തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ, സാസ്‌കാരിക, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖരുടെ സംയുക്ത പ്രസ്താവന. സച്ചിദാനന്ദന്‍, എം.കെ. സാനു, എം. മുകുന്ദന്‍, കമല്‍, ഷാജി എന്‍. കരുണ്‍ തുടങ്ങി എണ്‍പതോളം പ്രമുഖരാണ് തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമൂഹിക മേഖലകളിലെ വികസനത്തിനും സമഗ്രമായ പശ്ചാത്തല സൗകര്യവികസനം അനിവാര്യമാണെന്ന് തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പ്രസ്താവനയില്‍ പറയുന്നു.
സര്‍ക്കാര്‍ അനുഭാവപൂര്‍ണ സമീപനം സ്വീകരിക്കുമ്പോള്‍ വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവെക്കണമെന്ന് പറയുന്നത് സംസ്ഥാന താത്പര്യത്തിന് എതിരാണെന്ന് പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.
പദ്ധതിക്കെതിരെ പ്രതിഷേധവും അക്രമസമരവും ഉണ്ടാകുന്നത് യുക്തിക്ക് നിരക്കാത്തതും അപലപനീയവുമാണ്. ഇത് അംഗീകരിക്കാന്‍ കേരളത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് ഒരിക്കലും കഴിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
തീരദേശ നിവാസികളായ മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കപ്പെടണമെന്നും പദ്ധതി നടപ്പിലാക്കാനായി മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.
’80 ശതമാനം പൂര്‍ത്തീകരിക്കപ്പെട്ട വിഴിഞ്ഞം തുറമുഖ പദ്ധതി പോലുള്ള പശ്ചാത്തല സൗകര്യവികസന പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന് പറയുന്നത് സംസ്ഥാന താത്പര്യത്തിന് തീര്‍ത്തും എതിരാണ്. വര്‍ഷങ്ങളോളം നീണ്ട പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് 2015ല്‍ അന്നത്തെ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിക്കായി കരാര്‍ ഒപ്പുവെച്ചത്.
അന്താരാഷ്ട്ര കപ്പല്‍ പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത തുറമുഖം ഒരു അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദേശ്യ തുറമുഖമായി വികസിപ്പിക്കുന്നതിനുള്ള സാധ്യതയാണ് തുറന്നുതരുന്നത്. കേരളത്തിന്, കേരളീയ ജനസമൂഹത്തിന് വികസന സാധ്യതകളുടെ വാതായനം തുറക്കുന്ന മെഗാ പദ്ധതിയുടെ പൂര്‍ത്തീകരണ വേളയില്‍ പദ്ധതിക്കെതിരെ പ്രതിഷേധവും അക്രമ സമരവും ഉണ്ടാകുന്നത് യുക്തിക്ക് നിരക്കാത്തതും അപലപനീയവുമാണ്.
പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാതിരിക്കാന്‍ എല്ലാവരും സഹകരിക്കണം. തീരദേശ നിവാസികളായ മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണം. പദ്ധതി നടപ്പിലാക്കാനായി മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണം.
അവരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ധാര്‍മിക ഉത്തരവാദിത്വമാണ്. മുക്കാല്‍ ഭാഗത്തിലധികം പൂര്‍ത്തിയായ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമായി തീരുകയും വേണം. ഈ പദ്ധതി വേഗം തന്നെ പൂര്‍ത്തീകരിക്കാന്‍ ജനപിന്തുണയുണ്ടാകണം,’ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സച്ചിദാനന്ദന്‍, എന്‍.എസ്. മാധവന്‍, എം. മുകുന്ദന്‍, കെ.ഇ.എന്‍, സേതു, വൈശാഖന്‍ പ്രാഫ. എം.കെ. സാനു, അശോകന്‍ ചെരുവില്‍, ക്രിസ് ഗോപാലകൃഷ്ണന്‍, എം. ജയചന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, സി. ഗൗരിദാസന്‍ നായര്‍, കെ.എം. ചന്ദ്രശേഖര്‍, ടി.കെ. നായര്‍, പോള്‍ ആന്റണി, ജിജി തോംസണ്‍, ടി.പി. ശ്രീനിവാസന്‍, ജി. വിജയരാഘവന്‍, ശശികുമാര്‍, ജി. ശങ്കര്‍, വി.എന്‍. മുരളി, അശോകന്‍ ചെരുവില്‍, കമല്‍, രഞ്ജിത്ത്, ഷാജി എന്‍. കരുണ്‍, ജി.പി. രാമചന്ദ്രന്‍, എന്‍. മാധവന്‍ കുട്ടി, വി.കെ. ജോസഫ് തുടങ്ങിയവരാണ് പ്രസ്തവനയില്‍ ഒപ്പുവെച്ചത്.