Arushi- Beyond Doubt എന്നൊരു ഡോക്യുമെന്ററി ഉണ്ട്. നീതിയും നിയമവും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റ ഇത്രമേല്‍ ഭീതിജനകമായ ഒരാഖ്യാനം ഞാന്‍ മുമ്പെങ്ങും കണ്ടിട്ടില്ല.. അതൊരു ഡോക്യുമെന്ററി ആയിരുന്നെന്നും, ആരുഷിയും, ഹേംരാജും, രാജേഷ്-നുപൂര്‍ തല്‍വാര്‍ ദമ്പതികളും നമ്മുടെ അതേ കാലത്ത് നമ്മുടെ അതേ രാജ്യത്ത് ജീവിച്ചിരുന്ന മനുഷ്യരായിരുന്നെന്നും, ആലോചിച്ചത് കൊണ്ട് മാത്രം ആ ഭീതി കുറെയേറെ നാള്‍ എന്നെ പിന്തുടര്‍ന്നിരുന്നു.. അന്വേഷണത്തിന്റെ തുടക്കത്തിലേ ഹേംരാജിലേക്ക് കുറ്റം ആരോപിക്കപ്പെടുകയും അയാള്‍ കൊല്ലപ്പെട്ടു എന്നു തിരിച്ചറിയുന്നിടം വരെ അത് നീളുകയും ചെയ്യുന്നുണ്ട്…
ഈ കുറ്റമാരോപിക്കല്‍ പ്രക്രിയ അത്രപോലും നിഷ്‌കളങ്കമല്ല.. പ്രിവിലേജും/സോഷ്യല്‍ ക്യാപിറ്റലുമായി ബന്ധപ്പെട്ട ഒരു സംഗതിയാണത്… ഉത്തരേന്ത്യയില്‍ ഒരു ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യങ്ങള്‍ക്ക് മുന്നിലിരിക്കുമ്പോള്‍, പെട്ടെന്ന് സ്വന്തം പേരിനെ കുറിച്ചോര്‍ത്തു ഭയപ്പെട്ടു പോയ അനുഭവത്തെ കുറിച്ച് സമീര്‍ ന്നൊരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്… കുറ്റവാളിയാക്കപ്പെടുക എന്നതില്‍ ഈ വര്‍ഗ്ഗ സമവാക്യങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്.. പേര് മുതല്‍ ഇങ്ങോട്ടുള്ള ഘടകങ്ങള്‍ ഓരോന്നും. നിങ്ങളുടെ പേര് എന്നത് നിങ്ങളുടെ പേരല്ല, നിങ്ങളെ വിളിക്കാന്‍ ഉപയോഗിക്കുന്ന പേരാണ് എന്നു ഹേബര്‍മാസ് എഴുതിയതിനെ നിങ്ങളുടെ പേര് നിങ്ങളെ കൊല്ലാന്‍/ശിക്ഷിക്കാന്‍ ഉപയോഗിക്കുന്ന പേരാണ് എന്നു നീട്ടി വായിക്കേണ്ടി വരുന്ന ഇന്ത്യന്‍ പരിതസ്ഥിതിയിലാണ് നമ്മള്‍ ജീവിക്കുന്നത്..
ഒരു കുപ്രസിദ്ധ പയ്യന്‍ കണ്ടിറങ്ങുമ്പോള്‍ ബാക്കിയാവുന്നത് അതേ ഭീതിയാണ്. “ആരുമില്ലാത്ത ഒരാളാണ് അജയന്‍” എന്നു തുടക്കത്തിലേ ഒരു പോലീസുകാരന്‍ തന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനോട് പറയുന്നുണ്ട്. ആരുമില്ല, എന്നാല്‍ മറ്റൊരാര്‍ത്ഥത്തില്‍ അധികാരമില്ല എന്നാണ്, ക്യാപിറ്റല്‍ ഇല്ല എന്നാണ്. അയാള്‍ അണ്ടര്‍ പ്രിവിലേജ്ഡ് ആയ തൊഴിലാളി ആണ്. വിഭവങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട വലിയ രാഷ്ട്രീയത്തെ നാം ആ ചെറിയ സംഭാഷണത്തോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
പിന്നീടങ്ങോട്ട് നടക്കുന്ന കുറ്റവാളിയാക്കല്‍ പ്രക്രിയയിലുടനീളം നമ്മള്‍ കണ്ണടച്ചിരുന്ന് ആലോചിക്കുന്നുണ്ട്, നമ്മള്‍ക്കാരാണ് ഉള്ളതെന്ന്, എപ്പോഴാണ് നമ്മള്‍ കുറ്റവാളിയാക്കപ്പെടുക എന്നത്… സിസ്റ്റത്തെയാണ് നമ്മള്‍ ഇവിടെ യഥാര്‍ഥത്തില്‍ ഭയപ്പെടുന്നത്. വ്യക്തികളുടെ ഇന്റിവിജ്വല്‍ ഹീറോയിസം, ഇവിടെ അപ്രസക്തമാണ്. “ദൈവത്തിന്റെ വഴിയിലൂടെ നടക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല” എന്ന “നന്മ നിറഞ്ഞ പോലീസുകാരന്റെ” വാക്കുകളില്‍ അത് വ്യക്തമാണ്. മലയാളത്തിലെ ക്രൈം സിനിമ ഴാനറുകളില്‍, പൊതുവില്‍ പ്രത്യക്ഷപ്പെടാറുള്ള, ഭരത് ചന്ദ്രന്‍ മോഡല്‍ ഹീറോയിസത്തെ തകിടം മറിക്കുന്ന, പുതിയ ക്രൈം സിനിമാ സാധ്യതകളെ തന്നെയാണ് സിനിമ മുന്നോട്ടു വക്കുന്നത്.. വ്യക്തി ഹീറോ ആവുന്നതിലല്ല, വ്യവസ്ഥിതി ജനാധിപത്യമായിരിക്കുന്നതിലാണ് നീതി നിലകൊള്ളുന്നത് എന്നു സിനിമ കൃത്യമായി പറഞ്ഞു വയ്ക്കുന്നുണ്ട്.
