ബേസില്‍ ജോസഫ് നായകനായി വിഷു റിലീസായി എത്തിയ ചിത്രമാണ് മരണമാസ്സ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശിവപ്രസാദാണ്. വാഴ, ഗുരുവായൂരമ്പലനടയില്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ്സ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് മരണമാസ്സ് നിര്‍മിച്ചത്.
എന്നാല്‍ ചിത്രത്തിന്റെ കാസ്റ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയ വ്യക്തിയുണ്ടെന്ന കാരണത്താല്‍ സൗദിയിലും കുവൈത്തിലും സിനിമ നിരോധിച്ചിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കുകയാണ് സിജു സണ്ണി.
എഴുതുമ്പോഴും സിനിമ എടുത്തപ്പോഴും പ്രശ്‌നമുണ്ടാകുമെന്ന ഒരു സൂചനയും വന്നിട്ടില്ലെന്നും അതിനുശേഷമാണ് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്ന് അറിയുന്നതെന്നും സിജു സണ്ണി പറഞ്ഞു.
ഒരാളെ അഭിനയിപ്പിച്ചു എന്നുള്ളതുകൊണ്ട് പ്രദര്‍ശിപ്പിക്കില്ല എന്നറിഞ്ഞപ്പോഴാണ് തങ്ങള്‍ ഞെട്ടിപ്പോയെന്നും ഈ സിനിമയില്‍ നോര്‍മലൊരു ക്യാരക്ടറാണെന്നും പക്ഷെ, അഭിനയിപ്പിച്ചു എന്നുള്ളതുകൊണ്ട് സൗദിയില്‍ ബാന്‍ ചെയ്യാന്‍ പറഞ്ഞപ്പോഴും കുവൈത്തില്‍ ശബ്ദം പോലും വരാന്‍ പാടില്ലെന്ന് പറഞ്ഞ് കട്ട് ചെയ്യണം എന്നുപറഞ്ഞപ്പോഴും തങ്ങള്‍ ഞെട്ടിപ്പോയെന്നും സിജു സണ്ണി വ്യക്തമാക്കി.
എന്തൊരു നിയമമാണെന്നും പക്ഷെ, അവിടുത്തെ നിയമങ്ങളും മാറി വരുന്നുണ്ടെന്നും പോകെപ്പോകെ ഇതും മാറുമെന്നും സിജു കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടർ ചാനലിനോട് സംസാരിക്കുകയായിരുന്നു സിജു സണ്ണി.
‘എഴുതുമ്പോഴും സിനിമ എടുത്തപ്പോഴും പ്രശ്‌നമുണ്ടാകുമെന്ന ഒരു സൂചനയും വന്നിട്ടില്ല. അതിനുശേഷമാണ് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്ന് അറിയുന്നത്. ഒരാളെ അഭിനയിപ്പിച്ചു എന്നുള്ളതുകൊണ്ട് പ്രദര്‍ശിപ്പിക്കില്ല എന്നറിഞ്ഞപ്പോഴാണ് നമ്മള്‍ ഞെട്ടിപ്പോയത്.
ഈ സിനിമയില്‍ മറ്റൊരു തരത്തിലുമുള്ള സീനുകളില്ല. നോര്‍മലൊരു ക്യാരക്ടറാണ്. അംഗന്‍വാടിയിലെ ടീച്ചര്‍ എന്ന ക്യാരക്ടറാണ് കൊടുത്തിരിക്കുന്നത്. പക്ഷെ, അഭിനയിപ്പിച്ചു എന്നുള്ളതുകൊണ്ട് സൗദിയില്‍ ബാന്‍ ചെയ്യുക. കുവൈത്തില്‍ വോയിസ് പോലും വരാന്‍ പാടില്ലെന്ന് പറഞ്ഞ് കട്ട് ചെയ്യുക എന്നുപറഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. അതെന്തൊരു നിയമമാണ്. പിന്നെ അവിടത്തെ നിയമങ്ങളും മാറി വരുന്നുണ്ട്. പോകെപ്പോകെ ഇതും മാറും,’ സിജു സണ്ണി പറയുന്നു.
Content Highlight: I was shocked when that film banned for acting a trans person says Siju Sunny