കോഴിക്കോട് ആഹ്‌ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ബി.ജെ.പി പ്രവര്‍ത്തകന് പരിക്ക്
Kerala News
കോഴിക്കോട് ആഹ്‌ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ബി.ജെ.പി പ്രവര്‍ത്തകന് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 11:18 pm

കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെയുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ആഹ്‌ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്.

കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രവീണിന്റെ കൈക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ബി.ജെ.പിയെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി നേരേന്ദ്രമോദി നന്ദി പറഞ്ഞു. അന്തിമ ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷം ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.പിയിലെ ജനങ്ങള്‍ ജാതിരാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു. ജാതിവാദ രാഷ്ട്രീയം കളിക്കുന്നവര്‍ യു.പിയിലെ ജനങ്ങളെ അപമാനിച്ചു. ജാതിക്കും മതത്തിനും ഉപരിയായി ജനങ്ങള്‍ ചിന്തിച്ചുവെന്നും മോദി പറഞ്ഞു.

2019ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ അതിനുള്ള കാരണം 2017-ലെ യു.പിയിലെ വിജയമാണെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു. 2022-ലെ യു.പിയിലെ ഈ വിജയം 2024 പൊതുതിരഞ്ഞെടുപ്പിന്റെ വിധി തീരുമാനിക്കുമെന്ന് ഇതേ വിദഗ്ധര്‍ പറയുമെന്നാണ് വിശ്വാസമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യു.പിയില്‍ ബി.ജെ.പി പുതിയ ചരിത്രം കുറിച്ചു. പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം. അതിനാല്‍ വിജയം പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളായി ബി.ജെപിയെ വിജയത്തിലേക്ക് നയിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു. പ്രവര്‍ത്തകര്‍ നല്‍കിയ വാക്ക് പാലിച്ചു. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ് ഇന്നെന്നും മോദി പറഞ്ഞു.

യു.പിയില്‍ കാലാവധി പൂര്‍ത്തിയായ മുഖ്യമന്ത്രിയുടെ തിരിച്ചുവരവ് ആദ്യമായിട്ടാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

ഗോവയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് തെറ്റുപറ്റി. ഉത്തരാഖണ്ഡില്‍ ബി.ജെ.പി ചരിത്രം കുറിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരാഖണ്ഡില്‍ ബി.ജെ.പി തുടര്‍ ഭരണത്തിലേറുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.