തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്ത് 15 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ നന്ദന്‍കോട് നിന്നും ശേഖരിച്ച സാമ്പിളുകള്‍ ആലപ്പുഴ എന്‍.ഐ.വിയിലേക്ക് അയച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
ആദ്യഘട്ടത്തില്‍ അയച്ച 17 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പിന്നീട് രണ്ടാംഘട്ടത്തില്‍ അയച്ച 27 സാമ്പിളുകളിലാണ് ഒരാള്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക. ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കും.
പകല്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗികള്‍ക്ക് നല്‍കുക.
സിക്ക വൈറസ് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറില്ല. വിശ്രമിച്ചാല്‍ പൂര്‍ണമായും മാറും. എന്നാല്‍ ഗര്‍ഭിണികളെയാണ് ബാധിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ സംഭവിച്ചേക്കാം.
അതിനാല്‍ ഗര്‍ഭിണികള്‍ അതീവജാഗ്രത പുലര്‍ത്തണം. രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലുടെയും രോഗം പകരുമെന്നതും ഗൗരവമായി കാണണം.
2015 തുടക്കത്തില്‍ ബ്രസീലിലാണ് സിക്ക രോഗം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്ത് രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.