ഭയപ്പെടുത്തലില്‍ വഴങ്ങില്ല, അധികാര വമ്പ് കാണിച്ച് പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാമെന്നത് അതിമോഹം; ഫിറോസിന്റെ അറസ്റ്റില്‍ കുഞ്ഞാലിക്കുട്ടി
Kerala News
ഭയപ്പെടുത്തലില്‍ വഴങ്ങില്ല, അധികാര വമ്പ് കാണിച്ച് പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാമെന്നത് അതിമോഹം; ഫിറോസിന്റെ അറസ്റ്റില്‍ കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd January 2023, 2:39 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരില്‍ ഇനിയും ഉച്ചത്തില്‍ സംസാരിക്കുകയും വേണ്ടിവന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നില്‍ നില്‍ക്കുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

യൂത്ത് ലീഗ് സമരത്തില്‍ പൊതുമുതലൊന്നും നശിപ്പിച്ചിട്ടില്ല. സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അനാവശ്യ സമരങ്ങള്‍ പോലുമുണ്ടാക്കി അതിന്റെ സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തില്‍ വന്ന ഇടതുപക്ഷസര്‍ക്കാര്‍ ജനകീയ സമരങ്ങളോട് ഇപ്പോള്‍ കാണിക്കുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘മുസ്‌ലിം യൂത്ത് ലീഗ് സേവ് കേരള മാര്‍ച്ചിനെ അതിക്രൂരമായാണ് പൊലീസ് നേരിട്ടത്. ശേഷം മുപ്പതോളം യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജയിലിലടക്കുകയും ചെയ്തു. അവര്‍ക്കെതിരെല്ലാം ഇല്ലാക്കഥകള്‍ ഉണ്ടാക്കിയാണ് കേസെടുത്തത്.
ഇപ്പോള്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്.

ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ല. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഇനിയും ഉച്ചത്തില്‍ സംസാരിക്കുകയും വേണ്ടിവന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നില്‍ നില്‍ക്കുകയും ചെയ്യും. ജനാധിപത്യത്തെ അടിച്ചമര്‍ത്താന്‍ ആര്‍ക്കും കഴിയില്ല എന്നോര്‍മിക്കണം,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരുവനന്തപുരം പാളയത്ത് വെച്ചാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് പി.കെ. ഫിറോസ്. കേസില്‍ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്.

പൊലീസിനെ ആക്രമിച്ചതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ഫിറോസിനോട് നേരത്തെ പൊലീസ് ആവശ്യപ്പെട്ടിരുന്നു.