കോംഗോയില്‍ വീണ്ടും അഗ്‌നിപര്‍വ്വത സ്‌ഫോടന ഭീഷണി; അഭയാര്‍ഥികളായി ജനം ദുരിതത്തില്‍
World News
കോംഗോയില്‍ വീണ്ടും അഗ്‌നിപര്‍വ്വത സ്‌ഫോടന ഭീഷണി; അഭയാര്‍ഥികളായി ജനം ദുരിതത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th May 2021, 11:25 pm

കിന്‍ഷാസ: ശനിയാഴ്ച രാവിലെ അതിതീവ്ര ഭൂചലനമുണ്ടാതോടെ ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് കോംഗോയില്‍ വീണ്ടും അഗ്‌നിപര്‍വ്വത സ്‌ഫോടന ഭീഷണി. കോംഗോയിലെ മൗണ്ട് നിരാഗോംഗോ പരിസരത്തുള്ള പ്രദേശവാസികളാണ് രണ്ടാമതും അഗ്‌നിപര്‍വ്വത സ്ഫോടനത്തിന്റെ ഭീഷണിയിലായത്.

കഴിഞ്ഞ ആഴ്ച അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് പേര്‍ അഭയാര്‍ഥികളാകുകയും ചെയ്തിരുന്നു. ശനിയാഴ്ച ഉണ്ടായ ഭൂചലനത്തെ തുടര്‍ന്നും
നിരവധി പേരാണ് പ്രാണരക്ഷാര്‍ഥം പലായനം ചെയ്തത്.

ഗോമ നഗരത്തിന് പടിഞ്ഞാറ് 25 കിലോമീറ്റര്‍ അപ്പുറത്താണ് പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നത്. ഇവര്‍ ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമം അനുഭവിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ച എത്തിയതിനു ശേഷം താനും ഏഴു മക്കളും ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അഭയാര്‍ഥിയായ 36 കാരി കബുവോ ആസിഫിവെ റോയിട്ടേഴ്സിനോട് പറഞ്ഞു.

‘ഞങ്ങള്‍ താമസം മാറിയതിനുശേഷം ഇവിടെ ഒന്നുമില്ല. ഞങ്ങള്‍ പട്ടിണിയിലാണ്. രണ്ടാമത്തെ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് പറയുന്നത്,’ ഒരു വയസുകാരിയെ കയ്യില്‍ പിടിച്ച് കരഞ്ഞുകൊണ്ട് കബുവോ പറയുന്നു.

റുവാണ്ട അതിര്‍ത്തി പ്രദേശത്തെ നഗരമാണ് ഗോമ. കോംഗോയിലെ പ്രധാനപ്പെട്ട നഗരമായ ഗോമയില്‍ 20 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലുണ്ടായ അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് ഒഴുകിയെത്തിയ ലാവ നഗരത്തിന്റെ ഒരു ഭാഗത്തെ വിഴുങ്ങിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

CONTENT HIGHLIGHTS : Another threat of volcanic eruption in Congo