Interview | ലോകം കണ്ടത് ആ രണ്ട് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ മാത്രം, അതിലും ഭീകരമാണ് മണിപ്പൂരിലെ കാര്യങ്ങള്‍; ഫാദര്‍ ജോണ്‍സണ്‍ തേക്കടയില്‍ സംസാരിക്കുന്നു
മണിപ്പൂര്‍ കലാപഭൂമിയായിട്ട് ഇന്നേക്ക് 80 ദിവസം പിന്നിട്ടിരിക്കുന്നു. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തെ കുറിച്ചും ദുരന്തഭൂമിയായി ആ നാടിനെ ഭരണകൂടം മാറ്റിയതിനെ കുറിച്ചും മണിപ്പൂരിലെ ഇ.യു ഫോറത്തിന്റെ ചെയര്‍മാനായ ഫാ.ഡോ. ജോണ്‍സണ്‍ തേക്കടയില്‍ ഡൂള്‍ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ ആര്യ.പിയുമായി സംസാരിക്കുന്നു.
ആര്യ. പി: ഒരു തവണ പോലും കാണാന്‍ കഴിയാത്ത വിധം അസ്വസ്ഥപ്പെടുത്തുന്ന ദൃശ്യമായിരുന്നു കഴിഞ്ഞ ദിവസം മണിപ്പൂര്‍ കലാപപ്രദേശത്തു നിന്നും പുറത്തുവന്നത്. കുക്കി വിഭാഗത്തിലെ രണ്ട് യുവതികളെ പൂര്‍ണ്ണ നഗ്‌നരാക്കി തെരുവിലൂടെ പീഡിപ്പിച്ച് നടത്തിക്കൊണ്ടു പോകുന്ന ഒരാള്‍ക്കൂട്ടത്തെയായിരുന്നു അതില്‍ കണ്ടത്. പിന്നീട് അവരെ അടുത്തുള്ള വയലിലേക്ക് കൊണ്ടുപോയി ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുന്നു. സംഭവം നടന്നിട്ട് എഴുപത്തിയേഴാം ദിവസമാണ് ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
ഈ വീഡിയോ വൈറല്‍ ആകുന്നത് വരെ മണിപ്പൂര്‍ പൊലീസ് ഒരു നടപടിയും എടുത്തിരുന്നില്ല. സംഭവത്തില്‍ ഒരു എഫ്.ഐ.ആര്‍ ഇട്ടതൊഴിച്ച് മറ്റ് അന്വേഷണങ്ങള്‍ നടത്തിയിരുന്നില്ല.
മണിപ്പൂരില്‍ നടന്നതിന്റെയും നടക്കുന്നതിന്റെയും വിറങ്ങലിപ്പിക്കുന്ന അനേകം സംഭവങ്ങളില്‍ ഒന്ന് മാത്രമാണ് ഇത്.
മണിപ്പൂരില്‍ അടിയന്തര നടപടികളെടുത്തില്ലെങ്കില്‍ തങ്ങള്‍ക്ക് ഇടപെടേണ്ടിവരുമെന്ന് സുപ്രീം കോടതിക്ക് പറയേണ്ടി വന്നിരിക്കുന്നു. മണിപ്പൂരിലേത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്ന് താങ്കള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്തൊക്കെയാണ് മണിപ്പൂരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടം സ്‌പോര്‍ണര്‍ ചെയ്യുന്ന ഒരു കലാപമമാണോ യഥാര്‍ത്ഥത്തില്‍ അവിടെ നടക്കുന്നത്?
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: ഒരു ദിവസം കൊണ്ടോ രണ്ട് ദിവസം കൊണ്ടോ അല്ല അവിടെ ഈ പ്രശ്‌നം ഉടലെടുക്കുന്നത്. ദീര്‍ഘമായ നാളുകളുടെ ഹോം വര്‍ക്കിന്റെ ഫലമായി സംഭവിച്ചതാണെന്ന് അവിടുത്തെ ഏതൊരു കൊച്ചുകുട്ടിക്കും അറിയാം. അവിടെ 36 മണിക്കൂറിനുള്ളില്‍ 251 ചര്‍ച്ചുകള്‍ കത്തിക്കണമെങ്കില്‍ അത് എവിടെയൊക്കെയാണെന്നും അവിടെ താമസിക്കുന്ന ക്രൈസ്തവര്‍ ആരാണെന്നും അറിയണം. ക്രൈസ്തവരുടെ ഭവനങ്ങള്‍ മാത്രം തിരഞ്ഞുപിടിച്ച് ഉപദ്രവം നടത്തണമെങ്കില്‍, ചര്‍ച്ചുകള്‍ തകര്‍ക്കണമെങ്കില്‍ കൃത്യമായ പ്ലാനിങ് നടന്നു എന്ന് തന്നെയാണ് അതിന്റെ അര്‍ത്ഥം. പിന്നെ ഈ കലാപം സ്‌പോര്‍ണര്‍ ചെയ്യുന്നത് പുറത്തുനിന്നല്ല. അകത്തുനിന്ന് തന്നെ നടക്കുന്ന ഒരു പ്രശ്‌നം അവിടെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ആര്യ. പി: 79 ദിവസത്തെ മൗനത്തിന് ശേഷം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാര്‍ലമെന്റിന് മുന്‍പില്‍ മാധ്യമങ്ങളോട് പ്രതികരിക്കേണ്ടി വരുന്നത് മണിപ്പൂരിലെ ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടുകൂടിയാണ്. ഒരുപക്ഷേ പാര്‍ലമെന്റില്‍ താന്‍ നേരിടാന്‍ പോകുന്ന ചോദ്യങ്ങളോടുള്ള ഭയംകൊണ്ടുമാകാം അത്തരമൊരു പ്രതികരണം അദ്ദേഹത്തിന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നടത്തേണ്ടി വന്നത്. മണിപ്പൂര്‍ വിഷയത്തിലെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ എങ്ങനെയാണ് കാണുന്നത്?
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: ഞാനൊരു മറുചോദ്യം ചോദിക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്നോളം ചരിത്രത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍, പല സംസ്ഥാനങ്ങളിലായി ഈ രാജ്യത്ത് ഉടനീളം ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങളില്‍, നമ്മുടെ പ്രധാനമന്ത്രി ഏത് പ്രശ്‌നത്തിലാണ് ഇടപെട്ട് പരിഹാരം തന്നിരിക്കുന്നത്. ഒരെണ്ണമെങ്കിലും പറയാന്‍ സാധിക്കുമോ. ഇന്നിടത്ത് ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ ആദരണീയനായ പ്രധാനമന്ത്രി അവിടെ ഇടപെട്ട് അവിടെ സമാധാനം കൊണ്ടുവന്ന് എന്ന് നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ. ഇല്ല. അദ്ദേഹം ഒരു പ്രശ്‌നപരിഹാരകനല്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും
അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഇടംകൈയും വലംകൈയും ഉണ്ട്. അതില്‍ ഒന്ന് അമിത് ഷാ ജിയും മറ്റൊന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമാണ്. അവരെ രണ്ട് പേരേയും അദ്ദേഹം മണിപ്പൂരിലേക്ക് അയച്ചു. ഇവര്‍ രണ്ട് പേര്‍ക്കും പരിഹരിക്കാന്‍ പറ്റാത്ത ഒരു കാര്യം പ്രധാനമന്ത്രിക്ക് പരിഹരിക്കാന്‍ കഴിയില്ല.
