കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് നേരെ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് നടത്തിയ പരാമര്‍ശം കേരളത്തിന്റെ സാംസ്‌കാരിക ഔന്നത്യത്തിന് ചേരാത്ത ഒന്നായെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
സുധാകരന് എതിരായി നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായും പ്രതിഷേധം രേഖപ്പെടുത്തുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘കേരളം രാഷ്ട്രീയ രംഗത്ത് വലിയ പ്രതിപക്ഷ ബഹുമാനം കാണിക്കുന്ന സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ പൊതുപ്രവര്‍ത്തകര്‍ പരസ്പര ബഹുമാനവും, ആദരവും കാത്തുസൂക്ഷിക്കാറുമുണ്ട്. ഇത് നമ്മുടെ പൊതുവായ സംസ്‌കാരത്തിന്റെ ഭാഗവുമാണ്.
ഏത് സാഹചര്യത്തിലാണെങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതും, ഒഴിവാക്കപ്പെടേണ്ടതുമായിരുന്നു,’ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
കേരളത്തിലെ പൊതുമണ്ഡലത്തില്‍ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളിലൊരാളാണ് കെ. സുധാകരന്‍. ലക്ഷക്കണക്കായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമായ സുധാകരനെതിരെ നടത്തിയിട്ടുള്ള പരാമര്‍ശം, നമുക്കിടയില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായുള്ള സഹവര്‍ത്തിത്വത്തെ കളങ്കപ്പെടുത്താനേ ഉപകരിക്കൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പുതിയ തലമുറക്ക് മാതൃകയാവേണ്ടവരാണ് പൊതുപ്രവര്‍ത്തകര്‍. അവരുടെ മനസിലേക്ക് സംഹാരത്തിന്റെ സന്ദേശങ്ങള്‍ പ്രസരണം ചെയ്യുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പൊതുപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൂട. അങ്ങിനെ സംഭവിക്കുന്നത് അവരുടെ മനസിലേക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്ന ബോധം നമുക്കുണ്ടാവണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കെ. സുധാകരന്റെ ജീവന്‍ സി.പി.ഐ.എമ്മിന്റെ ഭിക്ഷയാണെന്നാണ് സി.വി. വര്‍ഗീസ് പറഞ്ഞത്. ഇടുക്കി ചെറുതോണിയില്‍ സംഘടിപ്പിച്ച സി.പി.ഐ.എം പൊതുയോഗത്തിലാണ് സി.വി. വര്‍ഗീസിന്റെ പ്രസംഗമുണ്ടായത്.
‘സി.പി.ഐ.എം എന്ന പാര്‍ട്ടിയുടെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണം. പ്രിയപ്പെട്ട കോണ്‍ഗ്രസുകാരന്‍ പറയുന്നതെന്താ, കണ്ണൂരില്‍ ഏതാണ്ട് വലിയത് നടത്തി. ഇടുക്കിയിലെ കോണ്‍ഗ്രസുകാര നിങ്ങള്‍ കരുതിക്കോ, സുധാകരനെന്ന ഭിക്ഷാംദേഹിക്ക് ഞങ്ങള്‍ സി.പി.ഐ.എം കൊടുക്കുന്ന ഭിക്ഷയാണ് സുധാകരന്റെ ജീവിതം.
ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ലാത്തതുകൊണ്ടാണ്. ഭിക്ഷയാണ് ഈ ജീവിതമെന്ന് കോണ്‍ഗ്രസുകാര്‍ മറക്കരുത്. ഇടുക്കിയില്‍ വന്ന് നാറികളെ കൂട്ടുപിടിച്ച് സുധാകരന്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്.
ധീരജിനെ കുത്തികൊലപ്പെടുത്തിയ പ്രതിക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടതെന്ന് സി.പി.ഐ.എം തീരുമാനിക്കും,’ സി.വി. വര്‍ഗീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ കെ. സുധാകരന്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ സി.പി.ഐ.എമ്മിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കെ. സുധാകരന്‍ ഉന്നയിച്ചത്. ഇതാണ് ചെറുതോണിയില്‍ സി.പി.ഐ.എം യോഗം സംഘടിപ്പിക്കാനുണ്ടായ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.