2006 ജനുവരിയില്‍ ഫൈസലാബാദില്‍ നടന്ന മത്സരമാണ്. പാക്കിസ്ഥാന്റെ 588നെതിരെ 281 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ ഫോളോ ഓണ്‍ മണത്ത ഇന്ത്യന്‍ ടീമിന്റെ രക്ഷക്കായി എത്തിയത് എം.എസ്. ധോണിയുടെയും ഇര്‍ഫാന്‍ പത്താന്റെയും വെടിക്കെട്ട് തീര്‍ത്ത പാര്‍ട്ണര്‍ഷിപ്പാണ്.
മുഹമ്മദ് ആസിഫും ഷൊയിബ് അക്തറും ഡാനിഷ് കനേരിയയും ഷാഹിദ് അഫ്രീദിയും അബ്ദുല്‍ റസാഖുമടങ്ങുന്നതാണ് പാക്ക് ബൗളിങ്. ഇവരെ പലപ്പോഴും ടി20 സ്‌റ്റൈലിലായിരുന്നു ധോണിയും പത്താനും നേരിട്ടത്.
പാര്‍ട്ണര്‍ഷിപ്പ് തുടങ്ങിയ സമയം രണ്ട് പേരും അറ്റാക്കിങ് മോഡിലായിരുന്നു, കനേരിയയും റസാഖുമായിരുന്നു ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്. ധോണി അര്‍ധ സെഞ്ച്വറി തികക്കുന്നത് തന്നെ വെറും 34 പന്തുകളിലാണ്. പിന്നീട് ഇരുവരും കുറച്ചു നേരത്തേക്ക് ഒന്നൊതുങ്ങി. ഷൊയിബ് അക്തറെ ധോണി ഒരോവറില്‍ നാല് ബൗണ്ടറികള്‍ക്ക് പായിക്കുന്നത് വരെ മാത്രമായിരുന്നു ഈ ശാന്തത.
ഇരുവരും 210 റണ്‍സിന്റെ വിലപ്പെട്ട പാര്‍ട്ണര്‍ഷിപ്പ് അവിടെ പടുത്തുയര്‍ത്തുമ്പോള്‍ ഇന്ത്യ ഏകദേശം തോല്‍വി ഒഴിവാക്കിയിരുന്നു.
ധോണി 135ഉം പത്താന്‍ 63ഉം റണ്‍സാണ് ആ പാര്‍ട്ണര്‍ഷിപ്പില്‍ സ്വന്തമാക്കിയത്. പിന്നീട് പത്താന്റെയും ഹര്‍ഭജന്റെയും സഹീറിന്റെയും കുംബ്ലെയുടെയും കൂട്ടായ ശ്രമത്തില്‍ ലീഡും നേടിയാണ് ഇന്ത്യയുടെ ഈ ഇന്നിങ്ങ്‌സ് അവസാനിക്കുന്നത്.
ധോണിയുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു അന്ന് നേടിയത്. തന്റെ അഞ്ചാമത്തെ ടെസ്റ്റിലന്ന് അയാള്‍ സ്വന്തമാക്കിയത് 153 പന്തില്‍ 19 ഫോറും നാല് സിക്‌സറുമടക്കം 148 റണ്‍സ്. ബൗണ്ടറികളിലൂടെ മാത്രം നേടിയത് 100 റണ്‍സ്.
ധോണി തന്റെ ആദ്യ ഏകദിന സെഞ്ച്വറി നേടുന്നതും തന്റെ അഞ്ചാം മത്സരത്തിലാണ്,
അന്നും എതിരാളികള്‍ പാക്കിസ്ഥാനാണ്. അന്നും വ്യക്തിഗത സ്‌കോര്‍ 148. ധോണിയുടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കരിയറിലെ ഏറ്റവുമുയര്‍ന്ന ഐഡന്റിക്കല്‍ സ്‌കോറും ഈ 148 തന്നെ.