ഹിമന്ത ബിശ്വ ശര്‍മ
ആര്യ. പി: മണിപ്പുര്‍ സംഭവങ്ങള്‍ക്ക് മുഖ്യ ഉത്തരവാദിയായി ഒരു ജനത ചൂണ്ടിക്കാട്ടുന്നത് മുഖ്യമന്ത്രി ബീരേന്‍ സിങ്ങിനെതിയാണ്. മെയ്തി വംശജനായ ബീരേന്‍ സിങ് മെയ്തികളെ ഹിന്ദുത്വവല്‍ക്കരിക്കുകയും കുക്കികള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായ വംശീയ പ്രചാരണം തീവ്രമാക്കുകയും ചെയ്തെന്ന ആരോപണമാണ് ഉയരുന്നത്. കുകികളെ അവരുടെ ആവാസമേഖലകളില്‍ നിന്ന് ആട്ടിയിറക്കുന്ന റിസര്‍വ് ഫോറസ്റ്റ് പ്രഖ്യാപനമുള്‍പ്പെടെ അങ്ങേയറ്റം വംശീയ ഉന്മൂലനം ലക്ഷ്യംവെച്ചുകൊണ്ടുള്ള ബീരേന്‍സിങ്ങിന്റെ നടപടികളാണ് മണിപ്പൂരിനെ ഇപ്പോഴത്തെ ദാരുണമായ അവസ്ഥയിലേക്കെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീരേന്‍ സിങ്ങിന്റെ ഇടപെടലുകളെ എങ്ങനെയാണ് കാണുന്നത്?
ബീരേന്‍സിങ്
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: ബീരേന്‍സിങ് മെയ്തികളെ ഹിന്ദുത്വവല്‍ക്കരിക്കുകയല്ല. അത് തെറ്റാണ്. മെയ്തികള്‍ ഇപ്പോള്‍ ഹിന്ദുക്കളാണ്. അവരെ സനാമഹിസത്തിലേക്ക് കൊണ്ടുപോകുകയാണ്.
ബീരേന്‍ സിങ് കുകികള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായ വംശീയ പ്രചാരണം തീവ്രമാക്കി എന്നത് ആരോപണം അല്ല അതൊരു യാഥാര്‍ത്ഥ്യമാണ്.
ബീരേന്‍ സിങ് തത്വത്തില്‍ ഇപ്പോള്‍ അവിടുത്തെ മുഖ്യമന്ത്രിയല്ല. മണിപ്പൂരിലെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ കാണാന്‍ കഴിയില്ല. ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം മുഖ്യമന്ത്രിയായിട്ട് സ്വയം പ്രഖ്യാപിച്ച് നടക്കുകയാണ് അദ്ദേഹം.
ഒരു മന്ത്രിസഭയില്‍ മുഖ്യമന്ത്രി മാത്രം പോര. മറ്റ് മന്ത്രിമാരും വേണം. അവിടെ കലാപം തുടങ്ങിയിട്ട് ഇത്രയും ദിവസമായി. ഇതിനിടെ ഒരൊറ്റ തവണ പോലും നിയമസഭയോ മന്ത്രിസഭയോ കൂടിയിട്ടില്ല. പിന്നെ എങ്ങനെയാണ് അവിടെ ഒരു മന്ത്രിസഭ ഉണ്ടെന്ന് പറയുന്നത്. മന്ത്രിസഭയില്ലെങ്കില്‍ പിന്നെ എന്ത് മുഖ്യമന്ത്രി.
മാത്രവുമല്ല അദ്ദേഹം ഇനീഷ്യേറ്റീവ് എടുത്ത് ഉണ്ടാക്കിയെടുത്തിരിക്കുന്ന ഒരു കലാപത്തെ അദ്ദേഹത്തിന് എങ്ങനെ അമര്‍ച്ച ചെയ്യാന്‍ കഴിയും. അദ്ദേഹം കടുവയുടെ പുറത്തുകയറി യാത്ര ചെയ്തപ്പോള്‍ അത് തിരിഞ്ഞുകടിക്കുമെന്ന് മനസിലാക്കിയില്ല. ഇപ്പോള്‍ അത് തിരിഞ്ഞുകടിച്ചുകൊണ്ടിരിക്കുകയാണ്.
ആര്യ. പി: രാജ്യത്ത് നടക്കുന്ന, അല്ലെങ്കില്‍ ഇതുവരെ നടന്ന വര്‍ഗീയ കലാപങ്ങളിലെല്ലാം സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഒരു ജനതയെ തന്നെ വംശീയമായി ഉന്മൂലനം ചെയ്യുന്ന രീതിയും ഗുജറാത്ത് കലാപത്തില്‍ ഉള്‍പ്പെടെ നമ്മള്‍ കണ്ടതാണ്. ബാബു ബജ്‌രംഗിയെപ്പോലുള്ളവര്‍ ഗുജറാത്ത് കലാപസമയത്ത് തങ്ങള്‍ സ്ത്രീകളോട് ചെയ്തുകൂട്ടിയ അതിക്രമത്തെ കുറിച്ച് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മണിപ്പൂര്‍ കലാപത്തിലെ ഏറ്റവും വലിയ ഇരകളായി സ്ത്രീകളും കുട്ടികളുമായി മാറുകയല്ലേ?
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: സ്ത്രീകളും കുട്ടികളും മാത്രമല്ല. അവരുടെ കുടുംബാംഗങ്ങള്‍ മുഴുവനായിട്ട് ഇരകളാണ്. പുരുഷന്‍മാര്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുണ്ടായ നാശനഷ്ടത്തെ കുറിച്ച് പൊതുവില്‍ നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പുരുഷന്‍മാരും മനുഷ്യരാണെന്നത് മറന്നുപോകുന്നു. അവരും കൊല്ലപ്പെടുന്നുണ്ട്.
112 മൃതദേഹങ്ങള്‍ ഇപ്പോഴും അവിടെ ചുരാങ്ചാങ്പൂര്‍ എന്ന് മുന്‍പ് അറിയപ്പെട്ട ഇപ്പോള്‍ ലംക എന്നറിയപ്പെടുന്ന മെഡിക്കല്‍ കോളേജിന്റേയും കോങ്കോപ്പിയിലെ ആശുപത്രികളിലുമായിട്ട് ഉണ്ട്. ഇതുവരെ ആ മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം നമ്മള്‍ കണ്ട ദൃശ്യങ്ങള്‍ രണ്ട് സഹോദരിമാരെ നഗ്നരാക്കി നടത്തുന്നതാണ്. അതില്‍ ഒന്നെന്റെ മകളാണ്. മറ്റേത് എന്റെ ഇളയ സഹോദരിയാണ്. അതുകൂടാതെ 51 വയസുള്ള എന്റെ മറ്റൊരു സഹോദരിയുണ്ടായിരുന്നു. ഈ മൂന്ന് പേരുടെ കാര്യം മാത്രമേ ലോകം ചര്‍ച്ച ചെയ്തിട്ടുള്ളൂ.
എന്റെ രണ്ട് പെണ്‍മക്കളെ അവര്‍ കൊന്നിരുന്നു. ഇംഫാലിലെ കാര്‍വാഷ് കമ്പനിയില്‍ ജോലി ചെയ്യുന്ന രണ്ട് പെണ്‍മക്കള്‍. 22 ഉം 24 വയസായിരുന്നു അവര്‍ക്ക്. നാലാം തിയതി രാവിലെ കലാപം ഉണ്ടായപ്പോള്‍ അവര്‍ അഭയം തേടിയത് അവരുടെ മുതലാളിയുടെ വീട്ടിലാണ്. ഈ ഓണറും അദ്ദേഹത്തിന്റെ ഭാര്യയും കൂടി എന്റെ കുഞ്ഞുങ്ങളെ ആ കാപാലികന്‍മാര്‍ക്ക് എറിഞ്ഞു കൊടുത്തു.
അവര്‍ കൂട്ടബലാത്സംഗം ചെയ്ത് എന്റെ കുഞ്ഞുങ്ങളെ കൊന്നു. അവരുടെ നഗ്ന ശരീരഭാഗങ്ങള്‍ മുറിച്ചെടുത്തു. ആ ശവശരീരങ്ങള്‍ ഇപ്പോഴും ചുങ്ചാങ്പൂരിലുണ്ട് (വിതുമ്പുന്നു).
