ന്യൂദല്‍ഹി: ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫൈറോസ് ഖാന്‍ പുറത്ത്. പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകയും ചത്തീസ്ഗഢില്‍ നിന്നുള്ള സംഘടനാ ഭാരവാഹിയുമായ യുവതിയാണ് ഫൈറോസ് ഖാനെതിരെ നേതൃത്വത്തിനും പൊലീസിനും പരാതി നല്‍കിയിരുന്നത്.
ഫൈറോസ് ഖാന്റെ രാജി രാഹുല്‍ഗാന്ധി അംഗീകരിച്ചിട്ടുണ്ട്. ജമ്മുകശ്മീരില്‍ നിന്നുള്ള നേതാവാണ് ഫൈറോസ് ഖാന്‍. യുവതിയുടെ പരാതിയില്‍ പാര്‍ട്ടി മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിന് പിന്നാലെയാണ് ഫൈറോസിന്റെ രാജി.
അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഫൈറോസ് ഖാന്റെ രാജി. അഖിലേന്ത്യ മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ്, ലോക്സഭ എംപി ദീപേന്ദ്രര്‍ ഹൂഡ, നാഷണല്‍ മീഡിയ പാനലിസ്റ്റ് രാഗിണി നായക് എന്നിവരാണ് കമ്മിറ്റിയിലുണ്ടായത്.
അതേസമയം ഫൈറോസ് ഖാനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നും ഇത് ഫൈറോസ് കോടതിയില്‍ തെളിയിക്കുമെന്നും എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി സൈമോണ്‍ ഫാറൂഖി പ്രതികരിച്ചു.
ദില്ലി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ഫൈറോസിനെതിരെ പൊലീസ് പരാതി നല്‍കിയിരുന്നത്.