തിരുവനന്തപുരം: മാര്‍ ഇവാനിയോസ് കോളേജ് ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് പരിശീലന ക്യാമ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്.
ഏപ്രില്‍ 18 (ഞായര്‍) മുതലാണ് കോളേജ് ഗ്രൗണ്ടില്‍ ക്യാമ്പ് ആരംഭിച്ചത്. മെയ് രണ്ടിന് നടക്കുന്ന ഓഫീസേഴ്സ് ട്രെയിനിങ് ക്യാമ്പിന്റെ ഭാഗമായ പരിശീലനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പരിശീലനത്തിന് ആരാണ് അനുമതി നല്‍കിയത് എന്നതില്‍ വ്യക്തതയില്ല. റിപ്പോര്‍ട്ട് പ്രകാരം, കോളേജ് മാനേജ്‌മെന്റോ പ്രിന്‍സിപ്പലോ അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം.
മാര്‍ ഇവാനിയോസ് കോളേജിന് പുറമെ മാര്‍ബസേലിയസ് സ്‌കൂള്‍ അടക്കമുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും ആര്‍.എസ്.എസ് ക്യാമ്പ് നടക്കുന്ന അതേ ഗ്രൗണ്ട് തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഗ്രൗണ്ട് കൂടുതലായും ഉപയോഗിച്ച് വരുന്നത് മാർ ഇവാനിയോസ് കോളേജാണ്
സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ രംഗത്തെത്തി. ആര്‍.എസ്.എസ് പരിശീലനത്തിന് ആരാണ് കോളേജ് ഗ്രൗണ്ട് വിട്ടുനല്‍കിയതെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചോദ്യമുയര്‍ത്തി.
കോളേജിനുള്ളിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കൊടികള്‍ പോലും കൊണ്ടുപോകാന്‍ കഴിയാറില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അതേസമയം കോളേജ് മറ്റു പരിപാടികള്‍ക്ക് വിട്ടുകൊടുക്കാറില്ലെന്നും പരിശീലനത്തിന് ആരാണ് അനുമതി നല്‍കിയതെന്ന് അറിയില്ലെന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്.
Content Highlight: RSS training camp at college grounds in Thiruvananthapuram