തിരുവനന്തപുരം: കേരളത്തില്‍ ഓര്‍ഡിനന്‍സ് രാജെന്ന മലയാള മനോരമ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. വാര്‍ത്തയില്‍ പറയുന്നതു പോലെ കഴിഞ്ഞ വര്‍ഷം ഒരു സമയത്തും 144 ഓര്‍ഡിനന്‍സുകള്‍ പ്രാബല്യത്തില്‍ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ വര്‍ഷം ആകെ 43 ഓര്‍ഡിനന്‍സുകള്‍ ആണ് പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്. അതില്‍ 34 എണ്ണവും തൊട്ടടുത്ത് ചേര്‍ന്ന നിയമസഭാ സമ്മേളങ്ങളില്‍ ബില്ലുകള്‍ അവതരിപ്പിച്ച് നിയമമാക്കി. നിയമ നിര്‍മ്മാണത്തിന് മാത്രമായി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ സഭ ചേര്‍ന്നു. നിലവില്‍ 11 ഓര്‍ഡിനന്‍സുകള്‍ മാത്രമാണ് പ്രാബല്യത്തിലുള്ളതെന്നും പി. രാജീവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡിനന്‍സുകള്‍ ഇറക്കിയത് കേരളമാണെന്നായിരുന്നു മനോരമുയുടെ വാര്‍ത്ത. മാധ്യമങ്ങള്‍ നമ്മുടെ നാട്ടിലെ പോസിറ്റീവ് വാര്‍ത്തകള്‍ക്ക് കുറച്ച് സ്ഥലം മാറ്റിവെച്ചുകൊണ്ട് മാറ്റങ്ങളുടെ പ്രചാരകരായി മാറണമെന്നും രാജീവ് പറഞ്ഞു.
കയര്‍ മേഖലയിലുണ്ടായ ചരിത്രനേട്ടം ചരിത്രനേട്ടമെന്ന രീതിയില്‍ തന്നെ വരികയാണെങ്കില്‍ അതിന്റെ അനുരണനവും നമുക്കീ നാട്ടില്‍ കാണാന്‍ സാധിക്കുമെന്നും രാജീവ് പറഞ്ഞു.