റിപ്പബ്ലിക് ഡേ സ്‌പെഷ്യല്‍; രസകരമായ നേട്ടവുമായി ഇന്ത്യൻ താരങ്ങൾ
Cricket
റിപ്പബ്ലിക് ഡേ സ്‌പെഷ്യല്‍; രസകരമായ നേട്ടവുമായി ഇന്ത്യൻ താരങ്ങൾ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th January 2024, 9:56 am

ഇന്ത്യ ഇന്ന് 75ാം റിപ്പബ്ലിക് ഡേയിലേക്ക് കടന്നിരിക്കുകയാണ്. രാജ്യം റിപ്പബ്ലിക് ഡേ ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒരു പ്രധാന വസ്തുതയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

ജനുവരി 26ാം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയിട്ടുള്ളത്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.

2016ല്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള ടി-20 മത്സരത്തിലാണ് വിരാട് പ്ലെയർ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയത്. അഡലെയ്ഡില്‍ നടന്ന മത്സരത്തില്‍ 55 പന്തില്‍ പുറത്താവാതെ 90 റണ്‍സ് നേടികൊണ്ടായിരുന്നു കോഹ്‌ലിയുടെ തകര്‍പ്പന്‍ ബാറ്റിങ്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. മത്സരത്തില്‍ ഇന്ത്യ 37 റണ്‍സിന് വിജയിക്കുകയും ചെയ്തിരുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു റിപ്പബ്ലിക് ദിനത്തിലായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പ്ലെയർ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയത്. 2019ല്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിനത്തിലായിരുന്നു രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.

96 പന്തില്‍ 87 റണ്‍സ് നേടിയായിരുന്നു ഹിറ്റ്മാന്റെ തകര്‍പ്പന്‍ പ്രകടനം. ഒമ്പത് ഫോറുകളും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. മത്സരത്തില്‍ 90 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

2020ല്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ടി-20യിലായിരുന്നു കെ.എല്‍ രാഹുല്‍ പ്ലെയർ ഓഫ് ദി മാച്ച് നേട്ടം സ്വന്തമാക്കിയത്. 50 പന്തില്‍ പുറത്താവാതെ 57 റണ്‍സ് നേടിയായിരുന്നു രാഹുലിന്റെ മികച്ച പ്രകടനം.

മൂന്ന് ഫോറുകളും രണ്ട് സിക്‌സറുകളുമാണ് രാഹുലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിക്കുകയും ചെയ്തിരുന്നു.

Content Highlight: Only three Indian players to win POTM awards in republic day.