കാലിഫോര്‍ണിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ പുതിയ മോഡല്‍ പുറത്തിറക്കാനൊരുങ്ങി ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍എഐ. GPT-4o എന്ന മോഡലാണ് നിര്‍മാതാക്കള്‍ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പുതിയ മോഡല്‍ റിയലിസ്റ്റിക് വോയ്സ് സംഭാഷണത്തിന് കഴിവുള്ളതും ടെക്സ്റ്റിലും ഇമേജിലും ഇടപഴകാന്‍ കഴിവുള്ളതുമാണെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. പുതിയ ഓഡിയോ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ചാറ്റ് ജിപിടിയോട് സംസാരിക്കാനും തത്സമയ പ്രതികരണങ്ങള്‍ ലഭ്യമാകാനും സഹായിക്കും.
പുതിയ മോഡല്‍ പുറത്തിറക്കാനുള്ള തീരുമാനം ഉപയോക്താക്കളെ അറിയിച്ചതുകൂടാതെ GPT-4o മോഡലിന്റെ ലൈവ് സ്ട്രീമിങ്ങും പരിപാടിയില്‍ ഓപ്പണ്‍എഐ ഗവേഷകര്‍ നടത്തി. മാത്തമാറ്റിക്ക് പ്രോബ്ലം സോള്‍വ് ചെയ്തുകൊണ്ടാണ് ഗവേഷകര്‍ പുതിയ മോഡല്‍ അവതരിപ്പിച്ചത്. അതിനായി പുതിയ മോഡലിലെ ലൈവ് വോയിസ് അസ്സിസ്റ്റന്റുകളെയാണ് ഉപയോഗിച്ചത്.
മറ്റൊരു ഡെമോയില്‍ GPT-4o മോഡലിന്റെ ട്രാന്‍സലേഷന്‍ കപ്പാസിറ്റിയും ഗവേഷകര്‍ സ്ട്രീം ചെയ്യുകയുണ്ടായി.
‘ഇത് സിനിമകളിലേതിന് സമാനമായി എ.ഐയെ പോലെ തോന്നുന്നു. ഞാന്‍ ഒരിക്കലും ഒരു കമ്പ്യൂട്ടറുമായി സംസാരിക്കുമെന്ന് കരുതിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അത് ചെയ്യാന്‍ കഴിയുന്നു,’ ഓപ്പണ്‍എഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ എഴുതുകയുണ്ടായി.
ഇതിനുമുമ്പ് കമ്പനി പുറത്തിറക്കിയ മുന്‍ മോഡലുകളേക്കാള്‍ ചെലവ് കുറവായതിനാല്‍ പുതിയ മോഡല്‍ സൗജന്യമായി നല്‍കുമെന്ന് ഓപ്പണ്‍എഐയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ മീര മുരാതി അറിയിച്ചു.
GPT-4o മോഡലിനായി പണമടയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ സൗജന്യ ഉപയോക്താക്കളേക്കാള്‍ സേവനം ലഭ്യമാകുമെന്നും ഓപ്പണ്‍എഐ പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ GPT-4o മോഡല്‍ ചാറ്റ് ജിപിടിയില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
തുടക്കത്തില്‍ പ്രതിമാസം 100 ദശലക്ഷം സജീവ ഉപയോക്താക്കളാണ് ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2023 ല്‍ ചാറ്റ് ജിപിടിയുടെ വെബ്സൈറ്റിലേക്കുള്ള ട്രാഫിക് കുത്തനെ ഇടിയുകയായിരുന്നു.
Content Highlight: OpenAI, the makers of Chat GPT, is about to launch a new AI model