ഓപ്പണ്‍ഹെയ്‍മറെ വെട്ടിച്ച്‌ ബാർബി; ഗ്ലോബൽ കളക്ഷൻ 1000 കോടി
Film News
ഓപ്പണ്‍ഹെയ്‍മറെ വെട്ടിച്ച്‌ ബാർബി; ഗ്ലോബൽ കളക്ഷൻ 1000 കോടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th July 2023, 9:17 pm

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ ഓപ്പൺഹൈമർ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഈ ചിത്രത്തിന് ഒപ്പം തന്നെ ഗ്രെറ്റ ഗെർവിഗിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഫാന്റസി കോമഡി ചിത്രം ബാർബിയും റിലീസ് ചെയ്തിരുന്നു.

രണ്ട് ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലോകമെമ്പാടും ലഭിച്ചത്. ഇപ്പോഴിതാ റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴുള്ള ഇരു ചിത്രങ്ങളുടെയും കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഇന്ത്യന്‍ കളക്ഷനില്‍ ബാര്‍ബിയേക്കാള്‍ മുന്നില്‍ ഓപ്പണ്‍ഹെയ്‍മര്‍ ആണെങ്കില്‍ ആഗോള ബോക്സ് ഓഫീസിൽ അതല്ല അവസ്ഥ, യു.എസ് അടക്കമുള്ള മാര്‍ക്കറ്റുകളിൽ ബഹുദൂരം മുന്നിൽ ബാർബിയാണ്.

ഇരു ചിത്രങ്ങളും വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യപ്പെട്ടതെങ്കിലും മറ്റ് നിരവധി രാജ്യങ്ങളില്‍ ഇരുചിത്രങ്ങളും വ്യാഴാഴ്ച തന്നെ പ്രദര്‍ശനം ആരംഭിച്ചിരുന്നു.

യു.എസിൽ നിന്ന് വരാന്ത്യത്തിൽ ബാര്‍ബി നേടിയത് 155 മില്യണ്‍ ഡോളര്‍ ആണ്. അതായത് 1270.8 കോടി ഇന്ത്യന്‍ രൂപ.

 

അതിന്‍റെ പകുതിയോളമാണ് ഓപ്പണ്‍ഹെയ്മര്‍ വാരാന്ത്യ കളക്ഷനായി നേടിയിട്ടുള്ളത്. 80 മില്യണ്‍ ഡോളര്‍ (656 കോടി രൂപ). ഇരുചിത്രങ്ങളും ചേര്‍ന്ന് ആദ്യ വാരാന്ത്യത്തിൽ യു.എസ് ബോക്സ് ഓഫീസില്‍ നിന്ന് മാത്രം കൊയ്തിരിക്കുന്നത് 1927 കോടി രൂപയാണ്.

യു.എസിന് പുറമെയുള്ള മാർക്കറ്റുകളുടെ കളക്ഷൻ കൂടി എടുക്കുമ്പോൾ ബാർബിയുടെ കളക്ഷൻ റെക്കോഡ് ഇടും എന്ന് ഉറപ്പ്.

യു.എസ് ബോക്സ് ഓഫീസിലെ എക്കാലത്തെയും മികച്ച വാരാന്ത്യ കളക്ഷനുകളുടെ ലിസ്റ്റിലേക്ക് ഇടംപിടിക്കുകയാണ് ഇരു ചിത്രങ്ങളും.

കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ വാരാന്ത്യ കളക്ഷനാണ് ഇത്. എക്കാലത്തെയും നാലാമത്തേതും. വലിയ വിജയം നേടിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസികളിലെ ചിത്രങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലെന്നത് ശ്രദ്ധേയമാണ്.

അവഞ്ചേഴ്സ് എന്‍ഡ് ഗെയിം, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍, സ്റ്റാര്‍ വാര്‍സ് ദി ഫോഴ്സ് എവേക്കന്‍സ് എന്നീ ചിത്രങ്ങളാണ് യു.എസ് ബോക്സ് ഓഫീസില്‍ എക്കാലത്തെയും വലിയ വാരാന്ത്യ കളക്ഷന്‍ ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

അതേസമയം ഇന്ത്യയിൽ നിന്ന് ഇരു ചിത്രങ്ങളും കൂടി 70 കോടിയോളം രൂപ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് ഓപ്പൺഹൈമർ 50 കോടിയോളം രൂപയാണ് നേടിയത്.

കിലിയൻ മർഫിയാണ് ചിത്രത്തിൽ ഓപ്പൺഹൈമർ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തിൽ ചിത്രത്തിൽ എത്തിയത്. ബി.ബി.സി സീരിസ് പീക്കി ബ്ലൈൻഡേഴ്സിലൂടെ ശ്രദ്ധയേനായ നടനാണ് കിലിയൻ മർഫി.

രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് ഓപ്പൺഹൈമറിന്റെ കഥാപശ്ചാത്തലം.

ആറ്റംബോംബ് കണ്ടെത്തിയ മാൻഹാട്ടൻ പ്രൊജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പൻഹൈമർ. അദ്ദേഹത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

ഹോളിവുഡ് സൂപ്പർ താരം റോബർട്ട് ഡൗണി ജൂനിയർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പൂർണ്ണമായും 70 mm ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

Content Highlight: Oppenheimer and Barbie’s weekend Global Box office collection