ടെൽ അവീവ്: ഇസ്രഈലിനെതിരെ ലോക നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിൽ പങ്കുചേരുമെന്ന് ഇസ്രഈലി പാർലമെന്റ് അംഗം ഒഫെർ കാസിഫ്. ഹദാഷ് താൽ പാർട്ടി അംഗമായ ഒഫെർ കാസിഫ് ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്
എൻറെ ഭരണഘടനാപരമായ ഉത്തരവാദിത്തമെന്ന് പറയുന്നത് ഇസ്രഈലി സമൂഹത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുക എന്നതാണ് അല്ലാതെ ഗവൺമെൻറ് നടത്തുന്ന വംശഹത്യയുടെ ഭാഗമാവുകയല്ലെന്ന് കാസിഫ് പറഞ്ഞു.
ഇസ്രഈലി രാജ്യത്തെയും ജനങ്ങളെയും വേദനിപ്പിച്ചവരാണ് ദക്ഷിണാഫ്രിക്കയെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് എത്തിച്ചത് അല്ലാതെ താനും തൻറെ സുഹൃത്തുക്കളും അല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ധാർമികത പിന്തുടർന്ന സമൂഹത്തിനു വേണ്ടിയുള്ള തന്റെ പ്രയത്നങ്ങൾ ഒരിക്കലും അവസാനിപ്പിക്കില്ലെന്നും യഥാർത്ഥ രാജ്യസ്നേഹം എന്നത് എതിർ രാജ്യങ്ങളോട് യുദ്ധം ചെയ്യലല്ലെന്നും കാസിഫ് പറഞ്ഞു.
സർക്കാരിലെ വലതുപക്ഷ അംഗങ്ങളാണ് ഗസയിലെ ഈ വംശഹത്യക്ക് പിന്തുണ നൽകുന്നത് എന്നും ഒഫെർ കാസിഫ് വിമർശിച്ചു.
എന്നാൽ കാസിഫിന് നേരെ ശക്തമായ വിമർശനങ്ങളാണ് ഇസ്രഈലി പാർലമെന്റ് ആയ നെസെറ്റിൽ നിന്നും ഉയരുന്നത്.
ഭീകരവാദത്തെ കയ്യും നീട്ടി സ്വാഗതം ചെയ്യുന്ന പ്രവർത്തിയാണ് കാസിഫിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും കാസിഫ് ഉടൻ നെസെറ്റ് അംഗത്വം രാജിവെക്കണമെന്നും നെസെറ്റ് അംഗം ഷാരോൺ നിർ പറഞ്ഞു.
ജൂത മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ സെൽമോ നെസെറ്റിൽ നിന്നും ഒഫെർ കാസിഫിനെ ഒഴിവാക്കണമെന്ന് എത്തിക്സ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ
കൂടാതെ കാസിഫിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഇസ്രയേൽ നെസെറ്റ് അംഗം ഓഡഡ് ഫോറെർ പറഞ്ഞു കൂടാതെ നടപടികൾക്കുവേണ്ടി നെസെറ്റ് അംഗങ്ങളുടെ ഒപ്പുശേഖരണവും ഫോറെർ ആരംഭിച്ചിട്ടുണ്ട്. കാസിഫ് രാജ്യദ്രോഹ കുറ്റമാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.
ഗസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നൽകിയ പരാതിയിൽ ജനുവരി 11ന് വിചാരണ ആരംഭിക്കും. ഇതിനിടയിൽ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസ് തള്ളാൻ ലോകമെമ്പാടുമുള്ള തങ്ങളുടെ എംബസികളോട് അവരുടെ ആതിഥേയ രാജ്യങ്ങളിൽ സമ്മർദം ചെലുത്താൻ ഇസ്രഈലി വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്
Content Highlights: Ofer Cassif, Israel politicians file lawsuit in ICJ against Israel