സിസ്റ്റത്തോടുള്ള ആ ഭീതി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന കാഴ്ച്ച സിനിമയിലുടനീളം പ്രകടമാണ്.. അത് അജയനില്‍ മാത്രമായി ചുരുങ്ങുന്നില്ല.. അജയനെതിരെ സാക്ഷി പറയാന്‍ നിര്‍ബന്ധിതമാവുന്ന, ഒടുവില്‍ അജയനെ ചേര്‍ത്തു പിടിച്ചു പൊട്ടിക്കരയേണ്ടി വരുന്ന, സുഹൃത്ത് മുതല്‍, കോടതി മുറിയില്‍ നിസ്സഹായനായി പോവുന്ന അജയന്റെ മുതലാളിയിലേക്ക് വരെ, അത് പടരുന്നുണ്ട്…
സ്ത്രീകളാണ് ആ ഭീതിയെ മറികടക്കുന്നത്.. “കൂടെയുണ്ട്” എന്നു പറഞ്ഞു ചേര്‍ത്തു പിടിക്കുന്ന അജയന്റെ കാമുകി മുതല്‍ ഹന്ന വരെയുള്ള സ്ത്രീകള്‍. കാുീേെലൃ ്യെിറൃീാ ത്തിന്റെ ഭീതിയെ ഉള്‍വഹിക്കുന്ന ഹന്നയുടെ കോടതിയിലെ പ്രകടനം സിനിമയെ കൂടുതല്‍ സാധ്യതകളിലേക്ക് നയിക്കുന്നുണ്ട്.. നീതിക്ക് വേണ്ടിയുള്ള ഒരു സമരം ഹന്നയുടെ (നിമിഷ സജയന്‍) പ്രകടനത്തില്‍ വിസിബിള്‍ ആണ്..ആ പ്രകടനത്തില്‍ ഹന്നയെ മുന്നോട്ട് നയിക്കുന്ന ഒരു ഘടകം നീതിബോധം മാത്രമാണ്.. സിസ്റ്റം തോല്‍ക്കാതിരിക്കാനുള്ള സമരമാണ് അത്.. അയാള്‍ കുറ്റവാളിയാണെങ്കിലോ എന്നു ഹന്ന ആദ്യം ആശങ്കപ്പെടുന്നുണ്ട്.. ആശങ്കകള്‍ കൊണ്ട് അവള്‍ സത്യങ്ങളുടെ ചുരുളഴിക്കുന്നുണ്ട്.
സത്യം ജയിക്കുന്നതിനെ കുറിച്ചുള്ള ആശങ്കയില്‍, ആ സമരത്തില്‍ ഒറ്റക്കായിപ്പോവുന്നതിനെ കുറിച്ചുള്ള സംഘര്‍ഷത്തില്‍ അവള്‍ ഓക്കാനിക്കുന്നുണ്ട്, തളര്‍ന്നു വീഴുന്നുണ്ട്. ഒടുവില്‍ നീതി ജയിക്കുമ്പോള്‍ ഹന്ന അജയനെ ചേര്‍ത്തു പിടിക്കുന്നുണ്ട്. ഹന്നയോടൊപ്പം സിസ്റ്റം കൂടിയാണ് ജയിക്കുന്നത്.. നിയമം ഒരു സാധാരണ മനുഷ്യനെ ചേര്‍ത്തു പിടിക്കുകയാണ്.. കുറ്റവാളിയാക്കപ്പെടുമോ എന്ന ഭീതിയില്‍ നിന്ന് പതുക്കെ നമ്മള്‍ കരകയറുന്നുണ്ട്… ജനാധിപത്യത്തിന്റെ ഒരു സാധ്യതയാണത്. കോടതി വ്യവഹാരങ്ങളില്‍ ബാക്കിയാവുന്ന ഒരു പ്രത്യാശയാണത്… ജനാധിപത്യത്തോടുള്ള ഒരു ബഹുമാനം ഉണ്ടാവുന്നുണ്ട് അവിടെ.. അതേ സമയം സിനിമ കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍, വീണ്ടും കുറ്റവാളിയാക്കപ്പെടുന്നതിന്റെ ഭീതി നമ്മളെ വന്നു തൊടുന്നുണ്ട്.. നിയമവും നീതിയും തമ്മിലുള്ള ആ സംഘര്‍ഷത്തിലാണ് സിനിമ സാധ്യമാവുന്നത്.
അതാണ്, യഥാര്‍ത്ഥത്തില്‍ സിനിമയുടെ രാഷ്ട്രീയവും..