Entertainment
ആ സിനിമക്ക് ശേഷം എന്നെ ആരും അഭിനയിക്കാൻ വിളിച്ചിട്ടില്ല: ഖാലിദ് റഹ്മാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 02, 07:35 am
Wednesday, 2nd April 2025, 1:05 pm

ആസിഫ് അലിയും രജിഷ വിജയനും പ്രധാനകഥാപാത്രങ്ങളിലെത്തിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് ഖാലിദ് റഹ്മാൻ സംവിധാനരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഉണ്ട, ലവ്, തല്ലുമാല എന്നീ ചിത്രങ്ങളും ഖാലിദ് സംവിധാനം ചെയ്തു. അദ്ദേഹത്തിൻ്റെ അടുത്ത ചിത്രം ആലപ്പുഴ ജിംഖാന വിഷു റിലീസായി എത്താൻ പോകുകയാണ്.

ഉസ്താദ് ഹോട്ടൽ, നോർത്ത് 24 കാതം, എ ബി സി ഡി, സപ്തമ.ശ്രീ. തസ്കരാഃ എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട് ഖാലിദ് റഹ്മാൻ. പറവ, മായാനദി, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിതങ്ങളിൽ അതിഥി വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട് ഖാലിദ് റഹ്മാൻ. 2017ൽ മികച്ച നവാഗത സംവിധായകനുള്ള വനിതാ ഫിലിം അവാർഡ് അദ്ദേഹം സ്വന്തമാക്കി.

ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സിന് ശേഷം അഭിനയിക്കാത്തതിൻ്റെ കാരണം പറയുകയാണ് ഖാലിദ് റഹ്മാൻ.

മഞ്ഞുമ്മൽ ബേയ്സിന് ശേഷം തന്നെ ആരും അഭിനയിക്കാൻ വിളിച്ചില്ലെന്ന് ഖാലിദ് റഹ്മാൻ പറഞ്ഞു. താൻ ആലപ്പുഴ ജിംഖാനയിലും അഭിനയിച്ചിട്ടില്ലെന്നും സ്വന്തം സിനിമയിൽ റിസ്ക് എടുക്കാൻ ആരും തയ്യാറല്ലെന്നും ഖാലിദ് പറയുകയാണ്.

ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ഖാലിദ് റഹ്മാൻ ഇക്കാര്യം സംസാരിച്ചത്.

മഞ്ഞുമ്മൽ ബേയ്സിന് ശേഷം എന്നെ ആരും അഭിനയിക്കാൻ വിളിച്ചില്ല. ഞാൻ ആലപ്പുഴ ജിംഖാനയിലും അഭിനയിച്ചിട്ടില്ല. അത് എന്താണെന്ന് വച്ചുകഴിഞ്ഞാൽ സ്വന്തം സിനിമയിൽ റിസ്ക് എടുക്കാൻ ആരും തയ്യാറല്ലല്ലോ,’ ഖാലിദ് റഹ്മാൻ പറയുന്നു.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ആലപ്പുഴ ജിംഖാന റിലീസാകാൻ പോകുകയാണ്. സ്‌പോർട്‌സ് കോമഡി ചിത്രമാണ് ആലപ്പുഴ ജിംഖാന. പ്ലാൻ ബി മോഷൻ പിക്‌ചേഴ്‌സിൻ്റെയും റീലിസ്റ്റിക് സ്റ്റുഡിയോസിൻ്റെയും ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നസ്‌ലൻ, ലുക്മാൻ അവറാൻ , ഗണപതി എസ് പൊതുവാൾ , സന്ദീപ് പ്രദീപ് , അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ശ്രീനി ശശീന്ദ്രൻ, ഖാലിദ് റഹ്മാൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.

Content Highlight: After that film, no one has called me to act says Khalid Rahman