ന്യൂദല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ഇടക്കാല സംരക്ഷണം റദ്ദാക്കി സുപ്രീം കോടതി. അശോക് ഭൂഷണ്‍, ആര്‍.സുഭാഷ് റെഡ്ഢി, എം.ആര്‍ ഷാ തുടങ്ങിയവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.
ആവിഷ്‌കാര സ്വാതന്ത്ര്യം മറ്റ് മതവിഭാഗങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്താനുള്ളതല്ലെന്നാണ് കോടതി പറഞ്ഞത്.
‘നിങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങളുണ്ട്.മറ്റ് മതവിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ നിങ്ങള്‍ അധികാരമില്ല’, സുപ്രീം കോടതി വ്യക്തമാക്കി.
ആമസോണ്‍ പ്രൈമില്‍ ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
ഇതുസംബന്ധിച്ച് വാര്‍ത്താ പ്രക്ഷേപണ മന്ത്രിക്ക് ബി.ജെ.പി നേതാക്കള്‍ പരാതി നല്‍കിയിരുന്നു. താണ്ഡവില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം.
അലി അബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സീരിസില്‍ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, തിഗ്മാനഷു ധുലിയ, കുമുദ് മിശ്ര എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന താണ്ഡവിന്റെ ട്രെയ്‌ലര്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ പവര്‍ പൊളിറ്റിക്സ് ആണ് താണ്ഡവ് ചര്‍ച്ച ചെയ്യുന്നത്.
ദല്‍ഹിയിലെ വമ്പന്‍ നേതാക്കള്‍ മുതല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വരെ താണ്ഡവ് കൈകാര്യം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി പദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കളികളുമെല്ലമാണ് കഥാപരിസരം. സീരിസ് റിലിസ് ആയാല്‍ വിവാദങ്ങളും ബഹിഷ്‌ക്കരണാഹ്വാനവും വരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നതുമാണ്.
അതേസമയം, താണ്ഡവ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കപില്‍ മിശ്ര രംഗത്തുവന്നിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ഇവരുടെ വാദം. താണ്ഡവ് ഹിന്ദുക്കള്‍ക്കെതിരായ വര്‍ഗീയ വിദ്വേഷം നിറഞ്ഞതാണെന്നും നിരോധിക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.
വിവാദങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് താണ്ഡവ് ടീം ഖേദം പ്രകടനം നടത്തി രംഗത്തെത്തിയിരുന്നു. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി താണ്ഡവ് ടീം അറിയിച്ചിരുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ക്ഷമ ചോദിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.
‘സീരീസിനെതിരെയുള്ള പ്രതികരണങ്ങള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരാതികള്‍ സംബന്ധിച്ച് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. സീരിസിന്റെ ഉള്ളടക്കം ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നതില്‍ ക്ഷമ ചോദിക്കുന്നു’, താണ്ഡവ് ടീം പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ താണ്ഡവിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ക്രിമിനല്‍കേസ് എടുത്തിരുന്നു. താണ്ഡവത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെയാണ് കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക