ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ തോല്‍വി ചോദിച്ചുവാങ്ങിയിരിക്കുകയാണ്. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ 184 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-1ന് മുമ്പിലാണ് ആതിഥേയര്‍.
സ്‌കോര്‍
ഓസ്ട്രേലിയ: 474 & 234
ഇന്ത്യ: 369 & 155 (T: 340)
#TeamIndia fought hard
Australia win the match
Scorecard ▶️ https://t.co/njfhCncRdL#AUSvIND pic.twitter.com/n0W1symPkM
— BCCI (@BCCI) December 30, 2024
പത്ത് വര്‍ഷം മുമ്പേ ഇതേ ദിവസമാണ് എം.എസ്. ധോണി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഉപേക്ഷിച്ച് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയത്. 2014ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ബോക്‌സിങ് ഡേ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയായിരുന്നു ധോണിയുടെ നിര്‍ണായക തീരുമാനം.
നാല് മത്സരങ്ങളുടെ പരമ്പരയ്ക്കാണ് ഇന്ത്യ ഓസ്‌ട്രേലിയയിലെത്തിയത്. ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ അഭാവത്തില്‍ വിരാട് കോഹ്‌ലിയാണ് ടീമിനെ നയിച്ചത്. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 48 റണ്‍സിന് പരാജയപ്പെട്ടിരുന്നു. 12 വിക്കറ്റുമായി തിളങ്ങിയ നഥാന്‍ ലിയോണിന്റെ കരുത്തിലാണ് കങ്കാരുക്കള്‍ വിജയിച്ചുകയറിയത്.
ബ്രിസ്‌ബെയ്‌നില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ധോണി ടീമിലേക്ക് തിരിച്ചെത്തി. എന്നാല്‍ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് പരാജയം നേരിടേണ്ടി വന്നു.
സൂപ്പര്‍ താരം സ്റ്റീവ് സ്മിത് സെഞ്ച്വറിയുമായി തിളങ്ങിയ മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം.
സ്‌കോര്‍
ഇന്ത്യ: 408 & 224
ഓസ്‌ട്രേലിയ: 505 & 130/6 (T: 128)
ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ തോല്‍വി ഒഴിവാക്കി. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ഫ്യൂച്ചര്‍ ലെജന്‍ഡ്‌സ് സെഞ്ച്വറി നേടി തിളങ്ങിയ മത്സരം കൂടിയായിരുന്നു 2014ലെ ബോക്‌സിങ് ഡേ ടെസ്റ്റ്.
കങ്കാരുക്കള്‍ക്കായി സ്റ്റീവ് സ്മിത്ത് 305 പന്ത് നേരിട്ട് 192 റണ്‍സും ഇന്ത്യക്കായി വിരാട് കോഹ്‌ലി 272 പന്തില്‍ 169 റണ്‍സും നേടി. 147 റണ്‍സുമായി അജിന്‍ക്യ രഹാനെയും തിളങ്ങിയെങ്കിലും മത്സരത്തില്‍ വിജയം സ്വന്തമാക്കാന്‍ മാത്രം ഇന്ത്യക്ക് സാധിച്ചില്ല.
സ്‌കോര്‍
ഓസ്ട്രേലിയ: 530 & 318/9d
ഇന്ത്യ: 465 & 174/6 (T:384)
ഈ മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്.
സിഡ്‌നിയില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ നയിച്ചത്. ബോക്‌സിങ് ഡേ ടെസ്റ്റിന് സമാനമായി സ്മിത്തും വിരാടും സെഞ്ച്വറിയടിക്കുകയും മത്സരം സമനിലയില്‍ അവസാനിക്കുകയുമായിരുന്നു. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് പരാജയപ്പെട്ടു.
സമാനമായ അവസ്ഥയിലൂടെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കടന്നുപോകുന്നത്. രോഹിത്തിന്റെ വരവിന് മുമ്പ് ആദ്യ മത്സരം വിജയിച്ച ഇന്ത്യ, താരം ക്യാപ്റ്റനായി മടങ്ങിയെത്തിയതോടെ വിജയിക്കാന്‍ സാധിക്കാതെ പെടാപ്പാട് പെട്ടു. രോഹിത്തിന് കീഴില്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും തോറ്റപ്പോള്‍ ഗാബയില്‍ സമനില കൊണ്ട് തൃപ്തിപ്പെട്ടു.
മെല്‍ബണിലും പരാജയപ്പെട്ടതോടെ രോഹിത് ക്യാപ്റ്റന്‍സിയൊഴിയണമെന്ന ആവശ്യം കൂടുതല്‍ ശക്തമാവുകയാണ്. രോഹിത്തിന് മുമ്പില്‍ ഇനിയെന്ത് എന്നാണ് ആരാധകരുടെ ചോദ്യം.
Content Highlight: On this day 10 years ago, MS Dhoni retired from test format