മുംബൈ: ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മഹാരാഷ്ട്ര ഭാഷ സമിതി രംഗത്ത്.
കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മറാത്തിക്കും ഇംഗ്ലീഷിനും പുറമേ മൂന്നാം ഭാഷയായി ഹിന്ദിയും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് സമിതി പരസ്യമായി രംഗത്ത് വന്നത്.
ഇത് സംബന്ധിച്ച് സമിതി അംഗങ്ങള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തയച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ നീക്കം അക്കാദമികപരമായി ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും ഇത് വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെപ്പോലും ദോഷകരമായി ബാധിക്കും എന്നുമാണ് സമിതി ഈ കത്തില്‍ പറയുന്നത്.
ഏപ്രില്‍ 17ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രമേയത്തില്‍ 2026-27 അധ്യയന വര്‍ഷം മുതല്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയാക്കി എന്നും ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായ പുതിയ സിലബസ് ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്നും പറഞ്ഞിരുന്നു.
ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം സര്‍ക്കാരിന് വലിയ രീതിയിലുള്ള വിമര്‍ശനം നേരിട്ടിരുന്നു. മറാത്തിയടക്കം പന്ത്രണ്ടാം ക്ലാസ് വരെ രണ്ട് ഭാഷകള്‍ മാത്രം പഠിപ്പിച്ചാല്‍ മതിയെന്നാണ് സമിതിയുടെ നിര്‍ദേശം.
‘ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഒരു ഭാഷയും നിര്‍ബന്ധമാക്കിയിട്ടില്ല. മറിച്ച്, മാതൃഭാഷയിലൂടെയാണ് വിദ്യാഭ്യാസം നല്‍കേണ്ടതെന്ന് എന്‍.ഇ.പി പറയുന്നു. അതിനാല്‍, മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധമാക്കുന്നത് ശരിയല്ല,’ കത്തില്‍ പറയുന്നു.
ഒന്നാം ക്ലാസ് മുതല്‍ മറാത്തിക്കും ഇംഗ്ലീഷിനും പുറമേ ഹിന്ദിയും നിര്‍ബന്ധമാക്കാനുള്ള തീരുമാനം വിദ്യാര്‍ത്ഥികള്‍ക്ക് അധിക ഭാരമാകുമെന്ന് സംസ്ഥാന ഭാഷാ കണ്‍സള്‍ട്ടേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ലക്ഷ്മികാന്ത് ദേശ്മുഖും നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ പാനലിന്റെ കത്ത് താന്‍ വായിച്ചിട്ടില്ലെന്നും ഹിന്ദി മറാത്തിക്ക് പകരമല്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. ‘മറാത്തി നിര്‍ബന്ധമാണ്. അതേസമയം എന്‍.ഇ.പി പ്രകാരം മൂന്ന് ഭാഷകള്‍ പഠിക്കേണ്ടത് നിര്‍ബന്ധമാണ്, അതില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കണം. അതിനാല്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഭാഷാ പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍, ഹിന്ദി പഠിപ്പിക്കാന്‍ ആവശ്യമായ ഫാക്കല്‍റ്റി ഉള്ളതിനാല്‍ അവര്‍ ഹിന്ദി തിരഞ്ഞെടുക്കുകയായിരുന്നു,’ ഫഡ്‌നാവിസ് പറഞ്ഞു.
Content Highlight: Maharashtra Language Committee opposes government’s decision to not teach Hindi from class 1