ആര്യ. പി: മണിപ്പൂരില്‍ 112 മൃതദേഹങ്ങള്‍ ഇതുവരെ സംസ്‌ക്കരിച്ചിട്ടില്ലെന്ന് പറഞ്ഞല്ലോ. നീതി കിട്ടാതെ അതിന് തയ്യാറാകുന്നില്ലെന്നാണ് ഇരകള്‍ പറയുന്നത്. മണിപ്പൂരില്‍ നടക്കുന്ന അതിക്രൂരമായ സംഭവങ്ങളെ കുറിച്ച് സുപ്രീം കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നെന്ന് താങ്കള്‍ കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. സുപ്രീം കോടതിയുടെ പുതിയ ഇടപെടലിലൂടെ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: തീര്‍ച്ചയായും ഉണ്ട്. കാരണം നമുക്കുള്ളൊരു പ്രതീക്ഷയെന്തെന്നാല്‍ ‘ഞങ്ങള്‍ ഇടപെടും’ എന്ന് സുപ്രീം കോടതി പറഞ്ഞുകഴിഞ്ഞു എന്നതാണ്. അതുകൊണ്ട് തന്നെ ഇവിടെ ഒരു നീതിന്യായ സംവിധാനം ഉണ്ടെന്നും അവര്‍ ഇതില്‍ ഇടപെട്ട് പരിഹാരം തരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
ആര്യ. പി: മെയ്തി സമുദായവുമായി താങ്കള്‍ സംസാരിച്ചിരുന്നോ? എന്താണ് അവര്‍ പറയുന്നത് ? ഈ അക്രമമെല്ലാം ചെയ്തത് ആരാണെന്നാണ് കരുതുന്നത്. അല്ലെങ്കില്‍ ആരാണ് ഇവരെ പരിശീലിപ്പിച്ചത്?
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: മെയ്തി സമുദായവുമായി ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ സമാധാനപ്രിയരാണ്. അവര്‍ ആരും തന്നെ ഒരു അക്രമം നടക്കണമെന്ന് ആഗ്രഹിക്കുന്നില്ല. അവരുടെ മാര്‍ഗം അക്രമമല്ല. മെയ്തി വെല്‍ഫെയര്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെ ഞങ്ങളുടെ കൂടെ സമാധാന റാലിയില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നു.
ബുദ്ധമതത്തിലേയും ജൈനമതത്തിലേയും ഇസ്‌കോയിലേയും മുസ്‌ലിം സമുദായത്തിലേയുമൊക്കെ ആളുകള്‍ ആ സമാധാന റാലിയില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നു. 20 മത സംഘടനങ്ങള്‍ ഒരുമിച്ചായിരുന്നു 12ാം തിയതി റാലി നടത്തിയത്. അന്ന് അവര്‍ പറഞ്ഞത് നമുക്ക് സമാധാനമാണ് വേണ്ടതെന്നും എന്ത് പ്രശ്‌നമുണ്ടെങ്കിലും ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നായിരുന്നു.
മാത്രമല്ല ഈ പ്രശ്‌നം ഉണ്ടാക്കിയിരിക്കുന്നത് രണ്ട് ഗ്രൂപ്പുകളാണ്. ഇതൊരു ഹിന്ദു-ക്രിസ്ത്യന്‍ കലാപമല്ല. ഇത് മെയ്തികളിലെ മെയ്തി ലീപൂണ്‍ എന്ന സംഘപരിവാര്‍ സംഘടനയും അതേപോലെ അരംകായ് താങ്കോള്‍ എന്ന് പറയുന്ന സനാമഹിസത്തിലേക്ക് ആളുകളെ കൊണ്ടുപോകണമെന്ന് പറയുന്ന ബീരേന്‍ സിങ് നേതൃത്വം കൊടുക്കുന്ന സംഘടനയും ആണ് അവിടുത്തെ കുക്കികളേയും അവിടുത്തെ സാമാന്യജനങ്ങളേയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്നത്, അവിടുത്തെ മെയ്തി ക്രിസ്ത്യന്‍സിനെ ഇല്ലായ്മ ചെയ്തിരിക്കുന്നത്.
ആര്യ. പി: നിലവില്‍ മണിപ്പൂരില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നതിന്റെ യഥാര്‍ത്ഥ ചിത്രം അവിടെയുള്ളവര്‍ക്ക് ലഭിക്കുന്നുണ്ടോ. വാര്‍ത്താ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ ഏത് രീതിയിലുള്ളതാണ്?
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: ഇംഫാല്‍ താഴ്‌വരയില്‍ പാര്‍ക്കുന്ന മെയ്തികള്‍ക്ക് വേണ്ടി അവര്‍ വാര്‍ത്തയുണ്ടാക്കുന്നുണ്ട്. ആ വാര്‍ത്തകളിലെല്ലാം തന്നെ അവര്‍ കുക്കികളോടുള്ള അമര്‍ഷം എല്ലായ്‌പ്പോഴും പ്രകടമാക്കുന്നുണ്ട്. അവര്‍ക്ക് മാത്രമേ വാര്‍ത്ത കിട്ടുന്നുള്ളൂ. അവര്‍ക്ക് വേണ്ടി മാത്രമാണ് വാര്‍ത്തകള്‍ ചമയ്ക്കുന്നത്. അവരുണ്ടാക്കുന്ന വാര്‍ത്തയാണ്. അത് മറ്റുള്ളവരെ എതിര്‍ക്കുന്ന വാര്‍ത്തയാണ്. അത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
നമ്മള്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ ഹൈവേയൊക്കെ ബ്ലോക്കാക്കും. അസം റൈഫിള്‍സ് ഏതെങ്കിലും ഭാഗത്തുകൂടി വരുന്നുണ്ട് എന്ന് അറിഞ്ഞാല്‍ ഉടന്‍ തന്നെ ഒരു പറ്റം ആളുകള്‍ വരും. ഏതാണ്ട് 2000 വരെ സ്ത്രീകള്‍ റോഡ് വളഞ്ഞ് സഞ്ചാരസ്വാതന്ത്ര്യം തടയും.
ഇത് ഇന്ത്യയല്ലേ ഇന്ത്യയില്‍ ഏത് ഭാഗത്തും സഞ്ചാരസ്വാതന്ത്ര്യം ഇല്ലേ എന്ന് ചോദിച്ചാല്‍ ആ ചോദിക്കുന്നവന് പിന്നെ രണ്ടാം വട്ടം ചോദിക്കേണ്ടി വരില്ല.
ഇത്രയും സ്ത്രീകള്‍ വന്നിട്ട് പതിനഞ്ചും ഇരുപതും വരുന്ന അസം റൈഫിള്‍സിന്റെ വാഹനങ്ങള്‍ തടയുകയാണ്. ഓര്‍ക്കണം പാരാമിലിട്ടറിയുടെ വാഹനങ്ങളാണ് ഇത്. അവരെ തടഞ്ഞുനിര്‍ത്തിയിട്ട് അവരുടെ കൂട്ടത്തില്‍ ഏതെങ്കിലും കുക്കിയുണ്ടോ എന്ന് കയറി പരിശോധിച്ചിട്ട് ഇല്ല എന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ വണ്ടി അടയ്ക്കൂ.
