമൊക്ക കാണിച്ചു തരാനും സാധിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു പിടി കാര്യങ്ങളെ ഏറ്റവും ഭംഗിയായി, സിനിമയുടെ ഒഴുക്ക് ഒട്ടും നഷ്ടപ്പെടാതെ കൊണ്ടുവരാന്‍ കമലിന്റെ തിരക്കഥക്ക് സാധിച്ചിട്ടുണ്ട്.
സിനിമയില്‍ ഒറ്റ തവണ മാത്രം വരുന്ന ചില സീക്വന്‍സുകളും മനോഹരമായിരുന്നു. രണ്ട് ലോട്ടറിക്കാര്‍ സിനിമയിലുണ്ട്. അന്ധനായ ഒരാളും മധ്യ വയസ്‌കയായ ഒരു സ്ത്രീയും. ഇവര്‍ ആകെ രണ്ടോ മൂന്നോ ഡയലോഗാണ് സിനിമയില്‍ പറയുന്നത്. ഈ സ്ത്രീ, ടിക്കറ്റ് വാങ്ങാന്‍ നിവൃത്തിയില്ലെന്ന് പറയുന്ന ജോജു ജോര്‍ജിന്റെ കഥാപാത്രത്തോട്, പിന്നീട് താന്‍ ചായ കുടിക്കുമ്പോള്‍ വേണോയെന്ന് ചോദിക്കുന്നുണ്ട്. അതൊക്കെ വളരെ ചെറിയ സീനുകളാണെങ്കിലും എന്തോ ഒരു ഭംഗി തോന്നിയ ഭാഗങ്ങളായിരുന്നു. അതുപോലെ തന്നെ ആ അന്ധനായ ലോട്ടറിക്കാരന്റെ വാക്കുകളും.