കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇനിയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരം കടുത്ത നിലപാടുകളിലേക്ക്. ഇന്ന് സമരം നാലാം ദിവസത്തിലേക്ക് കടന്നു. മികച്ച ജനപിന്തുണയാണ് കന്യാസ്ത്രീകള്‍ക്ക് കിട്ടുന്നത്.
ഇതിനിടെ സംസ്ഥാന സര്‍ക്കാരില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തെ കന്യാസ്ത്രീകള്‍ സമീപിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അവഗണന ആണ് ഉണ്ടാവുന്നതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ പരാതിയില്‍ കന്യാസ്ത്രീകള്‍ പറയുന്നു. കേസില്‍ ഉടനടി ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെടുന്നുണ്ട്.
“സേവ് അവര്‍ സിസ്റ്റേഴ്‌സ്” എന്ന പേരില്‍ പുതിയ ആക്ഷന്‍ കൗണ്‍സില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ആരംഭിച്ചിട്ടുണ്ട്. ഫാ. ആഗസ്റ്റിന്‍ വട്ടോളി കനറല്‍ കണ്‍വീനര്‍ ആയിക്കൊണ്ടുള്ള സമരസമിതി അംഗങ്ങളാണ് ആക്ഷന്‍ കൗണ്‍സിലില്‍.
സമരം നടത്തുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് കൊണ്ടുള്ള സന്ന്യാസ സഭയുടേയും, പി.സി ജോര്‍ജ്ജിന്റേയും പരാമര്‍ശങ്ങളെ ആക്ഷന്‍ കൗണ്‍സില്‍ അപലപിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരും എന്നാണ് ആക്ഷന്‍ കൗണ്‍സില്‍ നിലപാട്.
ALSO READ: കനത്ത ചൂടിന്റെ കാരണം വ്യക്തമാക്കി കൊച്ചി സര്‍വകലാശാലയിലെ കാലാവസ്ഥാ വിഭാഗം അധ്യാപകന്‍
ഇന്നലെ ഹര്‍ത്താല്‍ ആയത് കൊണ്ട് സമരപന്തലില്‍ എത്താതിരുന്ന കന്യാസ്ത്രീകള്‍ ഇന്ന് വീണ്ടും സജീവ സമരം ആരംഭിച്ചു.
സമരത്തില്‍ പങ്കെടുക്കുന്ന ആറ് കന്യാസ്ത്രീകളില്‍ മൂന്ന് പേര്‍ക്ക് പ്രതിമാസം അഞ്ഞൂറ് രൂപ മാത്രമാണ് ജീവിത ചെലവുകള്‍ക്കായി അനുവദിക്കുന്നത്. ഈ സാഹചര്യം മാറണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നുണ്ട്.