ഭോപ്പാൽ: മധ്യപ്രദേശിലെ ഖണ്ട്‌വ ജില്ലയിലെ മാൽവ-നിമർ മേഖലയിൽ നടന്ന ‘മശാൽ’ (പന്തം) ഘോഷയാത്രയ്ക്കിടെ 30ലധികം പേർക്ക് പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഘണ്ടാഘർ ചൗക്കിൽ സ്ത്രീകളും കുട്ടികളുമടക്കം 250ലധികം ആളുകൾ ഘോഷയാത്രയിൽ പങ്കെടുക്കാൻ ഒത്തുകൂടിയിരുന്നു.
ഘോഷയാത്ര അവസാനിച്ചയുടൻ പരിപാടിയിൽ പങ്കെടുത്തവർ ഘണ്ടാഘർ ചൗക്കിൽ കൈയിൽ ‘മശാൽ’ (പന്തം) പിടിച്ച് ഒത്തുകൂടുകയാണ് ചെയ്യേണ്ടിയിരുന്നത്. പന്തം കെടുത്താൻ ശ്രമിക്കവെയാണ് തീ പടർന്നത്. തീ പടർന്നതോടെ പരിഭ്രാന്തരായ ആളുകൾ ചിതറി ഓടുകയായിരുന്നു. തുടർന്ന് നിരവധി പേർ തിക്കിലും തിരക്കിലും പെട്ടു.
സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാഥമിക വിവരമനുസരിച്ച് 30ലധികം ആളുകളെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അതിൽ കൂടുതലും കുട്ടികളും സ്ത്രീകളും ആണ്.
ഭൂരിഭാഗം പേർക്കും മുഖത്തും കൈക്കുമാണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. 18 പേർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ 12 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടക്കുമ്പോൾ ചില പ്രാദേശിക ബി.ജെ.പി നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കുന്നതിനായി ‘വീർ യുവ മഞ്ച്’ സംഘടിപ്പിച്ച ഘോഷയാത്ര മുംബൈയിൽ 26/11 ഭീകരാക്രമണത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കാനായിരുന്നു ജനങ്ങൾ എത്തിയത്.
ഘോഷയാത്ര നടത്താൻ ഭരണകൂടം സംഘടനയെ അനുവദിച്ചിട്ടുണ്ടെന്ന് ഖണ്ട്വ എസ്.പി മനോജ് കുമാർ റായ് പറഞ്ഞു.
‘സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർക്ക് കൈകളിലും മുഖത്തും കാലിലും പൊള്ളലേറ്റു. പരിക്കേറ്റ 12 പേർ ഇപ്പോഴും സർക്കാർ ആശുപത്രിയിൽ ആണ്. ഇവർ അപകടനില തരണം ചെയ്തു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Over 30 sustain burn injuries during ‘mashaal’ procession in MP