വാഹനത്തില്‍ ഏതെങ്കിലും കുകിയുണ്ടെങ്കില്‍ അവര്‍ അപ്പോള്‍ അവിടെ വെച്ച് തന്നെ കശാപ്പ് ചെയ്യും. അതൊന്നും തന്നെ ലോകം അറിയുന്നില്ല. ഏതെങ്കിലും കുക്കി ഗ്രാമത്തില്‍ ഇവര്‍ വെടിയുതിര്‍ക്കുകയോ കലാപം ഉയര്‍ത്തുകയോ കത്തിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് പാര മിലിട്ടറി അവിടേക്ക് പോകുന്നത്. അവിടേക്ക് ഇവര്‍ എത്താതിരിക്കാന്‍ സ്ത്രീകള്‍ തടയുകയാണ്, അവിടുത്തെ വില്ലേജുകള്‍ കത്തിനശിച്ചു എന്ന് ഉറപ്പുവരുത്താനായിട്ട് മേയ്തി ലീപൂണും താങ്കോള്‍ മിലിന്റന്റ് ഗ്രൂപ്പിലെ യങ്‌സ്റ്റേഴ്‌സും വളരെ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ആര്യ. പി: വംശീയ സംഘര്‍ഷങ്ങള്‍ കലുഷിതമാക്കിയ മണിപ്പൂരില്‍ സമാധാനം കടന്നുവരുന്നത് 2008 ല്‍ എസ്.ഒ. ഒ (ടuspension of Operation) ഒപ്പ് വയ്ക്കുന്നതോടെയാണ്. എന്നാല്‍ സമീപകാല സര്‍ക്കാര്‍ ഇടപെടലുകള്‍ മണിപ്പൂരിനെ വീണ്ടും അശാന്തിയിലേക്ക് തള്ളിവിട്ടു. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ മണിപ്പൂരില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെന്ന പേരില്‍ ആരംഭിച്ച നടപടികളും മാര്‍ച്ച് മാസത്തില്‍ എസ്.ഒ.ഒ കരാര്‍ പിന്‍വലിച്ചതുമെല്ലാം തങ്ങള്‍ക്കെതിരേയുള്ള വംശീയ അതിക്രമമായാണ് കുകികള്‍ കരുതുന്നത്.
തീവ്രവാദികള്‍ മലനിരകളില്‍ അശാന്തി പരത്തുന്നുവെന്ന കാരണം പറഞ്ഞായിരുന്നു എസ്.ഒ.എസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. ഭരണകൂടം തങ്ങളെ വേട്ടയാടുകയാണെന്ന തോന്നല്‍ കുകികളില്‍ ശക്തമായ ഘട്ടത്തില്‍ കൂടിയാണ് മെയ്തികള്‍ അവരെ ഷെഡ്യൂള്‍ ട്രൈബ് ആയി പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നതും കോടതിയുടെ ചെറിയൊരു ഇടപെടല്‍ വരുന്നതും. ഇതെല്ലാമാണോ യഥാര്‍ത്ഥത്തില്‍ കലാപത്തിലേക്ക് നയിച്ച കാരണങ്ങള്‍?
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: അല്ല. അവിടെ വേറെ പല കാരണങ്ങളും ഉണ്ട്. 2003ല്‍ ഏഴ് എണ്ണ കമ്പനികള്‍ അവിടെ ഒരു സര്‍വേ നടത്തിയിരുന്നു. ആ പഠനത്തില്‍ അവിടെ ധാരാളം എണ്ണ ഖനനത്തിന് സാധ്യതയുണ്ടെന്ന് അവര്‍ കണ്ടെത്തി. കുന്നിന്‍പ്രദേശങ്ങളാണ് അവിടം. അത് മാത്രമല്ല വജ്രവും ധാരാളം ധാതുലവണങ്ങളും അവിടെ ഉണ്ടെന്നു കൂടി ഇവര്‍ മനസിലാക്കിയിട്ടുണ്ട്.
ബീരേന്‍ സിങ് അന്ന് എം.എല്‍.എയും അതിന് ശേഷം മന്ത്രിയുമൊക്കെയായിട്ട് കഴിയുന്ന കാലമാണ്. അദ്ദേഹം മുഖ്യമന്ത്രിയായി കഴിഞ്ഞപ്പോള്‍ ഏറ്റവും ഭംഗിയായി ഈ വിഷയത്തില്‍ എടുത്ത ആദ്യത്തെ നിലപാട് കുകി വിഭാഗത്തെ അവിടെ നിന്ന് എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യണമെന്നതാണ്.
ഞാന്‍ ഒരു വെളിപ്പെടുത്തല്‍ കൂടി നടത്താം. ശരിക്കും കുകികളല്ലായിരുന്നു അവരുടെ ടാര്‍ഗറ്റ്. ജൂണ്‍ 8ാംതിയതി അവര്‍ മുസ്‌ലിം സമൂഹത്തെയായിരുന്നു ടാര്‍ഗറ്റ് ചെയ്തത്. പിന്നീടാണ് കുകീസിന് എതിരെ ആയുധം എടുത്തത്. കുകീസിനെ അവിടെ നിന്ന് ഇല്ലായ്മ ചെയ്താല്‍ മാത്രമേ അവര്‍ക്ക് ആ സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുകയുള്ളൂ.
ആദ്യം കുകി പിന്നെ നാഗ. കാരണം നാഗ-കുകി ഗോത്രവിഭാഗക്കാര്‍ പാര്‍ക്കുന്നതായിട്ടുള്ള ഹില്‍ ഏരിയകയകള്‍ എല്ലാം തന്നെ 1960 കളില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദത്തില്‍ അവര്‍ക്ക് വേണ്ടി നീക്കിവെച്ചിരിക്കുന്നതാണ്. അവര്‍ക്കല്ലാതെ അവിടെ വേറെ ആര്‍ക്കും ഓണര്‍ഷിപ്പില്ല.
അവരെ ഇല്ലായ്മ ചെയ്‌തെങ്കില്‍ മാത്രമേ ആ സ്ഥലം അവര്‍ക്ക് പിടിച്ചെടുത്ത് എണ്ണ ഖനനം നടത്താന്‍ സാധിക്കുകയുള്ളൂ.
രണ്ടാമത്തെ കാരണം മൊറേ എന്ന് പറയുന്ന സ്ഥലം. മൊറേയാണ് ഇന്ത്യയുടേയും മ്യാന്‍മറിന്റേയും അതിര്‍ത്തിപ്രദേശം. ആ മൊറേയില്‍ വളരെ മനോഹരമായ കാഴ്ചകള്‍ ഉണ്ട്. അതിസുന്ദരമായ മലകളും താഴ്‌വരകളുമൊക്കെ നിറഞ്ഞ സ്ഥലങ്ങളാണ്. അവിടെ ഏഷ്യന്‍ രാജ്യങ്ങളുമായിട്ടുള്ള പാതയുടെ പണി നടക്കുന്നുണ്ട്. മൊറെ വരെയുള്ള പണി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ചില ഏരിയകള്‍ കൂടി എത്താനുണ്ട്. അവിടെ ഒരു കവാടം വരുന്ന സമയത്ത് അദാനിയുടെ കമ്പനിയെ അവിടെ കൊണ്ടുവരിക എന്നത് കേന്ദ്രത്തിന്റെ ഒരു ആവശ്യമാണ്. ഇതൊക്കെ നടക്കണമെങ്കില്‍ കുകികളെ അവിടെ നിന്ന് ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശം അവര്‍ക്ക് ഉണ്ടായിരുന്നതിന്റെ ഭാഗമായിട്ടാണ് ഈ കാര്യങ്ങളൊക്കെ ചെയ്യുന്നത്.
ആര്യ. പി: മുസ്‌ലിങ്ങളായിരുന്നു ടാര്‍ഗറ്റ് എന്ന് താങ്കള്‍ പറഞ്ഞല്ലോ. പിന്നെ ആ ടാര്‍ഗറ്റ് കുകികളിലേക്ക് മാറുന്നത് എങ്ങനെയാണ്?
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: ഏഴ് ശതമാനം മുസ്‌ലിങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു അവരുടെ ഒന്നാമത്തെ അജണ്ട. അതിന് മറ്റുള്ളവരുടെ കൂടി സപ്പോര്‍ട്ട് കിട്ടുമെന്നും കരുതി. അത് ദേശീയതലത്തിലുള്ള ഒരു അജണ്ടയായിരുന്നു.
