പൊറിഞ്ചു മറിയം ജോസിന് ശേഷം തനിക്ക് ലഭിച്ച മികച്ച കഥാപാത്രമാണ് കിങ് ഓഫ് കൊത്തയിലെ മഞ്ജുവെന്ന് നൈല ഉഷ. അത്തരം ബോള്‍ഡായ കഥാപാത്രങ്ങള്‍ക്കായി മാത്രമാണ് തന്നെ വിളിക്കാറുള്ളതെന്നും മഞ്ജു ഭയങ്കര അടിപൊളിയായി തോന്നിയെന്നും നൈല പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ചിലപ്പോള്‍ അഭി എന്നെ പൊറിഞ്ചു മറിയം ജോസില്‍ കണ്ടതുകൊണ്ടാവാം വിളിച്ചത്. എന്നെ എല്ലാവരും അങ്ങനത്തെ ബോള്‍ഡായ കഥാപാത്രത്തിലേക്കേ വിളിക്കാറുള്ളൂ. മറിയത്തിന് ശേഷം എനിക്ക് ഭയങ്കര അട്രാക്ഷന്‍ തോന്നിയ കഥാപാത്രമാണ് മഞ്ജു. ഡബ്ബ് ചെയ്തപ്പോള്‍ തന്നെ മഞ്ജു ഭയങ്കര അടിപൊളിയാണല്ലോ, ഇവരെ പോലെ ജീവിച്ചാല്‍ മതിയെന്ന് വിചാരിച്ചു.
ഞാന്‍ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും വലിയ മൂവിയാണ് കിങ് ഓഫ് കൊത്ത. സത്യം പറഞ്ഞാല്‍ ആദ്യമായിട്ടാണ് കേരളത്തിന് പുറത്ത് ഒരു മലയാളം സിനിമയുടെ ഷൂട്ടിനായി പോകുന്നത്. കാരൈക്കുടിയില്‍ ദുല്‍ഖറിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനിനാണ് ഞാന്‍ ആദ്യം പോകുന്നത്. അന്ന് എനിക്ക് ഷൂട്ടില്ല. സെറ്റ് എന്താണെന്ന് ഒന്ന് പരിചയപ്പെടാമല്ലോ എന്ന് വിചാരിച്ച് പോയതാണ്.