ഒഡിഷ ട്രെയ്ന്‍ അപകടം: കാണാതായവരെ തെരഞ്ഞ് ഉറ്റവര്‍; മൃതദേഹം തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് ബന്ധുക്കള്‍
national news
ഒഡിഷ ട്രെയ്ന്‍ അപകടം: കാണാതായവരെ തെരഞ്ഞ് ഉറ്റവര്‍; മൃതദേഹം തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് ബന്ധുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th June 2023, 7:36 pm

ഭുവനേശ്വര്‍: ഒഡിഷ ട്രെയ്ന്‍ അപകടത്തില്‍ മരിച്ച 100ലധികം പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബാക്കിയുണ്ടെന്ന് റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (AIIMS) മോര്‍ച്ചറിയില്‍ ഇപ്പോഴും ഉറ്റവരെ തെരഞ്ഞ് ബന്ധുക്കളെത്തുന്നുണ്ടെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രങ്ങള്‍ നോക്കി മരണപ്പെട്ടവരെ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഭയാനകമായ ട്രെയ്ന്‍ അപകടത്തില്‍ പലരുടെയും കൈകാലുകള്‍ നഷ്ടപ്പെടുകയും രൂപത്തില്‍ വലിയ വ്യത്യാസം വരികയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ്‌ ബന്ധുക്കള്‍ക്ക് ഉറ്റവരെ തിരിച്ചറിയാന്‍ സാധിക്കാത്തത്.

‘അപകടം നടക്കുന്ന സമയത്ത് ഞങ്ങളുടെ മകന്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ഇവിടെ അവന്റെ മൃതശരീരം തിരയാന്‍ വന്നതാണ്. ഞങ്ങള്‍ ഇവിടെയുള്ള ചിത്രങ്ങള്‍ നോക്കി. എന്നാല്‍ അവന്റെ മൃതശരീരം തിരിച്ചറിയാന്‍ സാധിക്കുന്നില്ല,’ മകനെ തെരഞ്ഞെത്തിയ പിതാവ് പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് താന്‍ അപകട വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഹൗറയില്‍ നിന്ന് ചെന്നൈയിലേക്കായിരുന്നു അദ്ദേഹത്തിന്റെ മകന്‍ ട്രെയ്ന്‍ കയറിയത്.

ചിത്രങ്ങളില്‍ നിന്ന് കുടുംബാംഗങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് താഹിറും പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിലെ ആറ് പേര്‍ അപകട സമയത്ത് ബിഹാറിലെ മധുബനി ജില്ലയില്‍ നിന്ന് ട്രെയ്ന്‍ കയറിയിരുന്നു. ഒരാളുടെ മൃതദേഹം ലഭിച്ചെന്നും എന്നാല്‍ മറ്റുള്ളവരെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അമ്മാവനെ തിരയുന്ന അരവിന്ദ് ചൗധരിക്കും ഇതേ അനുഭവങ്ങളാണ് പറയാനുള്ളത്.

‘ മൂന്ന് നാല് ആശുപത്രികള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. എന്നാല്‍ അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചില്ല. അദ്ദേഹത്തിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ അദ്ദേഹം ജീവനോടെയുണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞു,’ അദ്ദേഹം പറഞ്ഞു.

ചില പേരുകളും ചിത്രങ്ങളും ഹോസ്‌പിറ്റല്‍ ലിസ്റ്റിലില്ലെന്ന് ബീഹാര്‍ ദര്‍ബങ്ക സ്വദേശി രാകേഷ് യാദവ് ആരോപിച്ചു.

‘രണ്ട് ദിവസമായി ഞാനെന്റെ സഹോദരനെ തിരയുന്നു. ഇന്നലെ സന്ദര്‍ശിച്ച അഞ്ചാമത്തെ ആശുപത്രിയില്‍ നിന്ന് മറ്റൊരു മൃതശരീരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ സഹോദരനെ ഇപ്പോഴും കാണാന്‍ സാധിച്ചിട്ടില്ല.

ചില പേരുകളും ചിത്രങ്ങളും ലിസ്റ്റിലില്ല. ഇന്നലെ ഞാന്‍ പോയ ആറില്‍ അഞ്ച് ആശുപത്രികളിലും എനിക്ക് പ്രത്യേകം ചിത്രങ്ങള്‍ കാണിച്ച് തരികയായിരുന്നു. അതില്‍ ഒരാള്‍ എന്റെ ഗ്രാമത്തിലുള്ളയാളായിരുന്നു,’ അദ്ദേഹം പറഞ്ഞു.

അതേസമയം 101 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ടെന്നാണ് അധികാരികള്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.

‘ഏകദേശം 1,100 പേരാണ് ട്രെയ്ന്‍ അപകടത്തില്‍ പരിക്കറ്റത്. അതില്‍ 900 പേര്‍ ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 200 ഓളം പേര്‍ ചികിത്സ തേടുന്നുണ്ട്. 278 പേരാണ് അപകടത്തില്‍ മരിച്ചത്. അതില്‍ 101 മൃതശരീരം തിരിച്ചറിയാനുണ്ട്,’ കിഴക്കന്‍ മേഖലാ റെയില്‍വേയുടെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ റിങ്കേഷ് റോയ് എ.എന്‍.ഐയോട് പറഞ്ഞു.

‘ഭുവനേശ്വറില്‍ 193 മൃതശരീരങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്. 80 എണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. 55 എണ്ണം ഉറ്റവര്‍ക്ക് കൈമാറിയിട്ടുണ്ട്,’ ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ വിജയ് അമൃത് കുലങ്കേ പറഞ്ഞു. റെയില്‍വേ ഒഡിഷ സര്‍ക്കാരുമായി ഏകോപിപ്പിച്ച് മരിച്ചവരുടെ ഫോട്ടോകളും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച യാത്രക്കാരുടെ പട്ടികയും ഉള്‍പ്പെടെ മൂന്ന് ഓണ്‍ലൈന്‍ ലിങ്കുകളും തയ്യാറാക്കിയിട്ടുണ്ട്.

നിലവില്‍ ട്രെയ്ന്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ചുമതല സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്.

ജൂണ്‍ രണ്ടിന്‌ ഏഴ് മണിക്കായിരുന്നു രാജ്യത്തെ ഞെട്ടിച്ച ട്രെയ്ന്‍ അപകടം നടക്കുന്നത്. ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് നിര്‍ത്തിയിട്ട ചരക്ക് ട്രെയ്‌നില്‍ ഇടിക്കുന്നത്. ഇടിയില്‍ പാളം തെറ്റുകയും ആ സമയം അതുവഴി വന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റിയ ബോഗികളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

CONTENT HIGHLIGHTS: Odisha train accident: Next of kin searching for missing; Relatives said that they could not identify the dead body due to the change in appearance