എന്നാല്‍ കുകിളെ സംബന്ധിച്ചിടത്തോളം അവര്‍ മൂന്നാം തിയതി നടത്തിയ റാലിയില്‍ കുകികളും നാഗകളും ഉണ്ടായിരുന്നു. എന്നാല്‍ കുകികളെ മാത്രം ടാര്‍ഗറ്റ് ചെയ്തത് അവര്‍ അവിടെ മൈനോറിറ്റി ആയതുകൊണ്ടാണ്. നാഗാസാണ് അവിടെ കൂടുതല്‍. അതുകൊണ്ട് ആദ്യം കുകികളെ ഉപദ്രവിച്ച് ഇല്ലായ്മ ചെയ്യാനായിരുന്നു പദ്ധതി. കുകികളും നാഗകളും തമ്മില്‍ നേരത്തെ പ്രശ്‌നമുള്ളതുകൊണ്ട് അവര്‍ പൊതുശത്രുവായി കണ്ടുകൊള്ളുമെന്ന് വിചാരിച്ചിട്ടാണ് ഈ സംരംഭത്തിലേക്ക് ഇറങ്ങിയത്.
ആര്യ. പി: മണിപ്പൂരിനെ കുറിച്ച് 78 ദിവസത്തിന് ശേഷം മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നടത്തിയ ഖേദപ്രകടനത്തെ വിമര്‍ശിച്ച് ദി ടെലഗ്രാഫ് ദിനപത്രം ’56 ഇഞ്ചിന്റെ തൊലിക്കട്ടിയില്‍ വേദനയും നാണക്കേടും തടയാന്‍ 79 ദിവസം’ എന്ന തലക്കെട്ടില്‍ മുതല കരയുന്ന ചിത്രം പത്രത്തിന്റെ ലീഡ് ഹെഡായി കൊടുത്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായി ഇന്ത്യന്‍ മാധ്യമങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ കൂടിയാണ് ടെലഗ്രാഫിന്റെ ഈ ഇടപെടല്‍. മണിപ്പൂര്‍ വിഷയത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയെ എങ്ങനെയാണ് നോക്കിക്കാണുന്നത്.
പ്രധാനമന്ത്രി നടത്തിയ ഖേദപ്രകടനത്തെ വിമര്‍ശിച്ച ദി ടെലഗ്രാഫ് ദിനപത്രം
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: ഒന്നാമത് ദേശീയ മാധ്യമങ്ങളില്‍ എത്രപേര്‍ക്ക് ഇപ്പോള്‍ ധൈര്യത്തോടെ എഴുതാന്‍ കഴിയും. എഴുതിയിട്ടുള്ള ആളുകളെയെല്ലാം വിലയ്ക്ക് വാങ്ങിയ കാര്യം നമുക്കറിയാം. ഉദാഹരണത്തിന് കരണ്‍ ഥാപ്പര്‍. ഞാന്‍ കണ്ടതില്‍ വെച്ച് അദ്ദേഹമായിരുന്നു സ്റ്റാന്റേര്‍ഡ് ഉള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍. അദ്ദേഹത്തെ പോലുള്ള എത്രയോ എത്രയോ പേര്‍ കൂലിയെഴുത്തുകാരായി മാറേണ്ടി വന്നിരിക്കുന്നു. കേരളത്തില്‍ തന്നെ ചെറിയ ചെറിയ ന്യൂസ് നടത്തുന്ന ആളുകള്‍ ഉണ്ട്. അവരെ എത്രയോ പേരെ ഇവിടെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു. തെഹല്‍ക്കയുടെയൊക്കെ വളരെ ധീരനായിട്ടുള്ള ആളുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്.
ആര്യ. പി: മണിപ്പൂരില്‍ കേന്ദ്രസര്‍ക്കാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന വാദം ഇതികനം ഉയര്‍ന്നുകഴിഞ്ഞു. കലാപകാരികള്‍ക്ക് ഭരണകൂടത്തിന്റെ മൗനാനുവാദം ലഭിച്ചോയെന്ന് സംശയമുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുള്‍പ്പെടെയുള്ളവര്‍ പറയുന്നു. പൊലീസും സൈന്യവും ഉപയോഗിക്കുന്ന ആയുധങ്ങളാണ് അവിടെ കലാപകാരികള്‍ ഉപയോഗിക്കുന്നത്. നേരത്തെ പറഞ്ഞതുപോലെ ഇന്ത്യന്‍ സൈന്യത്തെ പോലും തടഞ്ഞുനിര്‍ത്തി കലാപകാരികളെ മോചിപ്പിച്ച സംഭവം വരെയുണ്ടായി. മണിപ്പൂര്‍ കത്തി എരിയുമ്പോള്‍ ആരും കാര്യമായി സമാധാനത്തിന് ശ്രമിക്കാത്തത്എ ന്തുകൊണ്ടായിരിക്കും. ഈ കലാപം എങ്ങനെ അവസാനിക്കുമെന്നാണ് കരുതുന്നത്?
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: സമാധാനശ്രമത്തിന് വേണ്ടിയാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ നേതാക്കന്‍മാരുമായെല്ലാം രണ്ട് വട്ടം സംസാരിച്ച് കഴിഞ്ഞു. ഇതൊരു സ്പിരിച്വല്‍ വാറും കൂടിയാണ്. അതായത്, കുകികളെ സംബന്ധിച്ച് അവര്‍ 98 ശതമാനം ക്രിസ്ത്യാനികളാണ്. ഇതില്‍ എല്ലാവരും ക്രിസ്ത്യന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നല്ലൊരു പങ്ക് ആളുകളും നമ്മള്‍ പറഞ്ഞാല്‍ കേള്‍ക്കാവുന്ന തരത്തിലുള്ളവരാണ്.
അവിടെ കത്തോലിക്കാ സഭയേക്കാള്‍ ശക്തമായ സഭയുണ്ട്. നാഗാസും സഭയും ഒരുമിച്ച് നിന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ഞങ്ങള്‍ അതിന് ശ്രമിക്കുന്നുണ്ട്. അത് വിജയിച്ചു കഴിഞ്ഞാല്‍ അവിടെ സമാധാനം പുലരാന്‍ എളുപ്പമാണ്.
ആര്യ. പി: മുമ്പെങ്ങുമില്ലാത്ത വിധം ക്രൈസ്തവ സമൂഹം രാാജ്യത്ത് പരക്കെ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഓരോ തവണ അക്രമം നടക്കുമ്പോഴും അതിനെ അപലപിക്കേണ്ടവര്‍ പുലര്‍ത്തുന്ന മൗനം ഭയപ്പെടുത്തുന്നതല്ലേ. ക്രൈസ്തവ സ്ഥാപനങ്ങളില്‍ പഠിച്ചവരും സഭയുമായി വളരെ അടുത്തുനില്‍ക്കുന്നവരും പുലര്‍ത്തുന്ന മൗനത്തെ കുറിച്ച് എന്താണ് പറയാനുള്ളത്. മണിപ്പൂരിന് പുറമെ ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമങ്ങളെ കുറിച്ച് സംസാരിക്കാമോ?
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: നമ്മള്‍ അങ്ങനെ ശബ്ദിക്കാതിരിക്കുന്നില്ല. ആവശ്യത്തിന് ശബ്ദിക്കുന്നുണ്ട്. പാംപ്ലാനി പിതാവിന്റെ കാര്യം തന്നെ പറഞ്ഞല്ലോ. ഞാന്‍ മുഖ്യാതിഥിയായിരുന്ന തൃശൂരില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ അഭിവന്ദ്യ താഴത്തെ പിതാവ് സി.ബി.സി.ഐയുടെ പരമോന്നത പ്രസിഡന്റാണ്. അദ്ദേഹം വളരെ ശക്തമായി സംസാരിച്ചല്ലോ. രാജ്യത്തിലെ ഭരണാധിപന്മാര്‍ക്കെതിരെ വളരെ കൃത്യമായും വ്യക്തമായും സംസാരിച്ചിട്ടുണ്ട്.
