മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. സിനിമാ-സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമാണ് നടി. 1991ല്‍ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിലിമിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്.
പിന്നീട് സിനിമകളിലും സീരിയലുകളിലും നടി ഒരുപോലെ സജീവമായി. ഹാസ്യ വേഷങ്ങളായിരുന്നു മഞ്ജു ആദ്യം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് സ്വഭാവവേഷങ്ങളും അവതരിപ്പിച്ചു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന മഹാ സീരിയലിലും മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
2021ല്‍ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തില്‍ മഞ്ജു അഭിനയിച്ച ആനിയമ്മ എന്ന കഥാപാത്രം ഏറെ പ്രേക്ഷക നിരൂപണം ലഭിച്ചിരുന്നു. ഇപ്പോള്‍ കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഏറെ എന്‍ജോയ് ചെയ്ത സെറ്റിനെ കുറിച്ച് പറയുകയാണ് നടി. മഴയെത്തും മുന്‍പേ എന്ന മമ്മൂട്ടി ചിത്രത്തെ കുറിച്ചാണ് മഞ്ജു സംസാരിക്കുന്നത്.
‘ഞാന്‍ ഏറെ എന്‍ജോയ് ചെയ്ത ഒരു സെറ്റാണ് മഴയെത്തും മുന്‍പേ എന്ന സിനിമയുടെ സെറ്റ്. എന്റെ പ്രായത്തില്‍ തന്നെയുള്ള കുറച്ച് ആളുകളായിരുന്നല്ലോ അതില്‍ ഉണ്ടായിരുന്നത്.
പിന്നെ കമല്‍ സാറിന്റെ പടമായിരുന്നല്ലോ. കമല്‍ സാറിനെ കാണുമ്പോള്‍ അദ്ദേഹം ഇടക്ക് പണ്ടത്തെ കാര്യങ്ങളൊക്കെ പറയും. കാരവാനൊന്നും ഇല്ലാത്ത കാലമായിരുന്നു അത്. ഞങ്ങള്‍ എല്ലാവരും ഒരു മുറിയിലാണ് ഉണ്ടാകുക. ആനിയൊക്കെ കൂടെയുണ്ടാകും.
ആരുടെയെങ്കിലും ഒരാളുടെ മുറിയില്‍ സംസാരിച്ചിരിക്കും. വര്‍ക്ക് ഇല്ലെങ്കില്‍ പോലും അങ്ങനെ തന്നെയാണ്. ഡ്രസ് വരെ പരസ്പരം മാറിമാറി ഇടുമായിരുന്നു. അങ്ങനെയുള്ള ഒരു കാലമൊക്കെ ഉണ്ടായിരുന്നു,’ മഞ്ജു പിള്ള പറയുന്നു.
താന്‍ ആദ്യമായി മമ്മൂട്ടിയെ കണ്ടത് എപ്പോഴാണെന്നും നടി അഭിമുഖത്തില്‍ പറയുന്നു. ഗോളാന്തര വാര്‍ത്ത എന്ന സിനിമയുടെ സമയത്താണ് അദ്ദേഹത്തെ താന്‍ ആദ്യമായി കാണുന്നതെന്നാണ് മഞ്ജു പറയുന്നത്. അന്ന് മാറിനിന്ന് മമ്മൂട്ടിയെ ആരാധനയോടെ നോക്കി നില്‍ക്കുമായിരുന്നുവെന്നും നടി പറഞ്ഞു.
‘ഗോളാന്തര വാര്‍ത്തയുടെ സമയത്താണ് മമ്മൂക്കയെ ഞാന്‍ ആദ്യമായിട്ട് കാണുന്നത്. അന്ന് മാറിനിന്ന് അദ്ദേഹത്തെ ആരാധനയോടെ നോക്കി നില്‍ക്കുമായിരുന്നു. പേടിച്ചിട്ടാകും അത്. പിന്നെ മഴയെത്തും മുന്‍പേ എന്ന സിനിമയില്‍ എത്തിയപ്പോള്‍ അതൊക്കെ മാറി.
ആ സമയത്താണോ മമ്മൂക്കയുമായി അടുത്തതെന്ന് ചോദിച്ചാല്‍, കുറച്ചൊക്കെ അടുത്തു. പേടിയൊക്കെ പോയത് ആ സമയത്താണ്. പിന്നെയും കുറേ കഴിഞ്ഞാണ് ഓക്കെയായത്,’ മഞ്ജു പിള്ള പറയുന്നു.
Content Highlight: Manju Pillai Talks About Shooting Set Of Mazhayethum Munpe Movie