ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിന് പിന്നാലെ കേന്ദ്രത്തെ ശാസിച്ച് ദല്‍ഹി ഹൈക്കോടതി. ഏറ്റവും രൂക്ഷമായ ഭാഷയിലാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.
ഓക്‌സിജന്‍ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെ എങ്ങനെയാണ് കേന്ദ്രത്തിന് ഇങ്ങനെ അവഗണിക്കാന്‍ സാധിക്കുന്നതെന്നും കോടതി ചോദിച്ചു. പൗരന്മാര്‍ക്ക് സര്‍ക്കാരിനെ തന്നെയല്ലേ ആശ്രയിക്കാന്‍ സാധിക്കൂ. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ എന്ത് ചെയ്തിട്ടായാലും ജനങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിക്കണമെന്ന് കോടതി പറഞ്ഞു.
ചുറ്റും നടക്കുന്ന കാര്യങ്ങളെ എങ്ങനെയാണ് ഇങ്ങനെ അവഗണിക്കാനും മറന്നുകളയാനും സാധിക്കുന്നത്. ഓക്‌സിജന്‍ ലഭിക്കാത്തതിന്റെ പേരില്‍ ജനങ്ങളെ മരിക്കാന്‍ വിടാന്‍ കഴിയില്ല. നിങ്ങള്‍ ഇങ്ങനെ സമയമെടുക്കുമ്പോള്‍ ആളുകള്‍ മരിച്ചു വീഴുകയാണ്. ജനങ്ങള്‍ മരിക്കുമ്പോഴും നിങ്ങള്‍ക്ക് കമ്പനികളെ കുറിച്ചാണ് ചിന്തിക്കുന്നത്, ഇത്തരമൊരു അടിയന്തര ഘട്ടത്തില്‍ പോലും. മനുഷ്യജീവന് ഈ സര്‍ക്കാര്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് തന്നെയാണ് അതിന്റെ അര്‍ത്ഥമെന്നും കോടതി പറഞ്ഞു.
ആശുപത്രികള്‍ക്ക് ഓക്‌സിജനില്ലാതെ പ്രവര്‍ത്തിക്കേണ്ടി വരുന്നത് മനസ്സിലാക്കാന്‍ പോലുമാകുന്നില്ല. രാജ്യം മുഴുവന്‍ ഓക്‌സിജന്‍ എത്തിക്കാനായി കേന്ദ്രം എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഉടന്‍ അറിയണമെന്നും കോടതി പറഞ്ഞു.
ഓക്‌സിജന്റെ ഡിമാന്‍ഡ് ഏറെ വര്‍ധിച്ചിരിക്കുകയാണ്. ഓക്‌സിജന്‍ ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഏതുവിധേനയും ജനങ്ങളുടെ മൗലികവകാശമായ ജീവനുള്ള അവകാശം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
പെട്രോളിയം, സ്റ്റീല്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്‌സിജന്‍ ആശുപത്രികളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് എന്താണ് ചെയ്തതെന്ന് ചോദിച്ച കോടതി ഫയലുകള്‍ നീക്കുന്നുണ്ടെന്ന് പറഞ്ഞിരിക്കേണ്ടെന്നും പറഞ്ഞു.
ടാറ്റ കമ്പനിയ്ക്ക് അവരുടെ സ്റ്റീല്‍ പ്ലാന്റില്‍ നിന്നും ഓക്‌സിജന്‍ എത്തിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്കും സാധിക്കില്ലേയെന്നും കോടതി ചോദിച്ചു. മനുഷ്യത്വം എന്നൊന്നുന്നില്ലേ. വ്യവസായികള്‍ സഹായിക്കും. ഇത് അടിയന്തര സാഹചര്യമാണ്. നിങ്ങള്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് പറഞ്ഞാല്‍ ഒരു വ്യവസായിയും പറ്റില്ലെന്ന് പറയില്ല. മാത്രമല്ല, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനികളുമുണ്ടല്ലോയെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച് നിരവധി നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം നല്‍കിയിട്ടും എന്താണ് ഒരു ദിവസം മുഴുവന്‍ നിങ്ങള്‍ ചെയ്തതെന്നും കോടതി ചോദിച്ചു.
എന്താണ് സര്‍ക്കാരിന് ഇപ്പോഴും യാഥാര്‍ത്ഥ്യം മനസ്സിലാകാത്തത്. ഞങ്ങള്‍ ഞെട്ടിയിരിക്കുകയാണ്. എന്താണ് ഇവിടെ സംഭവിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ ഇവിടെ എല്ലാം തകിടംമറിയും.
ആയിര കണക്കിന് പേര്‍ മരിച്ചുവീഴുന്നത് കാണണമെന്നാണോ കേന്ദ്രം കരുതുന്നതെന്നും ദയവ് ചെയ്ത് സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക