ടെല്‍ അവീവ്: യു.എസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന തീരുവകള്‍ പിന്‍വലിച്ച് ഇസ്രഈല്‍. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന മുഴുവന്‍ തീരുവകളും പിന്‍വലിച്ചതായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
വ്യാപാരപങ്കാളിത്തമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ തീരുവ ചുമത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കിടെയാണ് ഇസ്രഈലിന്റെ തീരുമാനം. ഇസ്രഈലിന്റെ ഏറ്റവും വലിയ വ്യാപാരകക്ഷിയാണ് യു.എസ്. കണക്കുകള്‍ പ്രകാരം, 2024ല്‍ 34 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇസ്രഈലും യു.എസും തമ്മില്‍ നടത്തിയത്.
നിലവില്‍ യു.എസ് ഉത്പന്നങ്ങളുടെ തീരുവ ഒഴിവാക്കാനുള്ള തീരുമാനം ഇസ്രഈല്‍ ധനകാര്യമന്ത്രി നിര്‍ ബറാകാത് കൂടി ഒപ്പുവെച്ചാല്‍ നടപ്പിലാകും. വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാകുന്നതിന്റെ ഭാഗമാണ് തീരുമാനമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നേരത്തെ യു.എസും ഇസ്രഈലും തമ്മില്‍ സ്വതന്ത്രവ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു. കരാര്‍ അനുസരിച്ച് 98 ശതമാനം യു.എസ് ഉത്പന്നങ്ങള്‍ക്കും ഇസ്രഈല്‍ തീരുവ ചുമത്തുന്നില്ല. യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഇസ്രഈല്‍ തീരുവ ചുമത്തുന്നത്.
അതിനാല്‍ തന്നെ തീരുവ ഒഴിവാക്കാനുള്ള ഇസ്രഈലിന്റെ തീരുമാനം രാഷ്ട്രീയ ഇടപെടല്‍ മാത്രമാണെന്നാണ് വിലയിരുത്തല്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് 40 വര്‍ഷത്തെ പഴക്കമുണ്ട്.
2024ല്‍ യു.എസിലേക്കുള്ള ഇസ്രഈല്‍ കയറ്റുമതി 17.2 ബില്യണ്‍ ഡോളറായിരുന്നു. യു.എസില്‍ നിന്നുള്ള ഇറക്കുമതി 9.2 ബില്യണ്‍ ഡോളറുമായിരുന്നു. 2024ല്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ ഇസ്രഈല്‍ കയറ്റുമതി നടത്തിയത് ചൈനയിലേക്കാണ്. ഏകദേശം 13.5 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി.
അതേസമയം ട്രംപ് പ്രഖ്യാപിച്ച താരിഫുകള്‍ ഇന്ന് (ഏപ്രില്‍ രണ്ടിന്) പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിരുന്നു. ട്രംപ് ഇന്ന് പരസ്പര താരിഫുകള്‍ പ്രഖ്യാപിക്കുമെന്നും ഏപ്രില്‍ മൂന്ന് മുതല്‍ വാഹന താരിഫുകള്‍ പ്രാബല്യത്തില്‍ വരുമെന്നുമാണ് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചത്.
പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് ഇറക്കുമതി തീരുവകളുടെ ഭാഗമായി പരസ്പര താരിഫുകള്‍ ചുമത്തി ട്രംപ് ഉത്തരവ് പുറത്തിറക്കിയത്. പകരത്തിന് പകരം എന്ന നിലയിലാണ് ട്രംപിന്റെ താരിഫ് ഉത്തരവുകള്‍.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കായിരിക്കും ട്രംപ് തീരുവ ചുമത്തുക. കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് ഉയര്‍ന്ന താരിഫുകള്‍, ലോഹങ്ങള്‍ക്ക് മേഖലാധിഷ്ഠിത താരിഫുകള്‍, ഇറക്കുമതി ചെയ്യുന്ന കാര്‍ അടക്കമുള്ള വാഹനങ്ങള്‍ക്കുള്ള താരിഫുകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
Content Highlight: Israel bows to Trump; removes all tariffs on US products