national news
പശ്ചിമ ബംഗാളിലെ സംഘര്‍ഷം; കേന്ദ്ര സേനയെ വിന്യസിക്കാന്‍ ഹൈക്കോടതി ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 12, 03:06 pm
Saturday, 12th April 2025, 8:36 pm

കൊല്‍ക്കത്ത: വഖഫ് നിയമത്തിനെതിരെ ബംഗാളില്‍ നടക്കുന്ന സംഘര്‍ഷത്തെ നിയന്ത്രിക്കാന്‍ മുര്‍ഷിദാബാദ് ജില്ലയില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹരജിയിലാണ് കേന്ദ്ര സേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മുര്‍ഷിദാബാദ് ഏപ്രില്‍ എട്ട് മുതല്‍ സംഘര്‍ഷഭരിതമാണ്.

അതേസമയം മുര്‍ഷിദാബാദില്‍ മാത്രമല്ല പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ വഖഫ് നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രൂക്ഷമായിട്ടുണ്ട്. പ്രതിഷേധത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മുര്‍ഷിദാബാദിലെ സംസേര്‍ഗഞ്ചിലെ പ്രതിഷേധത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ 110 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് വെടിയേറ്റതായും അയാളെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം സംഘര്‍ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത് എത്തിയിട്ടുണ്ട്. ക്രമസമാധാനനില കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ സഹായം തേടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

ഈ സംഘര്‍ഷങ്ങളെ പ്രതിഷേധമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ജനാധിപത്യത്തിനും ഭരണത്തിനും നേരെയുള്ള ജിഹാദിസ്റ്റ് ശക്തികളുടെ ആക്രമണമാണ് ഇതെന്നാണ് പറഞ്ഞത്.

ഈ സംഭവം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അധികാരി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനും കത്തെഴുതിട്ടുണ്ട്.

അതേസമയം തന്റെ സംസ്ഥാനത്ത് പുതിയ വഖഫ് നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആവര്‍ത്തിച്ചു. തൃണമൂല്‍ ഇതിനകം തന്നെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ മമത ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞു. കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും അവരുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പ്രീണന രാഷ്ട്രീയമാണ് ആക്രമണത്തിന് കാരണമെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യയും ആരോപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി നുണ പറയുകയാണെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് അമിത് മാളവ്യ വഖഫ് ഭേദഗതിക്കെതിരെ ആദ്യമായി വ്യാപക അതൃപ്തി സൃഷ്ടിച്ചത് മുഖ്യമന്ത്രിയാണെന്നും ഇന്നലെ ആക്രമണത്തിന് പ്രേരിപ്പിച്ചത് അവരാണെന്നും കൂട്ടിച്ചേര്‍ത്തു.

Content Highlight: Clashes in West Bengal; High Court orders deployment of central forces