ജനവാസമില്ല; ഇറ്റാലിയന്‍ നഗരത്തില്‍ വീടുകള്‍ വെറും 87 രൂപയ്ക്ക്
World News
ജനവാസമില്ല; ഇറ്റാലിയന്‍ നഗരത്തില്‍ വീടുകള്‍ വെറും 87 രൂപയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st October 2020, 1:09 pm

റോം: ഇറ്റാലിയന്‍ നഗരത്തില്‍ ഒരു മനോഹരമായ വീട് സ്വപ്‌നം കാണുന്നവര്‍ക്ക് സുവര്‍ണാവസരം. ഇറ്റലിയിലെ ഒരു നഗരത്തിലെ വീടുകള്‍ ലേലത്തിനു വെച്ചിരിക്കുകയാണ്. വെറും ഒരു  യൂറോയ്ക്കാണ് ( ഇന്ത്യന്‍ രൂപയില്‍ 87 രൂപ) ലേലം വിളി തുടങ്ങുക.

സൗത്ത് വെസ്റ്റേണ്‍ നഗരത്തിലെ സലേമി ടൗണിലെ ഒരു ഡസനോളം വീടുകളാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഈ നഗരത്തില്‍ ജനവാസം തീരെ കുറഞ്ഞതിനാല്‍ കൂടുതല്‍ പേരെ ഇങ്ങോട്ട് ആകര്‍ഷിക്കാനായാണ് പുതിയ തീരുമാനം.

കഴിഞ്ഞ 50 വര്‍ഷത്തോളമായി സലേമി നഗരത്തില്‍ ജനസംഖ്യ കുത്തനെ കുറയുകയാണ്. 1968 ല്‍ ഈ പ്രദേശത്ത് ഭൂകമ്പം ഉണ്ടായതിനു പിന്നാലെയാണ് ഇവിടെ നിന്നും ജനങ്ങള്‍ ഒഴിഞ്ഞു പോവാന്‍ തുടങ്ങിയത്. നഗരത്തില്‍ അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാണ് വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

കുറഞ്ഞ വിലയ്ക്കു പുറമെ ഈ വീടുകള്‍ക്ക് മറ്റ് സവിശേഷതകളുമുണ്ട്. സലേമിയുടെ ചരിത്ര പ്രാധാന്യമുള്ള സ്ഥലത്താണ് ഈ വീടുകളുള്ളത്. പഴയ മോഡലുകളിലെ വീടായതിനാല്‍ ഇവയ്ക്ക് മിക്കവയ്ക്കും ബാല്‍ക്കണിയുണ്ട്. ബാല്‍ക്കണിയില്‍ നിന്നും നഗരത്തിലെ മനോഹരമായ താഴ്‌വരയും കാണാനാവും.

അതേസമയം വെറും ഒരു യൂറോയ്ക്ക് മാത്രം വീടു സ്വന്തമാക്കാനാവില്ല. വീടിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എങ്ങനെയാണ് ഈ വീടുകള്‍ പുനരുദ്ധാരണം ചെയ്യുന്നതെന്ന് വ്യക്തമാക്കണം. ഒപ്പം 3000 ഡോളറിന്റെ നിക്ഷേപവും ഇതിനായി നടത്തണം. ( ഇന്ത്യന്‍ രൂപയില്‍ 2,60,692). ഗ്യാരണ്ടിയായി നല്‍കുന്ന ഈ തുക വീടുകള്‍ പുനരുദ്ധാരണം ചെയ്തു കഴിഞ്ഞാല്‍ തിരികെ ലഭിക്കും.

ആരെങ്കിലും ഈ വീടുകള്‍ ഒരു ബിസിനസാക്കി മാറ്റുന്നുണ്ടെങ്കില്‍ നികുതി ഇളവിനു അപേക്ഷിക്കാം. അടുത്ത മാസമാണ് ലേലം തുടങ്ങുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: One of ‘Italy’s most beautiful villages’ is auctioning homes for €1