ക്ലീമിസ് ബാവ സംസാരിച്ചതായി മനസിലാക്കുന്നുണ്ട്. ഇങ്ങനെയുള്ള എല്ലാവരും പ്രതികരിച്ചിട്ടുണ്ട്. ആരാണ് പ്രതികരിക്കാത്തത്. പക്ഷേ ഞങ്ങളുടെ പ്രതികരണം എന്ന് പറഞ്ഞാല്‍, ക്രൈസ്തവ പ്രതികരണം എന്ന് പറഞ്ഞാല്‍ ഒരു ചെകിടത്ത് അടിച്ചാല്‍ മറുചെകിട് കൂടി കാണിച്ചുകൊടുക്കുന്ന പ്രതികരണമാണ്.
നമ്മള്‍ ആദരിച്ച ഒ.സിയുടെ പാത എന്തായിരുന്നു. അത് അദ്ദേഹത്തിന് എവിടെ നിന്ന് കിട്ടിയതാണ്. ക്രിസ്ത്യന്‍ ധാര്‍മിക മൂല്യത്തില്‍ നിന്ന്. അതായത് പട്ടക്കാരുടേയും മെത്രാന്‍മാരുടേയും പഠിപ്പീരുകൊണ്ട് കിട്ടിയതാണ്. ആ മാര്‍ഗത്തിലൂടെ പോകുന്നവര്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ വിജയമുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
പിന്നെ മണിപ്പൂരിന് പുറമെ നടക്കുന്ന സംഘര്‍ഷങ്ങള്‍. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ചത്തീസ്ഗഡില്‍ നടന്ന പീഡനം. ആ സംഭവത്തെ ശരിയായി മനസിലാക്കാന്‍ ഞങ്ങള്‍ അവിടെ പോയിരുന്നു. അവിടെ പോയി കാര്യങ്ങള്‍ കണ്ട് പഠിച്ച് മനസിലാക്കി. അതിന് പരിഹാരം ലഭിക്കാനായി അവിടുത്തെ പ്രതിപക്ഷവുമായും ഭരണപക്ഷത്തുള്ളവരുമായും സംസാരിച്ചു. ആഭ്യന്തമന്ത്രിയടക്കമുള്ളവരെ നേരിട്ട് കണ്ട് കാര്യങ്ങള്‍ സംസാരിച്ചു. അന്ന് തന്നെ അദ്ദേഹം ഉത്തരവിറക്കി. കര്‍ശന നടപടിയെടുക്കാന്‍ ഓര്‍ഡര്‍ ഇറക്കി. പൊലീസിനെ ചുമതലപ്പെടുത്തി.
അതിന് ശേഷവും വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് ഞങ്ങള്‍ മനസിലാക്കിയപ്പോള്‍ ഫെബ്രുവരിയില്‍ വീണ്ടും പോയി. അവിടെ ഞങ്ങള്‍ അഞ്ച് പേര്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഈ കാര്യങ്ങള്‍ സംസാരിച്ചു. കെ.സി വേണുഗോപാലും ഡീന്‍ കുര്യാക്കോസുമൊക്കെ സമ്മര്‍ദം ചെലുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചത്.
ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍
മുഖ്യമന്ത്രിയുമായി ദീര്‍ഘമായി സംസാരിച്ചു. ഞങ്ങള്‍ പറഞ്ഞപ്പോഴാണ് അദ്ദേഹം പോലും പലതും മനസിലാക്കുന്നത്. കാരണം ഞങ്ങള്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുകയും ജനങ്ങളുടെ വേദന നേരിട്ട് കേള്‍ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. മുഖ്യമന്ത്രി അത് മനസിലാക്കുകയും ഇനി അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ആ സംഭവം ഉടന്‍ തന്നെ അമര്‍ച്ച ചെയ്തു. പിന്നീട് അനിഷ്ടസംഭവങ്ങള്‍ കേട്ടിട്ടില്ല. പിന്നെ യു.പിയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ വലിയ പീഡനം നടക്കുന്നുണ്ട്. അതുപോലെ മധ്യപ്രദേശില്‍ നമ്മുടെ സിസ്റ്റേഴ്‌സും അച്ചന്‍മാരും പാസ്റ്റേഴ്‌സും പീഡിപ്പിക്കപ്പെടുന്നുണ്ട്. അത് തുടരുന്നുണ്ട്. എന്‍ക്രോച്ച്‌മെന്റ് നടക്കുന്നുണ്ട്. ഇവിടെ ഒരു നീതിന്യായ വ്യവസ്ഥിതിയുണ്ട്. അവര്‍ നീതി തരുമെന്ന പ്രതീക്ഷയില്‍ കൂടിയാണ് മുന്നോട്ടുപോകുന്നത്.
ആര്യ. പി: മണിപ്പൂരിലെ പ്രക്ഷോഭം അക്രമാസക്തമായത് ക്രൈസ്തവ സഭയുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും പിന്തുണയോടെയെന്നാണ് ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍ ആരോപിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ക്രൈസ്തവ സഭയുടെ പിന്തുണയോടുകൂടി ക്രൈസ്തവ രാജ്യമാക്കാന്‍ നടത്തിയ ശ്രമങ്ങളെ അവിടെ ഹിന്ദുക്കള്‍ തടയുകയായിരുന്നെന്ന പ്രചരണം കേരളത്തിലുള്‍പ്പെടെ ചിലര്‍ നടത്തുന്നത്. അക്രമികള്‍ മെയ്തി ഹിന്ദുക്കള്‍ക്ക് നേരെ ആസൂത്രിത ആക്രമണം നടത്തുകയാണെന്നുമാണ് ആരോപണം. എന്താണ് ഇതിനോടുള്ള പ്രതികരണം.
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: ഹിന്ദുക്കള്‍ എന്ന് പറയരുത്. മെയ്തി ലീപൂണും അരംപായ് താങ്കൂണും മാത്രമാണ് അതില്‍ പ്രതികള്‍. ഹിന്ദുക്കളല്ല. ഹിന്ദുക്കള്‍ അവിടെ സമാധാനപ്രിയരാണ്. അക്രമികള്‍ മെയ്തി ഹിന്ദുക്കള്‍ക്ക് നേരെ ആസൂത്രിത ആക്രമണം നടത്തുകയാണെന്നൊന്നും ഞങ്ങളോട് ആരും പറഞ്ഞില്ല. അങ്ങനെയല്ല. പിന്നെ ആര്‍.എസ്.എസ് നേരത്തെ തന്നെ ബഞ്ച് ഓഫ് തോട്ട്‌സില്‍ ഈ കാര്യങ്ങള്‍ എഴുതിവെച്ചിട്ടുണ്ടല്ലോ. അവര്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന കാര്യം അവരുടെ രണ്ടാമത്തെ ശത്രുക്കള്‍ ക്രൈസ്തവ സമൂഹമാണ് എന്നതാണ്.
അതില്‍ സ്‌പെസിഫൈ ചെയ്ത് പറഞ്ഞിരിക്കുന്നത് നോര്‍ത്ത് ഈസ്റ്റിനെ കുറിച്ചാണ്. നോര്‍ത്ത് ഈസ്റ്റ് അവരെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാ മലയാണ്.
ഹിന്ദുത്വയും ഹിന്ദുക്കളും രണ്ടാണ്. അതിനെ ആ വിധത്തില്‍ കാണണം.
ഇവിടുത്തെ ഹിന്ദുക്കള്‍ ഞങ്ങളെ സ്‌നേഹിക്കുന്നവരും ഞങ്ങള്‍ സ്‌നേഹിക്കുന്നവരുമാണ്. ഒരു മാംസത്തിന്റെ മാംസവും ശരീരത്തിന്റെ ശരീരവും രക്തത്തിന്റെ രക്തവുമായിട്ട് ഒരു കുടുംബത്തില്‍ ഒരു പായയില്‍ കിടന്നുറങ്ങുന്ന ജനങ്ങളാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് ഒരു പക്ഷഭേദവും ഒരു കക്ഷി ഭേദവുമില്ല. എന്നാല്‍ ഹിന്ദുത്വ എന്ന ചാതുര്‍വര്‍ണ്യത്തിലേക്ക് മടക്കിക്കൊണ്ടുപോകാനായിട്ട് ഇവിടെ വിപ്ലവം ഉണ്ടാക്കി ഹിന്ദുത്വ അജണ്ട നടപ്പിലാക്കിക്കൊണ്ട് ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കണം എന്ന് ആഗ്രഹിക്കുന്നവരുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍.
ആര്യ. പി: മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു കഴിഞ്ഞു. കലാപം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും 2002ലെ ഗുജറാത്ത് വംശഹത്യപോലെയാണ് മണിപ്പൂര്‍ കലാപമെന്ന് ജോസഫ് പാംപ്ലാനിക്ക് പറയേണ്ടി വന്നു. കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബി.ജെ.പിയെ സഹായിക്കുമെന്ന പാംപ്ലാനിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ആ നിലപാടില്‍ നിന്നാണ് ഇന്നീ നിലപാടിലേക്ക് അദ്ദേഹത്തിന് മാറേണ്ടി വരുന്നത്. എങ്ങനെയാണ് ഈ നിലപാടുകളെ നോക്കിക്കാണുന്നത്?
ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: അത് പിതാവിനോട് ചോദിക്കണം. അദ്ദേഹം അതിന് മറുപടി പറഞ്ഞിട്ടുണ്ട്. ഞാന്‍ പിതാവിന്റെ വക്താവല്ല.
ആര്യ. പി: മണിപ്പൂരില്‍ ന്യൂനപക്ഷത്തിനുനേരെ നടന്ന വംശഹത്യ മുന്‍നിര്‍ത്തി ബി.ജെ.പിയോടുള്ള സമീപനത്തില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ക്രൈസ്തവ സഭാ നേതൃത്വത്തെ കാണുമെന്ന് കേരള കോണ്‍ഗ്രസ് അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് കേരളത്തിലും പുറത്തും ക്രൈസ്തവ വിഭാഗങ്ങളെ അടുപ്പിക്കാന്‍ ബി.ജെ.പി നടത്തിവന്ന നീക്കങ്ങളോട് ജാഗ്രത വേണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. മണിപ്പൂരിലെ കലാപബാധിത മേഖലകളില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ ശേഷമാണ് ജോസ്. കെ. മാണിയുള്‍പ്പെടെയുള്ളവര്‍ ഈ നിലപാടെടുത്തത്. ക്രൈസ്തവ വിഭാഗങ്ങളെ തങ്ങളോടടുപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തെ എങ്ങനെയാണ് കാണുന്നത്.?
ജോസ്. കെ. മാണി
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: ബി.ജെ.പി എന്ന് പറയുന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയോട് നമുക്ക് തൊട്ടുകൂടായ്മയില്ല. നമ്മള്‍ ചാതുര്‍വര്‍ണ്യത്തില്‍ വിശ്വസിക്കുന്നവരല്ല. അതുകൊണ്ട് നമ്മള്‍ എല്ലാവരേയും സ്‌നേഹിക്കുകയും കരുതുകയുമാണ്. ശത്രുവായാലും വിശക്കുന്നവന് ഭക്ഷണവും ദാഹിക്കുന്നവന് വെള്ളം കൊടുക്കണമെന്ന പോളിസിയുള്ള ക്രൈസ്തവ സമൂഹത്തിന് എല്ലാവരേയും ഉള്‍ക്കൊള്ളാനും എല്ലാവരേയും സ്‌നേഹിക്കാനും സ്‌നേഹസംവാദം നടത്താനുള്ള അധികാര അവകാശങ്ങള്‍ ഉണ്ട്.
ചിലയാളുകള്‍ അവരുമായി നമ്മുടെ രാജ്യത്തിന്റെ പൊതുവായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ പലതും ചര്‍ച്ച ചെയ്തിട്ടുണ്ടാകും. അതുകൊണ്ടൊന്നും തന്നെ സഭ അങ്ങനെ ഒരു നിലപാടെടുത്തു എന്ന് ഞാന്‍ മനസിലാക്കിയിട്ടില്ല. സഭയ്ക്ക് വേണ്ടി സംസാരിച്ചിട്ടുള്ള ആളുകള്‍ എന്നോട് സംസാരിച്ചപ്പോള്‍ അവര്‍ കൃത്യമായി എന്നോട് പറഞ്ഞിട്ടുണ്ട് അങ്ങനെ ഒരു നിലപാടും സഭയ്ക്ക് ഇല്ലെന്നും സമീപന മാറ്റം സംഭവിച്ചിട്ടില്ലെന്നും.
ആര്യ. പി: മണിപ്പൂര്‍ സന്ദര്‍ശിച്ച വൈദിക സംഘം അവിടുത്തെ സാഹചര്യം വിശദീകരിച്ചതിന് പിന്നാലെയാണോ കേരളത്തില്‍ കത്തോലിക്കാ സഭ ഉള്‍പ്പെടെ ബി.ജെ.പിക്കെതിരെ സ്വരം കടുപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ കത്തോലിക്കാ മതമേലധ്യക്ഷന്‍മാര്‍ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നത്. മോദിയുടെ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ സുരക്ഷിതരാണെന്ന് മൂന്ന് മാസം മുന്‍പായിരുന്നു സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറയുന്നത്?
സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: പിതാക്കന്‍മാരുടെ വക്താവായി എന്നെ വെച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് എന്നില്‍ നിന്നും മറുപടി പ്രതീക്ഷിക്കേണ്ട.
ആര്യ. പി: മണിപ്പൂരില്‍ നടക്കുന്നത് രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നാണ് തങ്ങള്‍ ആദ്യം കരുതിയത് എന്നായിരുന്നു കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെ.സി.ബി.സി) വക്താവ് ഫാദര്‍ ജേക്കബ്ബ് പാലപ്പിള്ള നേരത്തെ പറഞ്ഞിരുന്നത്. പിന്നീടാണ് ക്രിസ്ത്യന്‍ പള്ളികളേയും സ്ഥാപനങ്ങളേയും പ്രത്യേകമായി ലക്ഷ്യമിടുകയാണ് എന്ന് തങ്ങള്‍ മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഭാ നേതാക്കള്‍ എങ്ങനെയാണ് ഈ വിഷയത്തെ മനസിലാക്കിയത്, ഇംഫാലിലെ ആര്‍ച്ച് ബിഷപ്പുമാര്‍ ആരെങ്കിലും കേരളത്തിലെ സഭാ നേതാക്കളെ ബന്ധപ്പെട്ടിരുന്നോ?
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: നമ്മള്‍ എല്ലാവരും അങ്ങനെ തന്നെയല്ലേ വിശ്വസിച്ചത്, നിങ്ങളും അങ്ങനെ തന്നെയല്ലേ വിശ്വസിച്ചത്. എല്ലാവരും തുടക്കത്തില്‍ അങ്ങനെയാണ് വിശ്വസിച്ചത്. പിന്നീടാണ് എല്ലാവരും കാര്യങ്ങള്‍ തിരിച്ചറിയുന്നത്. സത്യം എന്താണെന്ന് മനസിലാക്കാന്‍ വേണ്ടി ഞാന്‍ ഉള്‍പ്പെടെയുള്ള സംഘം അവിടേക്ക് പോകുകയും വിശദമായി കാര്യങ്ങള്‍ പഠിക്കുകയും ചര്‍ച്ച ചെയ്യുകയുമൊക്കെ ചെയ്തപ്പോഴാണ് കാര്യങ്ങളില്‍ വ്യക്തത വന്നത്.
ഒന്നാമത് മെയ്തി വിഭാഗക്കാര്‍ ഗോത്രമല്ല, അവരില്‍ എസ്.സി വിഭാഗമുണ്ട്. ഒ.ബി.സി വിഭാഗമുണ്ട്. ക്ഷത്രിയരുണ്ട്. ബ്രാഹ്‌മിണ്‍സുണ്ട്. അവര്‍ 300 വര്‍ഷം മുന്‍പ് ഗോത്രവര്‍ഗമായിരുന്നെന്നും എന്നാല്‍ ഇന്ന് അങ്ങനെ അല്ലെന്നും അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ രണ്ട് ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്ന് പ്രചരിപ്പിച്ചത് ഓര്‍ഗൈനസിങ് ആയിട്ടുള്ള കാര്യങ്ങള്‍ കൊണ്ട് തന്നെയാണല്ലോ.
