'ഏതെങ്കിലും മതത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ല'; ഗോവയില്‍ മുസ്‌ലിങ്ങളുടെ എണ്ണം കൂടുന്നെന്ന പരാമര്‍ശത്തില്‍ ശ്രീധരന്‍പിള്ള
Kerala News
'ഏതെങ്കിലും മതത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ല'; ഗോവയില്‍ മുസ്‌ലിങ്ങളുടെ എണ്ണം കൂടുന്നെന്ന പരാമര്‍ശത്തില്‍ ശ്രീധരന്‍പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2024, 2:52 pm

പറവൂര്‍: ഗോവയില്‍ മുസ്‌ലിങ്ങളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഏതെങ്കിലും മതത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും മതങ്ങളുടെ പേരെടുത്ത് പറഞ്ഞത് ആ പശ്ചാത്തലം വ്യക്തമാക്കാനാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ബാലന്‍സ്ഡ് ഇന്‍ബാലന്‍സ്ഡ് ഗ്രോത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഗോവയില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നുവെന്നും ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവുണ്ടാകുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

എറണാകുളം കരുമാല്ലൂര്‍ ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ മാര്‍ ജോസഫ് കരിയാറ്റി മെത്രാപൊലീത്തയുടെ 238ാം ചരമവാര്‍ഷികത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം. ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവുണ്ടാകുന്നതില്‍ അന്വേഷണം നടത്തണമെന്ന് ഗോവ ആര്‍ച്ച് ബിഷപ്പിനോട് ആവശ്യപ്പെട്ടതായും ശ്രീധരന്‍ പിള്ള പരിപാടിയില്‍ പറഞ്ഞിരുന്നു.

ഗോവയിലെ മുസ്‌ലിം ജനസംഖ്യ മൂന്ന് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ന്നെന്നും ക്രൈസ്തവ ജനസംഖ്യ 36 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറഞ്ഞെന്നുമാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോവയിലെ ജനസംഖ്യയിലുണ്ടായ മാറ്റത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ഗോവ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

ഗോവയിലെ ബിഷപ്പ് ഹൗസുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ഇവിടുത്തെ പോലെ അവിടെ നിരവധി ബിഷപ്പ് ഹൗസുകളില്ലെന്നും ഒരു ബിഷപ്പ് ഹൗസ് മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ഗോവയിലെ ആര്‍ച്ച് ബിഷപ്പുമായി വളരെ നല്ല ബന്ധമാണ്. അവിടെ ആകെ ഒരു ബിഷപ്പ് ഹൗസ് മാത്രമേയുള്ളൂ. താഴോട്ടൊന്നും ബിഷപ്പുമാരില്ല. അവിടുത്തെ ആര്‍ച്ച് ബിഷപ്പ് ഇപ്പോള്‍ കര്‍ദിനാള്‍ കൂടിയാണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, 36 ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയുണ്ടായിരുന്ന ഗോവയില്‍ ഇപ്പോള്‍ അത് 25 മാത്രമേയുള്ളൂ.

അതേസമയം മൂന്ന് ശതമാനമുണ്ടായിരുന്ന ഇസ്‌ലാം വിശ്വാസികള്‍ 12 ശതനമാനയമായി വര്‍ധിച്ചു. അതിനെ കുറിച്ച് പോസീറ്റീവായി അന്വേഷിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അവര്‍ സന്തോഷത്തോട് കൂടി അതിനെ കുറിച്ച് പഠനം നടത്തുന്നുണ്ട്,’ എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

Content Highlight: P.S.Sreedharan Pillai gave an explanation in his statment of increasing number of Muslims in Goa