കുശുമ്പ് കാണിക്കാനും ക്യൂട്ട്നെസ് വാരിവിതറാനും ഒരു നായിക; എന്തിനോ വേണ്ടി ജാക്ക് ആന്‍ഡ് ജില്ലിലെത്തിയ മൂന്ന് പെണ്ണുങ്ങള്‍
Film News
കുശുമ്പ് കാണിക്കാനും ക്യൂട്ട്നെസ് വാരിവിതറാനും ഒരു നായിക; എന്തിനോ വേണ്ടി ജാക്ക് ആന്‍ഡ് ജില്ലിലെത്തിയ മൂന്ന് പെണ്ണുങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th June 2022, 11:55 pm

സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മഞ്ജു വാര്യര്‍ നായികയായെത്തുന്ന ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയായിരുന്നു. കിം കിം കിം എന്ന പാട്ട് വന്ന് ഹിറ്റടിച്ചതോടെ പ്രതീക്ഷകള്‍ക്ക് കനം കൂടി. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

എന്നാല്‍ തിയേറ്ററില്‍ തികച്ചും നിരാശജനകമായ പ്രകടനമാണ് ജാക്ക് ആന്‍ഡ് ജില്‍ നടത്തിയത്. രണ്ടര മണിക്കൂര്‍ തികക്കാന്‍ കഷ്ടപ്പെട്ടാണ് പലരും തിയേറ്ററില്‍ ചിത്രം കണ്ടത്. തിയേറ്ററിലെ വന്‍ പരാജയത്തിന് ശേഷം ജൂണ്‍ 16ന് ചിത്രം ഒ.ടി.ടിയില്‍ വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ജാക്ക് ആന്‍ഡ് ജില്ലിനെതിരെ ട്രോള്‍ മഴയാണ്. സിനിമയെ ഇഴകീറി പരിശോധിച്ച് വിമര്‍ശിക്കുന്നുമുണ്ട് പ്രേക്ഷകര്‍.

സിനിമയെ പിന്നോട്ടടിച്ച നിരവധി ഘടകങ്ങളാണുള്ളത്. ചിത്രത്തിന്റെ കാഴ്ചയെ അരോചകമാക്കിയ ഒന്നായിരുന്നു ഒരാവശ്യവുമില്ലാത്ത കുറച്ച് കഥാപാത്രങ്ങള്‍. കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രങ്ങളാണിവര്‍.

ഇവരെ പൂര്‍ണമായും ഒഴിവാക്കിയാലും ഈ സിനിമക്ക് ഒന്നും സംഭവിക്കില്ല. ഈ ലിസ്റ്റില്‍ ആദ്യം പറയേണ്ടത് നായകന്റെ പിറകെ നടക്കാന്‍ വേണ്ടി മാത്രമുള്ള ഒരു പെണ്‍കുട്ടിയാണ്. നായകന്‍ എന്ത് ചെയ്യുന്നു എന്ന് നോക്കി പിറകെ നടക്കുക, നായകനെ നിരീക്ഷിക്കാന്‍ വേണ്ടി മാത്രം അയാളുടെ പരീക്ഷണശാലക്കടുത്ത് പച്ചക്കറി തോട്ടം ഉണ്ടാക്കുക, നായകന്റെ പരീക്ഷണ വസ്തുവില്‍ കയറിയിരുന്ന് ഇഷ്ടമാണെന്ന് പറയിപ്പിക്കാന്‍ നിര്‍ബന്ധിക്കുക അങ്ങനെ ചില കൗതുകങ്ങളാണ് ഈ പെണ്‍കുട്ടിക്കുള്ളത്.

ഇത് കൂടാതെ പ്രേക്ഷകരെ രസിപ്പിക്കാന്‍ പഴയ സംവിധായകര്‍ ഉപയോഗിച്ച ചില ഐറ്റങ്ങളായ കുശുമ്പ് കുത്തല്‍, ക്യൂട്ട്നെസ് വാരിവിതറല്‍ എന്നിങ്ങനെ ചില പരിപാടികളും നായികക്കുണ്ട്. മലയാള സിനിമയില്‍ നിന്നും എഴുതി തള്ളിയ ഇത്തരം കഥാപാത്ര സൃഷ്ടികള്‍ വീണ്ടും കൊണ്ടു വരാന്‍ സന്തോഷ് ശിവനെ പോലൊരു സംവിധാനയകന് എങ്ങനെ സാധിക്കുന്നു എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. നായികയുടെ ഒപ്പം ഒരു മുണ്ടും ബനിയനും ധരിച്ച ഒരു പരിചാരകനും സദാസമയവും ഉണ്ട്.

അടുത്തത് ഒരു വിദേശ വനിതയാണ്. വിദേശത്ത് നിന്നും എത്തുന്ന നായകനൊപ്പം ഒരു വിദേശ വനിത ഇപ്പോള്‍ മലയാള സിനിമയില്‍ ഒരു പതിവാണല്ലോ. എന്നാല്‍ ഇവരെ എന്തിനാണ് കൊണ്ടുവന്നതെന്ന് പ്രേക്ഷകര്‍ക്കും സംവിധായകനും ഒരു പിടീം കിട്ടില്ല. നായകന്റെ അസിസ്റ്റന്റായി ലാബില്‍ എന്തെക്കെയോ ചെയ്യുന്നു എന്നല്ലാതെ കഥയുടെ ഗതിയില്‍ ഇവര്‍ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. ഇടക്ക് ഇവരുടെ പ്രകടനവും കോമഡിയും അരോചകവുമാവുന്നുണ്ട്.

മൂന്നാമത്തെ ആള്‍ അജു വര്‍ഗീസിന്റെ കഥാപാത്രത്തിന്റെ ഭാര്യയായി എത്തുന്ന പെണ്‍കുട്ടിയാണ്. ഇവര്‍ ഇല്ലാത്ത രംഗങ്ങള്‍ ചിത്രത്തില്‍ കുറവാണ്. എന്നാല്‍ ഇവര്‍ക്ക് ഒരു ഡയലോഗ് പോലുമില്ല. ഡയലോഗ് പോലുമില്ലാതെ വെറുതെ നില്‍ക്കാനാണെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു കഥാപാത്രമെന്ന് പ്രേക്ഷകര്‍ ചോദിക്കരുത്.

ഒരു ഗുണവുമില്ലാതെ എന്തൊക്കെയോ കാണിച്ച് കൂട്ടി പ്രേക്ഷകനെ ഒരു തരത്തിലും സംതൃപ്തിപ്പെടുത്താതെ വലിയ നിരാശയാണ് ചിത്രം സമ്മാനിക്കുന്നത്. നെടുമുടി വേണു, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ് തുടങ്ങി വന്‍ താരനിര ഉണ്ടെങ്കിലും വേണ്ട രീതിയില്‍ ഇവര്‍ ഉപയോഗിക്കപ്പെട്ടില്ല. പെര്‍ഫോമന്‍സുകളില്‍ കഴിവുള്ള ഈ താരനിര പല സന്ദര്‍ഭങ്ങളിലും ഓവര്‍ ആക്ട് ചെയ്ത് മനം മടുപ്പിക്കുന്ന അനുഭവമാണ് സമ്മാനിച്ചത്.

Content Highlight: One of the things that made the film jack n’ jill annoying was the few characters who were not needed at all