വ്യാജ വാര്‍ത്ത വ്യാപാരികള്‍ എപ്പോഴും ആഗ്രഹിക്കുന്നത് വ്യാജം പടച്ചുവിടാനാണ്. അത് ഹോള്‍സെയില്‍ ആയിട്ടുള്ള ആള്‍ക്കാരില്‍ നിന്നും റീട്ടേയ്ല്‍ ആയി എടുത്ത് ചിലര്‍ പ്രചരിപ്പിക്കുന്നു. ക്രൈസ്തവഗ്രൂപ്പിലുള്ള ആളുകളും അതെടുത്ത് വ്യാപാരം ചെയ്യുന്നുണ്ട്. ഇല്ലെന്നൊന്നും പറയുന്നില്ല. ആ വ്യാപാരത്തില്‍ അവര്‍ക്ക് എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്നൊന്നും എനിക്കറിയല്ല. അത് ആത്യന്തികമായിട്ട് നഷ്ടക്കച്ചവടമായി മാറുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ആര്യ. പി: ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയവ കേരളത്തില്‍ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് ഉയര്‍ത്തുന്ന വാദങ്ങളാണ്. അവിടെ കുകി വിഭാഗങ്ങള്‍ക്ക് നേരേയും ഇതേ രീതിയിലുള്ള ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. ഈ സമാനതയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: ജിഹാദിനകത്ത് എവിടെയാണ് ലവ് ഉള്ളത്. ജിഹാദ് എന്ന വാക്കും ലവ് എന്ന വാക്കും എങ്ങനെയാണ് ചേരുക. എന്നാല്‍ ട്രാപ്പുണ്ട്. പലയിടങ്ങളിലും യുവതികളെ ട്രാപ്പ് ചെയ്ത് കൊണ്ടുപോകുന്നുണ്ട്. അത് നിഷേധിക്കാനാവില്ല. ആ കാര്യങ്ങള്‍ അതേപോലെ കാണണം. അതിന്റെ പ്രതിവിധിയെന്നത് ഐഡിയോളജിക്കലായിട്ടുള്ള ഡിസ്‌ക്കഷനും ഡിബേറ്റും നടത്തുകയെന്നതാണ്. ഐ.എസ്.ഐ.എസില്‍ ചേര്‍ന്ന കുട്ടികള്‍ ഇവിടെ നിന്ന് പോയവരല്ലേ. അത് ട്രാപ്പല്ലായിരുന്നോ.
അതിനെ ഉദ്ദേശിച്ചാണ് ഈ വാക്ക് വരുന്നത്. പക്ഷേ പറഞ്ഞ രീതി ശരിയായില്ല. ഇത് ഇന്നല്ല. തുടക്കത്തില്‍ തന്നെ ഞാന്‍ അങ്ങനെ തന്നെയാണ് വിശേഷിപ്പിച്ചത്. ട്രാപ്പിങ് നടക്കുന്നുണ്ട്. നമ്മുടെ കുട്ടികളെ നമുക്ക് നഷ്ടപ്പെട്ടുകൂടാ. വിവാഹം കഴിക്കാന്‍ വേണ്ടിയിട്ടാണെങ്കില്‍ മതംമാറേണ്ട ആവശ്യമുണ്ടോ. ഒരാള്‍ പ്രണയിക്കുമ്പോള്‍ അത് യഥാര്‍ത്ഥ സ്‌നേഹമാണെങ്കില്‍ ആ വ്യക്തിയെയല്ലേ സ്‌നേഹിക്കുന്നത് മതത്തെ അല്ലല്ലോ. ആ മതത്തിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുമ്പോഴാണ് പ്രയാസം വരുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ കുടുംബത്തില്‍ നിന്ന് അകലുകയാണ്. അത് പൊതുസമൂഹത്തിന് മനസിലാക്കാവുന്നതേയുള്ളൂ. ഞാന്‍ ഈ വിഷയം മുസ്‌ലിം ലീഗിന്റെ നേതാക്കന്‍മാരുമായി മണിപ്പൂരില്‍ വെച്ച് ചര്‍ച്ച ചെയ്തിരുന്നു.
കുകി ട്രൈബല്‍സിനെതിരെ അവിടെ ആരോപണം വരുന്നത് ഈ തരത്തിലല്ല. വേറെ രണ്ട് തരത്തിലാണ്. കുക്കി ട്രൈബല്‍സ് കറുപ്പ് കൃഷി നടത്തുന്നു എന്നാണ് ഒന്നാമത് പറഞ്ഞത്. അതിന് മറുപടിയായി കുക്കികള്‍ തന്നെ പിടിച്ചെടുക്കപ്പെട്ട ഹെറോയ്ന്‍ ആരുടെ കൈയില്‍ നിന്നാണോ പിടിച്ചെടുതത് എന്ന് വ്യക്തമാക്കി. ആ സാധനം മുഖ്യമന്ത്രിയുടെ രണ്ടാമത്തെ ഭാര്യയായ ഒലീഷിന്റെ വസ്തുവാണെന്ന് വളരെ കൃത്യമായി ഐഡന്റിഫൈ ചെയ്യുകയും അതിന്റെ പേരില്‍ കേസ് നടക്കുകയും ചെയ്യുന്നുണ്ട്.
ആര്യ. പി: എന്‍.ഡി.എക്കും അതിന് നേതൃത്വം കൊടുക്കുന്ന ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരെ ഒരു പുതിയ പ്രതിപക്ഷ സഖ്യം രൂപപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ 26 പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി ഇന്ത്യ എന്ന പേരിലാണ് പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യ ജയിക്കുമെന്ന ടാഗ് ലൈനോട് കൂടിയാണ് ഈ സഖ്യം പിറവിയെടുത്തിരിക്കുന്നത്. എത്രത്തോളം പ്രതീക്ഷയാണ് ഈ പുതിയ പ്രതിപക്ഷ സഖ്യത്തില്‍ താങ്കള്‍ക്കുള്ളത്?
പ്രതിപക്ഷ നേതാക്കള്‍ ബെംഗളൂരുവിലെ യോഗത്തില്‍
ഫാ. ജോണ്‍സണ്‍ തേക്കടയില്‍: എനിക്ക് വളരെ പ്രതീക്ഷയുണ്ട്. ഇന്ത്യ എന്ന് പറയുന്ന നമ്മുടെ ത്രിവര്‍ണ പതാക പോലെ തന്നെ എല്ലാവരേയും ഉള്‍ക്കൊണ്ട്‌കൊണ്ട് ഒരുമിച്ച് മുന്നോട്ടുപോകുന്ന മനോഹരമായ രാജ്യമാണ്. ‘ഇന്ത്യ എന്റെ രാജ്യമാകുന്നു എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്‍മാരാകുന്നു എന്ന്ബാല്യം മുതലേ പ്രതിജ്ഞ എടുത്തുകൊണ്ട് വളര്‍ന്ന എന്റെ തലച്ചോറില്‍ ഒരിക്കലും മറക്കാത്ത ആ പ്രതിജ്ഞാ വാചകം ഉള്ളിടത്തോളം കാലം ഇന്ത്യയില്‍ ഒരു നല്ല ഭരണഘടന ഉള്ളിടത്തോളം കാലം ആ ഭരണഘടനയില്‍ ഞാന്‍ പൂര്‍ണമായും വിശ്വാസം അര്‍പ്പിക്കുന്നിടത്തോളം കാലം അത് വിജയിക്കുക തന്നെ ചെയ്യും. ഇപ്പോഴുള്ള ഈ ദുരന്തങ്ങള്‍ മാറുമെന്നതില്‍ എനിക്ക് സംശയമില്ല.