തിരുവനന്തപുരം: കെ.വി തോമസ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി.
കെ.വി തോമസ് കോണ്‍ഗ്രസിന്റെ സമുന്നത നേതാവാണെന്നും അദ്ദേഹം കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് പാര്‍ട്ടി കേള്‍ക്കും. അവരുടെ ആവശ്യം മനസിലാക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചയറിയുകയും ചെയ്യും. കെ.വി തോമസിന്റെ കാര്യത്തില്‍ ഒരു പ്രശ്‌നവും നിലവിലില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കുറേനാളായി അദ്ദേഹം പരാതി പറയുകയാണല്ലോ എന്നും അദ്ദേഹവുമായി ഇന്ന് എന്തെങ്കിലും ചര്‍ച്ച കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി. അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ടെങ്കില്‍ കാണുമെന്നും സംസാരിക്കുമെന്നും അതിനെന്താണ് പ്രശ്‌നം എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.
കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്ന കെ.വി തോമസ് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ തിരുവനന്തപുരത്തേക്ക് എത്തിയ കെ.വി തോമസ് ഹൈക്കമാന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.
ഇന്ന് പതിനൊന്ന് മണിക്ക് നിര്‍ണായക വാര്‍ത്താ സമ്മേളനം നടത്തുമെന്ന നിലപാടില്‍ മലക്കം മറിഞ്ഞാണ് കെ.വി തോമസ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുള്ളത്. മാഡം പറഞ്ഞാല്‍ മറിച്ചൊന്നും പറയാറില്ലെന്ന നിലപാട് പരസ്യമായി പറഞ്ഞ കെ.വി തോമസ് പാര്‍ട്ടി നേതൃത്വത്തെ കണ്ട് പരാതി പറയുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
പാര്‍ട്ടി വിടുമെന്ന് പറഞ്ഞിട്ടില്ല. പക്ഷെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമം നടന്നു. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ എതിര്‍ പ്രചാരണത്തിന് പിന്നിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചിലരുണ്ടെന്ന പരാതിയാണ് കെ.വി തോമസിനുള്ളത്.
അതേസമയം കെ.വി തോമസിന് സ്ഥാനമാനങ്ങള്‍ നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമം ഉണ്ടാകുമെന്നാണ് അറിയുന്നത്. സോണിയാ ഗാന്ധി നേരിട്ട് കെ.വി തോമസിനെ വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും കെ.വി തോമസുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം തിരുവനന്തപുരത്ത് നടക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ഹൈക്കമാന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.
സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഘടകകക്ഷികള്‍ കൂടി മുന്നോട്ട് വച്ച സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്. ഹൈക്കമാന്റ് പ്രതിനിധികളായ അശോക് ഗെലോട്ടും ജി. പരമേശ്വരയും അടക്കമുള്ളവര്‍ ഇതിനായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക