ഭാവനയല്ലാതെ മറ്റാര്; തിരിച്ചുവരവില്‍ തിളങ്ങി ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്
Entertainment news
ഭാവനയല്ലാതെ മറ്റാര്; തിരിച്ചുവരവില്‍ തിളങ്ങി ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th February 2023, 12:04 pm

മലയാള സിനിമയിലെ പ്രധാന നായികമാരില്‍ ഒരാളായിരുന്നു ഭാവന. ഒരുപാട് മലയാള സിനിമകളുടെ ഭാഗമായി മികച്ച കരിയര്‍ സാധ്യമാക്കിയ നടിയാണ് അവര്‍. അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാല്‍ മലയാളസിനിമയില്‍ നിന്നും കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭാവന മാറി നില്‍ക്കുകയായിരുന്നു.

എന്നാല്‍ ജീവിതത്തില്‍ അഭിമുഖീകരിച്ച തടസങ്ങളെ തട്ടി മാറ്റി അതിജീവിതയാണെന്ന് ഉറക്കെ ലോകത്തോട് തുറന്നു പറഞ്ഞ ധീരയാകാന്‍ ഭാവനക്ക് സാധിച്ചു. തൊഴിലിടമായ സിനിമയില്‍ നിന്നും തന്റേതല്ലാത്ത കാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട ഭാവനയുടെ തിരിച്ചുവരവിന് തിളക്കം കൂടുതലാണ്.

അഞ്ചുവര്‍ഷത്തെ വലിയ ഇടവേളക്ക് ശേഷം ഭാവന അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപിത സമയം മുതല്‍ ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്’ പ്രേക്ഷകര്‍ക്കിടയില്‍ ഇടം നേടിയിരുന്നു.

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന ചിത്രം പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്.

ഭാവനക്കൊപ്പം ഷറഫുദ്ദീന്‍, ഷെബിന്‍ ബെന്‍സോണ്‍, അനാര്‍ക്കലി, അശോകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന ജിമ്മി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. പേര് പോലെ ഇക്കാക്കയുടെ പ്രേമത്തെക്കുറിച്ച് വയസിന് ഒരുപാട് ഇളയതായ അനിയത്തിയുടെ നറേഷനിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

സ്‌ക്രീനില്‍ ഭാവനയെ കാണിക്കുന്ന നിമിഷം മുതല്‍ പിന്നീട് അവരുള്ള ഫ്രെയിമുകള്‍ തന്നെയാണ് ചിത്രത്തില്‍ ശ്രദ്ധേയമാകുന്നത്. നിത്യ എന്ന കഥാപാത്രത്തെ മനോഹരമായാണ് ഭാവന അവതരിപ്പിച്ചത്. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം വിവാഹിതയായി ഒമ്പത് വര്‍ഷം ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ തളക്കപ്പെട്ട സ്ത്രീയുടെ അതിജീവനമാണ് ചിത്രമെന്ന് ഒറ്റവരിയില്‍ പറയാം.

എന്നാല്‍ പ്രണയത്തെ നെഞ്ചോട് ചേര്‍ത്തുവെക്കുന്ന മനുഷ്യ വികാരങ്ങള്‍ക്ക് കാലഭേദമില്ലെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കൂടെ സിനിമ സഞ്ചരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭാവനയുടെ കഥാപാത്രം കുറച്ചധികം ആഴത്തില്‍ തന്നെ കാണുന്നവരുടെ ഹൃദയത്തില്‍ തൊടും.

ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ നിന്ന് പുറത്തുകടക്കാനാവാതെ ഒമ്പത് വര്‍ഷം ഭാവനയുടെ കഥാപാത്രമായ നിത്യ സഹിച്ചിട്ടുണ്ട്. സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ പൊളിച്ചടുക്കി സ്ത്രീ തന്റെ അടിമയല്ലെന്ന് തുറന്നു കാട്ടുന്നതില്‍ ഭാവനയും സിനിമയും വിജയിച്ചിട്ടുണ്ട്. സ്ത്രീ എന്നും അടിമയായിരിക്കണം, അവള്‍ക്ക് സ്വന്തമായ അഭിപ്രായമോ ചിന്താശേഷിയോ ഉണ്ടാകാന്‍ പാടില്ലെന്ന ആധിപത്യ മനോഭാവമുള്ള മനുഷ്യര്‍ക്കുള്ള മറുപടി നിത്യയിലൂടെ ചിത്രം പറയുന്നുണ്ട്.

ആത്മാര്‍ത്ഥമായ പ്രണയബന്ധങ്ങള്‍ കാലാന്തരങ്ങള്‍ക്ക് ശേഷവും ഒന്നിക്കുമെന്ന പ്രതീക്ഷയും സിനിമ പങ്കുവെക്കുന്നുണ്ട്. ഭാവനയും ഷറഫുദ്ദീനും തമ്മിലുള്ള പ്രണയവും പരസ്പരമുള്ള ഇമോഷന്‍സും വളരെ മനോഹരമായി തന്നെ പ്രേക്ഷകരിലേക്ക് എത്തി. വിവാഹബന്ധത്തില്‍ നിന്ന് പുറത്തുവരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ പിന്നീട് അതിന്റെ ഭാരം പേറി നടക്കണമെന്ന പാട്രിയാക്കിയല്‍ സമൂഹത്തിനെതിരെയും വ്യക്തമായ നിലപാട് ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിനുണ്ട്.

സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് ഭാവന തന്നെയാണ് ചിത്രം. അഞ്ചുവര്‍ഷമായി സിനിമയില്‍ നിന്നും പൂര്‍ണമായി ഭാവന മാറി നില്‍ക്കുകയാണെന്ന് സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടില്ല. പ്രകടനം കൊണ്ട് ഷറഫുദ്ദീനും ചിത്രത്തില്‍ മുന്നില്‍ തന്നെയാണ്. ഇരുവരും ആഴത്തില്‍ തന്നെ തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ശക്തമായ പ്രണയത്തെ ഇരുവരും മനോഹരമായി തന്നെ തുറന്നുകാട്ടി.

നിത്യ എന്ന കഥാപാത്രത്തിനോട് നൂറ് ശതമാനം നീതി ഭാവന പുലര്‍ത്തിയിട്ടുണ്ട്. നിത്യ ഒരിക്കലും ഒരു സാങ്കല്‍പിക കഥാപാത്രമല്ല. മറിച്ച് നിത്യ ജീവിതത്തില്‍ കാണുന്ന ശക്തയും സ്വതന്ത്രയും വിവേകമതികളുമായ സ്ത്രീകളുടെ പ്രതീകമാണ്. തന്റെ ചോയ്‌സ് വൈകിയാണെങ്കിലും സ്വയം തെരഞ്ഞെടുക്കണമെന്ന് തുറന്ന് പറയുന്ന ശക്തയായ സ്ത്രീയാണവള്‍.

സിനിമയില്‍ മിന്നി മറഞ്ഞു പോയ ചില കഥാപാത്രങ്ങള്‍ പോലും മികച്ച പ്രകടനം കാഴ്ച വെച്ചു. അത്തരത്തില്‍ എടുത്തു പറയേണ്ട പെര്‍ഫോമന്‍സാണ് സാനിയ റാഫിയെന്ന കുഞ്ഞ് കഥാപാത്രത്തിന്റേത്. ഇക്കാക്കയുടെ പ്രണയത്തിനൊപ്പം നില്‍ക്കുന്ന കുഞ്ഞിപെങ്ങള്‍. ഷറഫുദ്ദീനും കുഞ്ഞിപെങ്ങളും തമ്മിലുള്ള രസകരമായ നിമിഷം സിനിമയോട് ഇഴകി ചേരുന്നതാണ്.

നഷ്ടപ്പെട്ടതും ഹൃദയത്തോട് ചേര്‍ത്ത് വെക്കാന്‍ കൊതിച്ച പ്രണയവും പ്രണയ മുഹൂര്‍ത്തങ്ങളെയും വളരെ മൃദുവായി ആളുകളിലേക്ക് എത്തിക്കാന്‍ സിനിമക്ക് സാധിച്ചിട്ടുണ്ട്. പ്രണയം മടുക്കാത്തവര്‍ക്ക് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ഈ സിനിമയും മടുക്കില്ല.

content highlight: ntikkakkakkoru premandaarnnu movie and bhavana’s performance