ഓണക്കവിതകള്‍ വരുന്ന പാഠപുസ്തകങ്ങളില്‍ എന്തുകൊണ്ട് റംസാന്‍ കവിതകളില്ലെന്ന് പി. രാമന്‍
Kerala News
ഓണക്കവിതകള്‍ വരുന്ന പാഠപുസ്തകങ്ങളില്‍ എന്തുകൊണ്ട് റംസാന്‍ കവിതകളില്ലെന്ന് പി. രാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd December 2023, 4:45 pm

കോഴിക്കോട്: മലയാള സാഹിത്യത്തിന്റെ തുടക്കകാലം സവര്‍ണവും ഹൈന്ദവവും മതപരവുമായിരുന്നുവെന്ന് കവി പി. രാമന്‍. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘വികേന്ദ്രീകൃതമാകുന്ന മലയാള കവിത’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സാഹിത്യത്തിന്റെ ആരംഭകാലം സവര്‍ണമായത് കൊണ്ടുതന്നെ മുസ്ലിം ജീവിതം മലയാള കവിതകളില്‍ പ്രത്യക്ഷപ്പെടാന്‍ 1960കള്‍ വരെ കാത്തിരിക്കേണ്ടി വന്നെന്നും പി. രാമന്‍ പറഞ്ഞു.

പുറമണ്ണൂര്‍ ടി. മുഹമ്മദടക്കമുള്ള കവികള്‍ വിസ്മൃതിയില്‍ മാഞ്ഞത് രാഷ്ട്രീയവും ചരിത്രപരവുമായ മറവികളുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ രാമചരിതത്തിന്റെ തുടര്‍ച്ച എഴുത്തച്ഛനിലല്ല, മാപ്പിളമാര്‍ക്കിടയിലായിരുന്നു. അറബി-മലയാളത്തിന് സമ്പന്നമായ ഒരു ഗാന ചരിത്രമുണ്ട്. മുഖ്യധാര സാഹിത്യ ചര്‍ച്ചകളില്‍ അതിനെ അപരവല്‍ക്കരിക്കുന്നത് അപരാധമാണ്’,പി. രാമന്‍ പറഞ്ഞു.

പൊന്‍കുന്നം സയ്യിദ് മുഹമ്മദ്, ടി. ഉബൈദ് , എസ്.വി. ഉസ്മാന്‍, പി. ടി. അബ്ദു റഹ്‌മാന്‍ തുടങ്ങിയ കവികളുടെ പേര് പറയാതെ ഒരു കവിതാ ചര്‍ച്ചയും പൂര്‍ണമാവുകയില്ലെന്നും, എം.എല്‍.എഫ് അതിനുള്ള ഒരു സുവര്‍ണ വേദിയാണെന്നും പി. രാമന്‍ കൂട്ടിച്ചേര്‍ത്തു.

ഓണക്കവിതകള്‍ വരുന്ന പാഠപുസ്തകങ്ങളില്‍ എന്തുകൊണ്ട് റംസാന്‍ കവിതകള്‍ പ്രസിദ്ധീകരിക്കുന്നില്ല എന്ന കാലിക പ്രസക്തമായ ചോദ്യമുന്നയിച്ച് കൊണ്ട് കവി പി. രാമന്‍ പ്രസംഗം അവസാനിപ്പിച്ചു.

കോഴിക്കോട് കടപ്പുറത്ത് ബുക്ക് പ്ലസ് പബ്ലിഷേഴ്‌സ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ എണ്‍പതോളം സെഷനുകളിലായി മുന്നൂറോളം അതിഥികള്‍ സംവദിക്കും.

Content Highlight: P. Raman, why there are no Ramsan poems in the textbooks that contain Onam poems