ഓണ്‍ലൈന്‍ ക്ലാസുകള്‍ താത്കാലികം; എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി
Kerala News
ഓണ്‍ലൈന്‍ ക്ലാസുകള്‍ താത്കാലികം; എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd June 2020, 6:49 pm

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് പഠിക്കാനായി വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്‌സ് ചാനല്‍ വഴിയും വിക്ടേഴ്‌സിന്റ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സജ്ജീകരിച്ചത് താത്കാലികം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ സംപ്രേഷണമാണെന്നും അതിനുള്ളില്‍ എല്ലാ കുട്ടികളെയും ഇതിന്റെ ഭാഗമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ സംപ്രേഷണം മാത്രമാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതുവരെയുള്ള താത്കാലിക പഠന സൗകര്യം മാത്രമാണ്. സംപ്രേഷണം ചെയ്ത ക്ലാസുകള്‍ പുനസംപ്രേഷണം ചെയ്യും,’ മുഖ്യമന്ത്രി പറഞ്ഞു.

ചില കുട്ടികള്‍ക്ക് വീട്ടില്‍ ടി.വിയുണ്ടാകില്ല, മറ്റു ചിലര്‍ക്ക് സ്മാര്‍ട്ട് ഫോണുണ്ടാവില്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമവും വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടത്തുന്നുണ്ട്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, അധ്യാപകര്‍, പിടിഎ, കുടുംബശ്രീ, എന്നിവയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കുന്നെണ്ടന്നും അദ്ദേഹം പറഞ്ഞു.

ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള 41 ലക്ഷം കുട്ടികളില്‍ 261784 കുട്ടികള്‍ക്കാണ് സൗകര്യങ്ങളില്ലാത്തത്. ഈ രണ്ടര ലക്ഷം വരുന്ന കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയ സ്വീകാര്യതയാണ് ഓണ്‍ലൈന്‍ പഠനത്തിന് ലഭിച്ചത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇഷ്ടമായെന്ന പ്രതികരണമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം കുട്ടികള്‍ക്ക് സൗകര്യമൊരുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് എല്ലാ എം.എല്‍.എമാരുടെയും പിന്തുണതേടിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണ പ്രതിപക്ഷ ഭേദമന്യേ ഇവര്‍ സൗകര്യങ്ങളൊരുക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

വായനശാല, അയല്‍വക്ക ക്ലാസുകള്‍, പ്രദേശിക പ്രതിഭാ കേന്ദ്രങ്ങള്‍, ഊര് വിദ്യാ കേന്ദ്രം, സാമൂഹ്യ പഠന മുറികള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ക്ലാസുകള്‍ കാണുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര ശിക്ഷാ കേരളയുടെ കീഴില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക