ആര് നിരാഹാരം കിടന്നാലും തങ്ങള്‍ക്കൊരു ചുക്കുമില്ലെന്ന് പിണറായി ആഞ്ഞു പ്രസ്താവിയ്ക്കുമ്പോഴും രമയുടെ നിരാഹാരം ചിലരെയെല്ലാം ഭയപ്പെടുത്തുന്നുവെന്നതാണ് രണ്ടാമത്തെ നിരാഹാര സമരം തെളിയിയ്ക്കുന്നത്.
നിരീക്ഷണം / ഹൈറുന്നീസ
[]വടക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമായി ആകെ മൂന്ന് നിരാഹാര സമര പ്രഖ്യാപനങ്ങളാണ് ഇന്ന് നടന്നത്. കൂട്ടത്തില്‍ ഒരു കുത്തിയിരിപ്പു സമരവും.
ഒന്ന്
രാഷ്ട്രീയ കേരളത്തേയും പൊതു സമൂഹത്തേയും ഒരു പോലെ ഞെട്ടിച്ച ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന ആവശ്യവുമായി ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ തിരുവനന്തപുരത്ത് സെക്രട്ടറിയയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം.
രണ്ട്
ടി.പി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് പ്രതികളുടെ കുടുംബങ്ങള്‍ വിയ്യൂര്‍ ജയിലിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം.
മൂന്ന്
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് അത്തീഖ നടത്തുന്ന നിരാഹാര സമരം.
കുത്തിയിരിപ്പു സമരം
മണല്‍ മാഫിയയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിന്ന ജസീറയുടെ വകയാണ്. തനിക്ക് നല്‍കാമെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപ നല്‍കുകയോ നല്‍കില്ലെന്ന് പറയുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം.
ആദ്യത്തെ രണ്ട് സമരങ്ങളും തമ്മില്‍ പറഞ്ഞു പൊരുത്തപ്പെടുത്താവുന്ന ഒരു ബന്ധമുണ്ട്. രണ്ടും ഒരേ കേസാണെന്നതല്ല ആ ബന്ധം. ആദ്യത്തെ സമരത്തിനോടുള്ള പ്രതിഷേധമാണ് രണ്ടാമത്തെ സമരമെന്നു പറയാം.
ആദ്യത്തെ സമരം, അതായത് രമയുടെ സമരം സാധാരണക്കാര്‍ തങ്ങളുടെ സമരമായി ഏറ്റെടുക്കുന്നുണ്ട്. രാഷ്ട്രീയത്തേക്കാള്‍ വൈകാരികമായ ഒരു തലവും ആ സമരത്തിനു മേല്‍ വന്നു കഴിഞ്ഞിരിയ്ക്കുന്നു.
ആര് നിരാഹാരം കിടന്നാലും തങ്ങള്‍ക്കൊരു ചുക്കുമില്ലെന്ന് പിണറായി ആഞ്ഞു പ്രസ്താവിയ്ക്കുമ്പോഴും രമയുടെ നിരാഹാരം ചിലരെയെല്ലാം ഭയപ്പെടുത്തുന്നുവെന്നതാണ് രണ്ടാമത്തെ നിരാഹാര സമരം തെളിയിയ്ക്കുന്നത്.
ടി.പി വധക്കേസില്‍ വിധി വന്നതോടു കൂടി തന്നെ രമ താന്‍ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നതായി അറിയിച്ചിരുന്നു. അപ്പോള്‍ തുടങ്ങി സി.പി.ഐ.എം അദൃശ്യമായ ഒരു പരിച കയ്യില്‍ കരുതി പോരാട്ടത്തിനൊരുങ്ങി നില്‍ക്കാന്‍ തുടങ്ങി.
ആദ്യം വി.എസ് അച്യുതാനന്ദനെ രമയുടെ സമരവേദിയില്‍ പോകുന്നതില്‍ നിന്നു വിലക്കി. അങ്ങനെ പാര്‍ട്ടിക്കകത്തെ ബോംബ് ഔദ്യോഗിക നേതൃത്വം നിര്‍വീര്യമാക്കി.
പിന്നീട് രമയുടെ സമരം നിഷ്പ്രഭമാക്കാനുള്ള ശ്രമങ്ങളായിരുന്നു. കേസിലെ പ്രതികളുടെ കുടുംബാംഗങ്ങള്‍ നടത്തുന്ന നിരാഹാര സമരം അതിന്റെ ഭാഗമാണെന്ന് സംശയിയ്ക്കുന്നതിന് പൊതു ജനത്തിന് ഏറെ ചിന്തിയ്‌ക്കേണ്ടി വരില്ല.
അടുത്ത പേജില്‍ തുടരുന്നു
സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഷുക്കൂര്‍ വധക്കേസില്‍ പങ്കുണ്ടെന്നാണ് നിരാഹാര സമര പ്രഖ്യാപനം നടത്തിയ ഷുക്കൂറിന്റെ മാതാവ് അത്തീഖയുടെ ആരോപണം. അതിന് തന്റെ കയ്യില്‍ തെളിവുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.
രമയുടെ സമരത്തെ കണ്ടില്ലെന്ന് നടിച്ച് കടന്നു പോയിരുന്നെങ്കില്‍ ഒരു പക്ഷേ സി.പി.ഐ.എം ഇപ്പോള്‍ നിലനിര്‍ത്താന്‍ ശ്രമിയ്ക്കുന്ന നിരപരാധി പരിവേഷത്തിനായി കുറച്ചു കാലം കൂടി വാദിയ്ക്കാമായിരുന്നു.
എന്നാല്‍ രമയുടെ സമരം ഞങ്ങള്‍ക്ക് പുല്ലാണെന്ന് പ്രഖ്യാപിയ്ക്കുകയും പാര്‍ട്ടി ചാനലില്‍ “എക്‌സ്‌ക്ലൂസീവ്” വാര്‍ത്തകള്‍ നല്‍കി രമയുടെ സമരത്തെ രാഷ്ട്രീയ ഒത്തുകളിയാണെന്ന് കാണിയ്ക്കുകയും വഴി സി.പി.ഐ.എം തങ്ങളുടെ ആശങ്ക പരസ്യമാക്കി കഴിഞ്ഞിരിയ്ക്കുന്നു.
രണ്ടാം സമരത്തിന് കാര്യമായ പശ്ചാത്തലം ഒന്നും തന്നെയില്ല. പെടുന്നനെ ചക്ക വീണ കണക്കാണ് ടി.പി കേസിലെ പ്രതികളുടെ കുടുംബങ്ങള്‍ വിയ്യൂര്‍ ജയിലിനു മുന്നിലെത്തിയതും നിരാഹാര സമരം ആരംഭിച്ചതും.
ഈ മൂന്ന് നിരാഹാരങ്ങള്‍ക്കു പുറമേ ഒരു കുഞ്ഞ് കുത്തിയിരിപ്പു സമരവും കേരളത്തില്‍ ഇന്ന് ആരംഭിച്ചു
ഞങ്ങളുടെ കുഞ്ഞുങ്ങളെ മൃഗീയമായി മര്‍ദ്ദിച്ചുവെന്നും അവര്‍ക്ക് ചികിത്സ നല്‍കിയില്ലെന്നും ഈ കുടുംബങ്ങള്‍ പറയുന്നത് ടി.പിയുടെ ചോര കങ്ങി മരവിച്ച മുഖം കണ്ട് കണ്ണീരടക്കിയ സമൂഹത്തോടാണെന്ന് ഇവര്‍ മറന്നു പോവുന്നു.
രണ്ടാം സമരത്തിന്റെ ആയുസിനെ ഇങ്ങനെ അളന്നു കളയാം.
മൂന്നാം സമരവും ഒരു രക്തസാക്ഷിയുടെ പേരിലാണ്. അരിയില്‍ ഷുക്കൂര്‍. ഇവിടെയും പ്രതിസ്ഥാനത്ത് സി.പി.ഐ.എം തന്നെ. നേരത്തേ പിണറായി പറഞ്ഞതു പോലെ സി.പി.ഐ.എമ്മിനെതിരായ ഒരു വികാരം രൂപപ്പെടുത്താനുള്ള ശ്രമം കേരളത്തില്‍ നടക്കുന്നുവെന്ന് ഈ സമരത്തെ കുറിച്ചറിയുമ്പോള്‍ തോന്നിയേക്കാം.
രമയുടെ സമരത്തിന്റെ ചുവടു പിടിച്ച് സി.പി.ഐ.എമ്മിനെ ഒന്നു കുലുക്കുകയും കൂട്ടത്തില്‍ വല്ലതും വീണാല്‍ അത് പെറുക്കി മടിക്കുത്തിലാക്കുകയും ചെയ്യാമെന്ന് വല്ലവരും കരുതിയിരിയ്ക്കണം.
സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഷുക്കൂര്‍ വധക്കേസില്‍ പങ്കുണ്ടെന്നാണ് നിരാഹാര സമര പ്രഖ്യാപനം നടത്തിയ ഷുക്കൂറിന്റെ മാതാവ് അത്തീഖയുടെ ആരോപണം. അതിന് തന്റെ കയ്യില്‍ തെളിവുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.
അത്തീഖയുടെ സമരം മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അത് വാര്‍ത്തകളില്‍ എത്രത്തോളം ഇടം പിടിയ്ക്കുമെന്നത് കണ്ടറിയണം.
ഈ മൂന്ന് നിരാഹാരങ്ങള്‍ക്കു പുറമേ ഒരു കുഞ്ഞ് കുത്തിയിരിപ്പു സമരവും കേരളത്തില്‍ ഇന്ന് ആരംഭിച്ചു. മണല്‍ മാഫിയയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിന്ന ജസീറ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വിടിന് മുന്നില്‍ സമരം ആരംഭിച്ചിരിയ്ക്കുന്നു.
തനിയ്ക്ക് നല്‍കാമെന്ന് പറഞ്ഞ അഞ്ച് ലക്ഷം രൂപ നല്‍കുകയോ നല്‍കുന്നില്ല എന്ന് പ്രഖ്യാപിയ്ക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ചിറ്റിലപ്പള്ളിയാകട്ടെ അഞ്ച് ലക്ഷം മുതലാവത്തക്ക രീതിയില്‍ കാര്യങ്ങള്‍ പരസ്യമാവട്ടെ എന്ന മട്ടിലാണ് നീങ്ങുന്നത്.
എന്നാല്‍ മണല്‍ മാഫിയയ്‌ക്കെതിരായ സമരത്തില്‍ ജസീറയെ പിന്തുണച്ചവരാരും ജസീറയുടെ പുതിയ സമരത്തെ കുറിച്ച് ഇതുവരെ മിണ്ടിയതായി അറിവില്ല.
ഇപ്പറഞ്ഞ സമരങ്ങളില്ലാം സ്ത്രീകളുടെ സജീവ പങ്കാളിത്തമുണ്ട്. രമ, അത്തീഖ, പ്രതികളുടെ അമ്മമാര്‍, ജസീറ അങ്ങനെ പല സ്ത്രീ മുഖങ്ങള്‍.
പൊതുവില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് അടയാളപ്പെടുത്താന്‍ ഈ സ്ത്രീ സമരങ്ങള്‍ക്കാവും. എന്നാല്‍ ഏത് സമരത്തെയാണ് നെഞ്ചില്‍ ചേര്‍ത്ത് വെക്കേണ്ടതെന്ന് ജനം തീരുമാനിയ്ക്കട്ടെ. യഥാര്‍ത്ഥ സമരങ്ങളും പൊയ് സമരങ്ങളും തിരിച്ചറിയാന്‍ ജനത്തിനാവട്ടെ.