കൊച്ചി:നടന്‍ ദിലീപിനെ തിരിച്ച് എടുക്കാനുള്ള തീരുമാനത്തിനെതിരെ അമ്മയുടെ യോഗത്തില്‍ പ്രതികരിക്കാന്‍ കഴിയാതിരുന്നതില്‍ പശ്ചാത്താപിക്കുന്നെന്ന് നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍, ധാര്‍മ്മികമല്ലാത്ത ഈ പ്രവര്‍ത്തിയോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മുന്‍പില്‍ നിര്‍ത്തി, ഒരു സംഘം സ്ഥാപിത താല്‍പര്യക്കാര്‍ കരുക്കള്‍ നീക്കുകയാണെന്നു മറ്റു പലരേയുംപോലെ ഞാനും വിശ്വസിക്കുന്നുവെന്നും മുറിവേല്‍ക്കുന്ന സ്ത്രീത്വത്തോടൊപ്പം എന്നും ഉണ്ടാകുമെന്നും ബാലചന്ദ്രന്‍ വ്യക്തമാക്കി. വിഷയത്തില്‍ സാംസ്‌ക്കാരിക രാഷ്ട്രീയ സിനിമാ രംഗത്തെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.
അതേസമയം എ.എം.എം.എയില്‍ അംഗങ്ങളായ ഇടതുപക്ഷ ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ദിലീപിനെ തിരിച്ചെടുക്കാനുള്ള എ.എം.എം.എയുടെ തീരുമാനത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള ഇടതുപക്ഷ നേതാക്കള്‍ ശക്തമായി രംഗത്തെത്തിയ സാഹചര്യത്തില്‍ ഈ ജനപ്രതിനിധികള്‍ എ.എം.എം.എയില്‍ തുടരുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
കൊല്ലം എം.എല്‍.എ മുകേഷ്, പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാര്‍, ചാലക്കുടി എം.പി ഇന്നസെന്റ് എന്നിവര്‍ ഒന്നുകില്‍ എ.എം.എം.എയില്‍ നിന്നും രാജിവെക്കുക, അല്ലെങ്കില്‍ ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഇതേസമയം, തന്റെ നിരപരാധിത്വം തെളിയിക്കും വരെ താന്‍ “അമ്മ” അടക്കമുള്ള ഒരു സംഘടനയിലും സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ച് നടന്‍ ദിലീപ് ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് “അമ്മ” ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്ത് ദിലീപ് തന്റെ എഫ്ബി പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
പി ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും, ദിലീപിനെ തിരിച്ചെടുത്ത നടപടിയും നിഗൂഢമായ ചര്‍ച്ചക്ക് ശേഷം അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ പൊടുന്നനെ അറിയിക്കുകയായിരുന്നു. അപ്പോള്‍ തന്നെ പ്രതികരിക്കാന്‍ കഴിയാതെ പോയതില്‍ പശ്ചാത്താപമുണ്ട്. ധാര്‍മ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മുന്‍പില്‍ നിര്‍ത്തി, ഒരു സംഘം സ്ഥാപിത താല്‍പര്യക്കാര്‍ കരുക്കള്‍ നീക്കുകയാണെന്നു മറ്റു പലരേയുംപോലെ ഞാനും വിശ്വസിക്കുന്നു. മുറിവേല്‍ക്കുന്ന സ്ത്രീത്വത്തോടൊപ്പം എന്നും ഉണ്ടാകും.
പി ബാലചന്ദ്രന്‍.
——————————–
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.