Kerala News
'എല്ലാവരും സ്ഥാനാര്‍ത്ഥി ലിസ്റ്റ് പരിശോധിക്കേണ്ടതാണ്'; ചോദിക്കാതെയും പറയാതെയും സ്ഥാനാര്‍ത്ഥിയാക്കുന്ന ബി.ജെ.പിയെ പരിഹസിച്ച് എന്‍.എസ് മാധവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 15, 06:10 am
Monday, 15th March 2021, 11:40 am

 

മാനന്തവാടി: മാനന്തവാടിയില്‍ ബി.ജെ.പി അനുവാദം ചോദിക്കാതെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന ഗുരുതര ആരോപണവുമായി മണിക്കുട്ടന്‍ മുന്നോട്ടു വന്നതിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.

സ്ഥാനാര്‍ത്ഥി ലിസ്റ്റ് എല്ലാവരും പരിശോധിക്കുന്നത് നന്നായിരിക്കും എന്നാണ് എന്‍.എസ് മാധവന്‍ പറഞ്ഞത്. മണിക്കുട്ടനെ ബി.ജെ.പി അറിയിക്കാതെ സ്ഥാനാര്‍ത്ഥിയെക്കെന്ന വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ടായിരുന്നു എന്‍.എസ് മാധവന്റെ പ്രതികരണം.

ബി.ജെ.പി ദേശീയ നേതൃത്വം നിര്‍ദേശിച്ച മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മണിക്കുട്ടന്‍ പിന്മാറിയിരുന്നു.

മണിക്കുട്ടന്റെ സമ്മതമില്ലാതെയാണ് ബി.ജെ.പി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പണിയ ആദിവാസി സമുദായത്തില്‍ പെട്ടയാളാണ് ഇദ്ദേഹം. ഈ വിഭാഗത്തില്‍ നിന്നുള്ള ആദ്യ എം.ബി.എ കാരന്‍ കൂടിയാണ് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ടീച്ചിങ് അസിസ്റ്റന്റായ മണിക്കുട്ടന്‍.

പണിയ വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ദേശീയ നേതൃത്വം മണിക്കുട്ടനെ നിര്‍ദേശിച്ചത്. ബി.ജെ.പിയുടെ ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ മണിക്കുട്ടന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു.

ഇന്നേവരെ ഇടതുവലതു മുന്നണികള്‍ പണിയ സമുദായത്തില്‍ നിന്നൊരാളെയും നിയമസഭയിലേക്കോ ലോക്സഭയിലേക്കോ സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ല.

ഈ സാഹചര്യം മുതലെടുക്കാനാണ് ബി.ജെ.പി ശ്രമിച്ചതെങ്കിലും താന്‍ ബി.ജെ.പി അനുഭാവിയല്ലെന്നും തൊഴിലെടുത്ത് കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്തിറക്കിയ വീഡിയോയില്‍ മണിക്കുട്ടന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: NS Madhavan Criticizes BJP over Manikuttan’s candidacy in Wayanad